‘യക്ഷികളും ഗന്ധര്‍വ്വന്മാരും ജിന്നുകളും മുപ്പത്തിമുക്കോടി ദൈവങ്ങളും അത്ര തന്നെ പിശാചുക്കളും മാന്ത്രികനായ മാന്‍ഡ്രേക്കും ഡാകിനിയും കുട്ടൂസനും മായാവിയുമൊന്നുമില്ലാത്ത ഒരു ലോകം എന്തു ലോകമാണ്! ഈ കഥകളെല്ലാം ലോകം മുഴുവന്‍ പരന്നു കിടക്കുന്നതുകൊണ്ടല്ലേ ഈ കൊറോണക്കാലത്തും മനുഷ്യര്‍ പിടിച്ചുനില്‍ക്കുന്നത്?’ കഥകളെക്കുറിച്ച്; വിവര്‍ത്തനത്തെക്കുറിച്ചും ഇ. സന്തോഷ് കുമാര്‍ എഴുതുന്നു
മുമ്പ്, യുക്തിവാദസംഘത്തിലൊക്കെ പ്രവര്‍ത്തിച്ചിരുന്ന ഒരു സുഹൃത്ത് ചോദിച്ചു “കുട്ടികള്‍ക്ക് ഗന്ധര്‍വ്വന്മാരുടെയും ജിന്നുകളുടെയുമൊക്കെ കഥകള്‍ പറഞ്ഞുകൊടുക്കുന്നതു ശരിയാണോ? ഫാന്റസികള്‍ കേട്ട് വളരുന്ന കുട്ടികള്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടുകയില്ലേ?”
യുക്തി’ഭദ്ര’മായ ഒരു ചോദ്യമായിരുന്നു അതെന്നു വേണമെങ്കില്‍ പറയാം. എന്നാലും അതല്ല സത്യം എന്നു തോന്നിയതുകൊണ്ട് എപ്പോഴോ പറഞ്ഞുകേട്ട ഒരു വാക്യം ഞാന്‍ അയാളോടു പറഞ്ഞു “Sometimes you need fantasy to survive the reality.” (ചിലപ്പോള്‍ യാഥാര്‍ത്ഥ്യത്തെ അതിജീവിക്കുന്നതിനായി നിങ്ങള്‍ക്ക് അത്ഭുതകഥകള്‍ വേണ്ടിവന്നേക്കും).
യക്ഷികളും ഗന്ധര്‍വ്വന്മാരും ജിന്നുകളും മുപ്പത്തിമുക്കോടി ദൈവങ്ങളും അത്ര തന്നെ പിശാചുക്കളും മാന്ത്രികനായ മാന്‍ഡ്രേക്കും ഡാകിനിയും കുട്ടൂസനും മായാവിയുമൊന്നുമില്ലാത്ത ഒരു ലോകം എന്തു ലോകമാണ്! ഈ കഥകളെല്ലാം ലോകം മുഴുവന്‍ പരന്നു കിടക്കുന്നതുകൊണ്ടല്ലേ ഈ കൊറോണക്കാലത്തും മനുഷ്യര്‍ പിടിച്ചുനില്‍ക്കുന്നത്?
