കോഴിക്കോട്
കോഴിക്കോട് കലക്ടറേറ്റിൽ ചൊവ്വാഴ്ച നടന്ന ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയിൽ അങ്കമാലിയിൽനിന്നൊരു യുവ വ്യവസായി എത്തി, ചുവപ്പുനാടയിൽ കുടുങ്ങി ഇല്ലാതാകുമായിരുന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചതിന് മന്ത്രി പി രാജീവിനോട് നന്ദി പറയാൻ.- 150 കിലോമീറ്ററോളം താണ്ടിയെത്താൻ രാജു ജോർജിന് ഇത് മാത്രമായിരുന്നു കാരണം. വ്യവസായ മന്ത്രി പി രാജീവിന്റെ ഇടപെടലിലൂടെ ‘ഇക്കോ ബെസ്റ്റ് ബെൽ’ എന്ന സംരംഭത്തിന് പുതുജീവൻ ലഭിച്ചതിന്റെ സന്തോഷം പങ്കിട്ടാണ് ഇദ്ദേഹം മടങ്ങിയത്.
കേന്ദ്രസർക്കാരിന്റെ യുവ വ്യവസായി അവാർഡ് നേടിയ രാജു ജോർജ് ഓസ്ട്രേലിയയിൽ വൻശമ്പളമുള്ള ജോലി രാജിവച്ചാണ് അങ്കമാലിയിൽ സംരംഭവുമായി എത്തുന്നത്. രണ്ടുവർഷംമുമ്പ് മൂന്ന് കോടി രൂപ മുതൽ മുടക്കിൽ കെട്ടിടനിർമാണ മേഖലയിൽ ജോലി എളുപ്പമാക്കുന്ന‘ ഡ്രൈമിക്സ് കോൺക്രീറ്റ് സൊല്യൂഷൻ’ എന്ന സ്ഥാപനം തുടങ്ങി. എന്നാൽ ഉദ്യോഗസ്ഥരുടെ കടുംപിടുത്തവും മെല്ലെപ്പോക്കും വിനയായി. ഒടുവിൽ വൈദ്യുതി ലഭിക്കണമെങ്കിൽ ആറുലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കെഎസ്ഇബി അറിയിച്ചു. വ്യവസായ എസ്റ്റേറ്റിലാണ് സ്ഥാപനമെങ്കിലും ഇളവ് ലഭിച്ചില്ല.
കഴിഞ്ഞ മാസം മന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന ‘മീറ്റ് ദി മിനിസ്റ്റർ’ പരിപാടിയിൽ പരാതിയുമായി എത്തി. പ്രശ്നം ബോധ്യപ്പെട്ട മന്ത്രിയുടെ ഇടപെടൽ അതിവേഗത്തിലായിരുന്നു. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. രണ്ടാഴ്ചയ്ക്കുശേഷം വ്യവസായ വാണിജ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടർ അന്വേഷണവും നടത്തി. സംരംഭത്തിൽ ഇപ്പോൾ മുപ്പതോളം പേർ തൊഴിലെടുക്കുന്നു. ‘ഇതുപോലെയൊരു വ്യവസായ നയം മുമ്പുണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ വ്യവസായ ചിത്രം മറ്റൊന്നാകുമായിരുന്നു’ –-രാജു ജോർജ് പറയുന്നു.