“എനിക്കാളറിയണം. കാരണമറിയണം. കടായിയില്‍ നിന്ന് കാല്‍തെറ്റി ആഴത്തില്‍ വീണു മരിച്ച അശ്രദ്ധക്കാരനായി എനിക്കവസാനിക്കണ്ട.” വി ടി ജയദേവൻ എഴുതിയ കവിത
മരിച്ചയാളെക്കൊണ്ട് മഹാശല്യം.
നിത്യം വരും.
കോലായപ്പടിയില്‍ ഇരുന്ന്
പറഞ്ഞതു തന്നെ പറയും.
ചോദിച്ചതുതന്നെ ചോദിക്കും.
കരഞ്ഞതു തന്നെ കരയും.
കാതുകൊടുത്തിരുന്നും
സമാശ്വാസം പറഞ്ഞും മടുത്തു.
എന്നെ കൊന്നതാ.
ആള്‍ എന്നും തുടങ്ങും.
പിന്നില്‍ നിന്നൊറ്റയടി.
മിന്നലു പാഞ്ഞു,
അത്ര കനം അടിക്ക്.
മുന്നോട്ടു മറിഞ്ഞു.
ഞാനിരുട്ടത്തൂടെ നടക്ക്വാരുന്നു.
പതിവു വഴി.
പതിവു നടത്തം.
വെളിച്ചമൊന്നും വേണ്ട.
ആരെന്നും എന്തിനെന്നും
ചിന്തിച്ചിട്ടൊരെത്തും പിടിയുമില്ല.
മടിക്കനമുണ്ടായിരുന്നെങ്കില്‍
കക്കാനെന്നു കരുതാം.
കെട്ടിയോളുണ്ടായിരുന്നെങ്കില്‍
അവളുടെ രഹസ്യക്കാരനെന്നെങ്കിലും
ഊഹിക്കാം.
ആളുതെറ്റിയതാവാനൊട്ടുമിടയില്ല.
അത്രയ്ക്ക് ആ അടി
ആളു പാകത്തിനുള്ള
ഒത്തയൊരടിയായിരുന്നു.
ഒന്നു പിടഞ്ഞതു പോലുമില്ല.
എനിക്കാളറിയണം.
കാരണമറിയണം.
കടായിയില്‍ നിന്ന് കാല്‍തെറ്റി
ആഴത്തില്‍ വീണു മരിച്ച
അശ്രദ്ധക്കാരനായി
എനിക്കവസാനിക്കണ്ട.
കേട്ടതുതന്നെ കേട്ട്
ശല്യമെന്നു മുഖംതാഴ്ത്തുന്നു.
അതുള്ളറിഞ്ഞ്
ആളൊരവസാന കൊട്ടുകൊട്ടുന്നു.
‘നീയും എന്നെപ്പോലൊ-
രൊഴിഞ്ഞു നടത്തക്കാരനാ.
നിരുപദ്രവിയായ പച്ചിലപ്പാമ്പ്.
ഓര്‍ത്തോ…’
Read More: വി ടി ജയദേവൻ എഴുതിയ മറ്റു കവിതകള്‍ ഇവിടെ വായിക്കാം