സല്‍മാന്‍ റുഷ്ദിയുടെ ‘സത്യത്തിന്റെ ഭാഷകള്‍’ (The Languages of Truth) എന്ന പുതിയ സമാഹാരത്തിലെ ആദ്യലേഖനമാണ് ‘അത്ഭുത കഥകള്‍’ (Wonder Tales). ഭാവനയുടെ ഔന്നത്യങ്ങളെക്കുറിച്ചും അതിലേക്ക് മനുഷ്യരെ നയിക്കുന്ന കഥാലോകത്തെക്കുറിച്ചുമാണ് റുഷ്ദി ഈ ലേഖനത്തിലൂടെ പറയുന്നത്. ആയിരത്തൊന്നു രാവുകളുടെ അത്ഭുതലോകം ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ രൂപീകരണത്തിന് എത്രമേല്‍ സഹായിച്ചു എന്ന് അദ്ദേഹം തുടര്‍ന്നു വിശദീകരിക്കുന്നു. അതുകൊണ്ടു മാത്രമല്ല, ഇവിടെ സല്‍മാന്‍ റുഷ്ദിയെ എടുത്തെഴുതുന്നത്. അറബിക്കഥകള്‍ എന്നു നാം വിളിക്കുന്ന വിസ്മയകരമായ കഥാലോകം ഇന്ത്യയില്‍ നിന്നും പേര്‍ഷ്യന്‍ ഭാഷയിലേക്ക് പോയതാവാമെന്ന സൂചന അദ്ദേഹം നല്‍കുന്നതുകൊണ്ടുകൂടിയാണ്. ഇന്ത്യയിലെ ഭാഷകളുമായി പേര്‍ഷ്യന്‍ ഭാഷയ്ക്കുണ്ടായിരുന്ന കൊടുക്കല്‍ വാങ്ങലുകള്‍ വിഖ്യാതമാണല്ലോ.

‘ഹസാര്‍ അഫ്‌സനെ’ (ആയിരം കഥകള്‍) എന്ന പേരില്‍ പേര്‍ഷ്യനില്‍ ഉണ്ടായിരുന്ന ഈ കഥകള്‍ പത്താം നൂറ്റാണ്ടിലെ ബാഗ്ദാദില്‍ നിന്നുള്ള ഒരു രേഖയില്‍ കാണുന്നുണ്ട്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ പ്രസ്തുത പുസ്തകത്തിന്റെ ഒരു കോപ്പി പോലും ഇപ്പോള്‍ ലഭ്യമല്ല. സാഹിത്യചരിത്രത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു നഷ്ടപ്പെട്ട കണ്ണിയാണ് (Missing Link) ഈ ‘ഹസാര്‍ അഫ്‌സനെ’ എന്ന് റുഷ്ദി പറയുന്നു. പേര്‍ഷ്യനില്‍ നിന്നും അവ പിന്നീട് അറബി ഭാഷയിലേക്ക് സഞ്ചരിക്കുകയും മാനവ സംസ്‌കാര ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയും ചെയ്തു. അപ്പോഴും, പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ച് ഭാഷയില്‍ ‘വീണ്ടെടുക്കപ്പെടുന്നതു’ വരെ, അവ ഏഷ്യയില്‍ത്തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു.
ഈ ഫ്രഞ്ച് വിവര്‍ത്തനത്തില്‍, ഓന്തോയിന്‍ ഗൊലാ (Antoine Galland) അലാവുദീന്റെയും ആലിബാബയുടേതുമടക്കമുള്ള കഥകള്‍ കൂട്ടിച്ചേക്കുന്നുണ്ട്. പിന്നീട് ഇംഗ്ലീഷിലേക്കും ഹോളിവുഡിലേക്കുമൊക്കെ അറബിക്കഥകള്‍ യാത്ര ചെയ്തു. കഥകള്‍ പോലെത്തന്നെ മാന്ത്രികത നിറഞ്ഞതായിരുന്നു അവയുടെ ലോകസഞ്ചാരവും. അങ്ങനെയാലോചിക്കുമ്പോള്‍ ചിതറിക്കിടക്കുന്ന മനുഷ്യരാശിയെ കഥയുടെ നൂലിഴകള്‍ കൊണ്ട് ഇണക്കിച്ചേര്‍ക്കുന്ന അത്ഭുതകരമായൊരു കര്‍മ്മമാണ് വിവര്‍ത്തനം നിര്‍വ്വഹിക്കുന്നത് എന്ന് പറയാം.
എഴുത്തു കണ്ടുപിടിക്കുന്നതിനും മുമ്പേ കഥകള്‍ ഉണ്ടായിരുന്നല്ലോ. ഒരുപക്ഷേ, കഥകളാണ് മനുഷ്യരെ മനുഷ്യരാക്കി മാറ്റിയത്. ആദ്യത്തെ മൊഴിമാറ്റം ചിത്രഭാഷയിലേക്കായിരിക്കണം. ഈ ചിത്രങ്ങള്‍ ലോപിച്ച് അക്ഷരങ്ങളുടെ മാതൃകകളായി മാറിയതാവാനാണ് സാധ്യത. നരവംശശാസ്ത്രജ്ഞര്‍ക്കോ ലിപികളെക്കുറിച്ചു പഠിക്കുന്നവര്‍ക്കോ അത്തരം കാര്യങ്ങളില്‍ കൂടുതല്‍ പറയാന്‍ സാധിക്കുമെന്നു കരുതുന്നു. ലോകചരിത്രം മുഴുവന്‍ ആക്രമണങ്ങളുടേയും അധികാര കയ്യേറ്റങ്ങളുടെയും കഥകള്‍ കൊണ്ടു നിറയുമ്പോഴും ഈ ഹിംസകള്‍ക്കു സമാന്തരമായി, അത്രതന്നെ ശ്രദ്ധ കിട്ടാതെ ഒരു സംസ്‌കൃതിയില്‍ നിന്നും മറ്റൊന്നിലേക്ക് കഥകളുടേയും പാട്ടുകളുടേയും മറ്റു കലാരൂപങ്ങളുടേയും ഉദാരമായ ഒഴുക്കും സംഭവിക്കുന്നുണ്ടായിരുന്നു. ഹിംസയും അധികാരവും അധിനിവേശവും അവസാനിച്ചപ്പോഴും പരസ്പരം കൈമാറിയ ഭാഷയും കലയും സംഗീതവും സാഹിത്യവും നിലനിന്നു. അവ തമ്മില്‍ത്തമ്മില്‍ കലര്‍ന്നു, പല നദികള്‍ കൂടിച്ചേര്‍ന്ന് ഒരേ ജലത്തിന്റെ ഭാഷയായി മാറി.
വിവര്‍ത്തനത്തെ വിരുന്നുകാരന്റെ വരവായി വിചാരിക്കുകയാണെങ്കില്‍ മലയാളം എപ്പോഴും നല്ലൊരു ആതിഥേയയായിരുന്നു. ലോകത്തിലെവിടെയുമുണ്ടാകുന്ന ഏറ്റവും പുതിയ രചനകളെപ്പോലും ഉള്‍ക്കൊള്ളാനാവുന്ന മഹാമനസ്‌കത എക്കാലവും നാം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. മറ്റ് ഭാഷകളിലെ മിക്കവാറും വലിയ രചനകള്‍ക്കെല്ലാം മലയാളത്തില്‍ തര്‍ജ്ജമകള്‍ വന്നിട്ടുണ്ട്. ഘടന കൊണ്ടും ഭാഷ കൊണ്ടും വിവര്‍ത്തനത്തിനു എളുപ്പം വഴങ്ങാതിരിക്കുന്ന ‘യൂലിസസ്’ പോലുള്ള കൃതികള്‍ പോലും മലയാളത്തില്‍ വന്നു.
ബംഗാളിഭാഷയിലെ സാഹിത്യരചനകളെ ക്കുറിച്ച് നമുക്കറിയുന്ന അത്രയും കാര്യങ്ങള്‍ പോലും വിദ്യാസമ്പന്നരായ ബംഗാളികള്‍ക്കു തന്നെ അറിയുന്നില്ലെന്നു തോന്നിയിട്ടുണ്ട്. ഭാഗ്യവശാല്‍ എം. എന്‍ സത്യാര്‍ത്ഥി, നിലീന അബ്രഹാം, ലീലാ സര്‍ക്കാര്‍, എം.കെ.എന്‍ പോറ്റി, സുനില്‍ ഞാളിയത്ത് തുടങ്ങി ബംഗാളിയില്‍ നിന്നുള്ള വിവര്‍ത്തകരുടെ ഇഴമുറിയാത്തൊരു ധാര നമുക്ക് അവകാശപ്പെടാമല്ലോ.

സൂക്ഷ്മമായ അനുഭവങ്ങളെ ചിത്രീകരിക്കുന്ന ചില രചനകള്‍ക്ക് നമുക്ക് ഒന്നിലധികം തര്‍ജ്ജമകളുണ്ട്. ഹുവാന്‍ റൂള്‍ഫോയുടെ ‘പെദ്രോ പരാമോ’ ഒരുദാഹരണമാണ്. നോവലിസ്റ്റ് വിലാസിനിയും കഥാകൃത്തും ചിത്രകാരനുമായ ജയകൃഷ്ണനും ഈ മഹത്തായ നോവല്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തെക്കുറിച്ചുള്ള ദീര്‍ഘമായ ലേഖനമാണ് വിലാസിനിയുടെ പുസ്തകത്തിന്റെ പ്രത്യേകതയെങ്കില്‍ സ്വപ്നങ്ങള്‍ കൊണ്ടുകൂടി വരച്ച ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് രണ്ടാമത്തെ വിവര്‍ത്തനത്തിന്റെ സവിശേഷത.
മാര്‍ക്കേസിന്റെ ‘കേണലിന് ആരുമെഴുതുന്നില്ല’ എന്ന ലഘുനോവലിന് ജയനാരായണന്റെയും എം.കെ ശ്രീകുമാറിന്റെയും അയ്മനം ജോണിന്റെയും വിവര്‍ത്തനങ്ങള്‍ വന്നിട്ടുള്ളതാണ് മറ്റൊരു ഉദാഹരണം. മുമ്പ് എന്‍ കെ ദാമോദരന്‍ തര്‍ജ്ജമ ചെയ്തിട്ടുള്ള ദസ്തയോവ്‌സ്‌ക്കിയുടെ ചില നോവലുകളെങ്കിലും പില്‍ക്കാലത്ത് വേണു വി ദേശം മൊഴിമാറ്റിയിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ്മ. നമ്മുടെ വലിയ കവികള്‍ – അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, ആറ്റൂര്‍ രവിവര്‍മ്മ, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയവരും വിവര്‍ത്തനത്തെ തങ്ങളുടെ രചനകള്‍ പോലെത്തന്നെ പ്രധാനമായി എടുത്തിട്ടുള്ളവരാണല്ലോ.

ആദ്യകാലം മുതല്‍ക്കേ ഇത്രയേറെ വിവര്‍ത്തനങ്ങള്‍ മറ്റുഭാഷകളില്‍ നിന്നു വന്നിട്ടുണ്ട് എന്നുള്ളതു വാസ്തവമാണെങ്കിലും സമീപകാലത്ത് അത്തരം ശ്രമങ്ങള്‍ക്ക് കുറച്ചൊരു ക്ഷീണം ബാധിച്ചിട്ടുള്ളതായി തോന്നുന്നു. കന്നടത്തില്‍ നിന്നോ തമിഴില്‍ നിന്നോ ബംഗാളി, മറാത്തി, ഒഡിയ ഭാഷകളില്‍ നിന്നോ ഒക്കെയുള്ള യുവനിരയെക്കുറിച്ചുള്ള അറിവ് നമുക്ക് പരിമിതമാണെന്നു വേണം കരുതാന്‍.
മറ്റുഭാഷകളിലെ പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തിക്കൊണ്ട് മാതൃഭൂമി അവരുടെ റിപബ്ലിക് പതിപ്പ് വീണ്ടും പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത് ശ്ലാഘനീയമാണ്. ഈ സന്ദര്‍ഭത്തിലാണ് എ. കെ. റിയാസ് മുഹമ്മദ് വിവര്‍ത്തനം ചെയ്ത് ഫേബിയന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കന്നട കഥകളുടെ പുതിയ സമാഹാരം ‘ചുവന്ന തത്തയും മറ്റ് കഥകളും’ നമ്മുടെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി, പല മട്ടിലുള്ള ജോലികളില്‍ ഏര്‍പ്പെട്ടു ജീവിക്കുന്ന പത്ത് പുതുതലമുറ എഴുത്തുകാരുടെ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
ശീര്‍ഷക കഥയായ ‘ചുവന്ന തത്ത’ (വസുധേന്ദ്ര) മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സമയത്തു തന്നെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ‘വെയില്‍ പോലെ ഈ ചുവന്ന പൊടിപടലം നാട്ടില്‍ പരന്നു കിടക്കുന്നു. വെള്ളത്തില്‍ മുങ്ങി കഴുകി വൃത്തിയാക്കാമെന്നു വച്ചാല്‍ ഇപ്പോള്‍ ജലാശയവുമില്ല’ എന്ന് കഥയുടെ അവസാനത്തില്‍ പറയുന്നുണ്ട്. ഭൂമിയെയല്ല, ഒരു സംസ്‌കൃതിയെത്തന്നെ ഖനനം ചെയ്ത് അവസാനിപ്പിക്കുന്നതിന്റെ വേദനാകരമായ ചിത്രമാണ് ചുവന്ന തത്ത. കഥയും മിത്തും ഭാവനയും യാഥാര്‍ത്ഥ്യവും എങ്ങനെ ഇഴ ചേര്‍ക്കാമെന്നതിന്, എങ്ങനെ ഉച്ചഭാഷിണിയുടെ ഒച്ചയിലല്ലാതെ ഒരു മികച്ച രാഷ്ട്രീയ കഥ പറയാമെന്നതിന് ഇതിനേക്കാള്‍ ശ്രേഷ്ഠമായൊരു ഉദാഹരണം നല്‍കാനില്ല. ലോകത്തു നടക്കുന്ന ഓരോ സംഭവത്തിന്റെ പിന്നാലെയും കഥയും കവിതയുമെഴുതി പ്രതികരിക്കുന്നവര്‍ക്ക് ഈ കഥ വലിയൊരു പാഠപുസ്തകമായിരിക്കും.
ശാന്തി കെ.അപ്പണ്ണയുടെ ‘പ്രശ്‌നം’ എന്ന കഥയാണ് അതീവശ്രദ്ധേയമായ മറ്റൊരു രചന. മനുഷ്യമനസ്സിനെ ആഴത്തില്‍ പരിശോധിക്കാനുള്ള സിദ്ധി ശാന്തി കൈവരിച്ചിരി ക്കുന്നു. ശ്രീനിവാസന്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ ജന്മരഹസ്യം തേടുന്നതിന്റെ കഥയാണ് ഇതെന്ന് ഒറ്റവാക്യത്തില്‍ പറയാം. എന്നാല്‍, അതുമാത്രമല്ല. നിഗൂഢമായ ചില കൊലപാതകങ്ങള്‍ അതില്‍ ചുരുളഴിയുന്നു. ‘ഒരു സ്ത്രീ എത്രയും സുമുഖയും നിര്‍മ്മലയുമാണോ, അതിനേക്കാളിരട്ടിയില്‍ അവള്‍ക്ക് കടുപ്പമുള്ളവളാവാന്‍ സാധിക്കുമെന്ന്’ കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. അവരുടെ തന്നെ മറ്റൊരു കഥ (ചുഴി: വിവ. സുധാകരന്‍ രാമന്തളി, ഈ വര്‍ഷത്തെ മാതൃഭൂമിയുടെ റിപ്പബ്ലിക് പതിപ്പില്‍ വന്നത്) കഥാകാരിയുടെ അപഗ്രഥനശേഷിയെ കൂടുതല്‍ സാധൂകരിക്കുന്നുണ്ട്.

പ്രശസ്ത എഴുത്തുകാരന്‍ വിവേക് ശാന്‍ബാഗിന്റെ ‘വിചിത്ര കഥ’ ഷില്ലോംഗില്‍ വച്ച് കഥാകാരന്‍ പരിചയപ്പെടുന്ന മദന്‍ എന്നു പേരുള്ള ഒരാളുടെ ആത്മകഥാപരമായ ഒരു വിവരണമാണ്. മരണത്തിന്റെ മുനമ്പില്‍ നില്‍ക്കുന്ന അയാളുടെ കഥ സത്യമാണോ മിഥ്യയാണോ എന്നു വ്യക്തമല്ല. പക്ഷേ, മനുഷ്യബന്ധങ്ങള്‍ ചില്ലുപാത്രം പോലെ എത്രമേല്‍ എളുപ്പം ഉടഞ്ഞുപോകാമെന്നത് അതീവ കൈയ്യടക്കത്തോടെ എഴുതപ്പെട്ട ഈ കഥ സൂചിപ്പിക്കുന്നു.
ജയന്ത് കൈക്കിണിയുടെ ചില കഥകള്‍ ഞാന്‍ ഇംഗ്ലീഷില്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു സമാഹാരം ‘ദയവു ചെയ്ത് സമ്മാനങ്ങള്‍ അരുത്’ (No Presents Please) ഹാര്‍പര്‍ പെരെനിയല്‍ പുറത്തിറക്കിയിരുന്നു. റിയാസ് മുഹമ്മദിന്റെ സമാഹാരത്തിലുള്ള അദ്ദേഹത്തിന്റെ കഥ ‘മധുബാല’ മുംബൈ നഗരത്തിലെ ഡാന്‍സ് ബാറില്‍ പണിയെടുക്കുന്ന ഒരു നര്‍ത്തകിയുമായുള്ള ഏകാന്ത് ഭാവെ എന്നയാളുടെ ബന്ധവും അവള്‍ അപ്രത്യക്ഷമായപ്പോള്‍ അയാള്‍ നടത്തുന്ന അന്വേഷണവും വിവരിക്കുന്നു.
ഒരു കുടുംബത്തിലെ ചെറിയൊരു പൂജയുമായി ബന്ധപ്പെട്ട് മനുഷ്യര്‍ തമ്മിലുണ്ടാവുന്ന ബന്ധങ്ങളിലെ മാറ്റം വിദഗ്ധമായി അവതരിപ്പിക്കുകയാണ് ‘ഗാന്ധിച്ചിത്രമുള്ള നോട്ട്’ എന്ന കഥയിലൂടെ സുനന്ദ പ്രകാശ് കടമെ. കേശവന്‍ നായര്‍ എന്ന മലയാളിയുടെ കഥ പറയുകയാണ് അബ്ദുള്‍ റഷീദ്. കഥയെ കാവ്യാത്മകമായൊരു ഭാഷയിലേക്ക് അദ്ദേഹം സന്നിവേശിപ്പിച്ചിരിക്കുന്നു. കേരളബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സമിതിയുടെ അധ്യക്ഷപദത്തിലുണ്ടായിരുന്ന എം.എസ് ശ്രീറാമിന്റെ ‘സല്‍മാന്‍ ഖാന്റെ ഡിഫിക്കള്‍ട്ടീസ്,’ അമേരിക്കയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ഡോക്ടറായ ഗുരുപ്രസാദ് കാര്‍ഗിനെലെയുടെ ‘അലബാമയിലെ അധോവായു’, സിനിമയിലും തിയറ്ററിലും പ്രവര്‍ത്തിക്കുന്ന മൗനെഷ് എല്‍ ബഡിഗേര്‍ രചിച്ച ‘ശഫി ഇലക്ട്രിക്കല്‍സ്,’ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുന്ന ടി. എസ് ഗോരവറുടെ ‘മുല്ലപ്പൂക്കളുടെ സഖന്‍’ എന്നീ കഥകള്‍ കൂടി ഈ സമാഹാരത്തിലുണ്ട്.
എ.കെ. റിയാസ് മുഹമ്മദുമായി ഷാനി.കെ നടത്തുന്ന അഭിമുഖം ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. കാസറഗോഡിലെ തീരദേശഗ്രാമമായ ഉപ്പള സ്വദേശിയാണ് റിയാസ്. കന്നട, തുളു, ബ്യാരി, മലയാളം തുടങ്ങി ഏഴോളം ഭാഷകളുടെ സംഗമഭൂമിയാണ് ഈ പ്രദേശം. എന്നാല്‍ അവയൊന്നുമല്ല, തമിഴാണ് റിയാസിനെ വിവര്‍ത്തനത്തിലേക്ക് നയിച്ചത് എന്നതാണത്ഭുതം. പ്രമുഖ തമിഴ് എഴുത്തുകാരന്‍ അശോകമിത്രനെ തര്‍ജ്ജമ ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം തുടങ്ങിയത്. തന്റെ വിവര്‍ത്തനജീവിതത്തിന്റെ നാള്‍വഴികള്‍ ഈ അഭിമുഖത്തില്‍ റിയാസ് വിവരിക്കുന്നു.
താന്‍ ഒരു നല്ല വിവര്‍ത്തകനല്ലെന്ന് അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഏറ്റവും ഉചിതമായ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, വാക്യഘടന സ്വീകരിച്ചുകൊണ്ട് ഈ 10 കഥകളുടെ മൊഴിമാറ്റം നിര്‍വ്വഹിക്കുക വഴി തന്റെ വാക്കുകളെത്ത ന്നെ അദ്ദേഹം റദ്ദു ചെയ്യുന്നു എന്നുള്ളതു കാണാം. ‘മൊഴിമാറ്റത്തി ലെ സാംസ്‌കാരിക പകര്‍ച്ചകള്‍’ എന്ന പേരില്‍ കന്നട സാഹിത്യത്തി ന്റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന ഒരു ഹ്രസ്വവിവരണം റിയാസ് ആമുഖമായി എഴുതുന്നുണ്ട്. സമകാലിക കന്നട സാഹിത്യത്തിലേക്കുള്ള ഒരു പ്രവേശികയാണത്. ‘അയല്‍പക്കവും അറിവും’ എന്ന പേരില്‍ നിരൂപകന്‍ ഇ. പി. രാജഗോപാലന്‍ എഴുതുന്ന അവതാരിക വിവര്‍ത്തനത്തെക്കുറിച്ച്, വിശേഷിച്ചും ഇന്ത്യയിലെ ഭാഷകള്‍ക്കിടയിലുള്ള വിനിമയത്തിന്റെ ആവശ്യകതയെക്കുറിച്ചു വിശദീകരിക്കുന്ന ഒന്നാണ്.
അറുപതുകള്‍ മുതല്‍ക്കുള്ള ലാറ്റിനമേരിക്കന്‍ എഴുത്തുകാരെപ്പറ്റി പറയാറുണ്ട്: ഒരു പക്ഷേ, വ്യത്യസ്തമായ അനേകം ലോകങ്ങളില്‍ താമസിക്കുമ്പോഴും അവരെല്ലാം സ്വന്തം ഭാഷയില്‍ ജീവിക്കുകയായിരുന്നു എന്ന്. അതുതന്നെ ഇപ്പോള്‍ നമ്മുടെ പ്രാദേശികഭാഷകളില്‍ എഴുതുന്നവരെപ്പറ്റിയും പറയാമെന്നു തോന്നുന്നു. ഭൂമിയിലെ ഏതെല്ലാമോ കോണുകളിലിരുന്നുകൊണ്ട് അവര്‍ സ്വന്തം ഭാഷകളില്‍ സ്വപ്നം കാണുകയാണ്.

സ്പാനിഷില്‍ നിന്നും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്ന പ്രശസ്തയായ എഡിത് ഗ്രോസ്മാന്‍ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ചെയ്ത പ്രസംഗങ്ങള്‍ Why Translation Matters? എന്ന പേരില്‍ പുസ്തക രൂപത്തില്‍ വന്നിട്ടുണ്ട്. മാര്‍ക്കേസിന്റെ പല രചനകളും വിവര്‍ത്തനം ചെയ്തിട്ടുള്ള എഴുത്തുകാരിയാണ് അവര്‍. ഇംഗ്ലീഷ് പ്രസാധകര്‍ പ്രാദേശികഭാഷകളെ അവഗണിക്കുകയാണെന്നും അതു പരിഹരിച്ച് മികച്ച ഭാഷാസാഹിത്യത്തെ ഒരു ഇണക്കമൊഴിയായ ഇംഗ്ലീഷിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു ദശകം മുമ്പെഴുതിയ വാക്കുകളാണവ. അതിനു ശേഷമുള്ള കാലം കുറേയേറെ മികച്ച രചനകളെ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരാന്‍ വിവര്‍ത്തനത്തിനു സാധിച്ചു.
ഇന്ത്യയില്‍ത്തന്നെ നേരിട്ട് ഇംഗ്ലീഷിലെഴുതപ്പെടുന്ന സാഹിത്യത്തെക്കാള്‍ പ്രാധാന്യം ഭാഷാസാഹിത്യം കൈവരിക്കുന്നതിന്റെ സൂചനകള്‍ ശുഭോദര്‍ക്കമാണ്. ജെ സി ബി പുരസ്‌കാരം പോലുള്ള സാഹിത്യസമ്മാനങ്ങളില്‍ ബെന്യാമിനിലൂടെ, എസ്. ഹരീഷിലൂടെ രണ്ട് തവണ മലയാളം വിജയം നേടുകയുണ്ടായല്ലോ. അതിനേത്തുടര്‍ന്ന് ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍ക്ക് വലിയൊരു സാദ്ധ്യത തുറന്നുകിട്ടിയിരിക്കുന്നു. സമീപകാലത്ത് മലയാളത്തില്‍ ശ്രദ്ധേയമായ പല നോവലുകളും ഇപ്പോള്‍ വിവര്‍ത്തനപാതയിലാണ്. നമ്മുടെ നാട്ടിലെ വിവര്‍ത്തകരെ ലോകം അറിയാന്‍ തുടങ്ങിയിരിക്കുന്നു.
തൊട്ടുകിടക്കുന്ന കര്‍ണാടകത്തില്‍ നിന്നും മൊഴിമാറ്റി, നമ്മുടെ ഭാഷയില്‍ ഒരു സമാഹാരം വന്നു എന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. വിളിച്ചാല്‍ വിളികേള്‍ക്കുന്നത്രയും ദൂരത്തിരു ന്നിട്ടും നാം അവരുടെ കഥകള്‍ കേള്‍ക്കുന്നില്ലെന്നു വരരുതല്ലോ. മറ്റുഭാഷകളില്‍ നിന്നും ഇത്തരം ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അതോടൊപ്പം തന്നെ മലയാളത്തില്‍ നിന്നും പുതിയ തലമുറയിലെ രചനകള്‍ നമ്മുടെ അയല്‍ഭാഷകളിലേക്കു പോകേണ്ടതുമില്ലേ? അക്കാര്യത്തില്‍ പണ്ടേ നാം പിന്നിലാണെന്നതാണ് കഷ്ടം. ഏതായാലും നമ്മുടെ കഥകളെ അയല്‍ഭാഷകളിലേക്ക് എത്തിക്കാനുള്ള സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എ.കെ റിയാസ് മുഹമ്മദും സുഹൃത്തുക്കളും എന്ന അറിവ് ആഹ്ലാദമുളവാക്കുന്നു. ചിതറിത്തെറിച്ച ബാബേലിലെ ഭാഷാഗോപുരം വിവര്‍ത്തനത്തിന്റെ പരിശ്രമങ്ങള്‍ കൊണ്ടു പുതുക്കിപ്പണിയാന്‍ ശ്രമിക്കുന്ന എല്ലാ വിവര്‍ത്തകര്‍ക്കും എന്റെ സ്‌നേഹാദരങ്ങള്‍.