“അലക്കിയിട്ട തുണികൾ എടുക്കുന്നതിനിടയിൽ തങ്ങളുടെ വിഷമങ്ങൾ വാക്കുകളിൽ ഇറക്കിവയ്ക്കുന്ന രണ്ട് സ്ത്രീകൾ, എ ടി എമ്മിന് മുന്നിൽ കാത്തുനിൽക്കുന്ന വലിയ വയറുള്ള ഒരാൾ, ‘പാരഡൈസിൽ’ മുട്ടിയുരുമ്മിയിരിക്കുന്ന കമിതാക്കൾ, മഞ്ഞക്കുപ്പായക്കാരിയുടെ മുടിയിലൂടെ വിരലോടിക്കുന്നവനെ അവൾക്കിഷ്ടപ്പെട്ടു, അവനൊരു പെണ്ണിനെ തൊടാനറിയാം.” ഷാഹിന കെ റഫീഖ് എഴുതിയ കഥ
“എണേ, നെന്റെ മുടിയൊന്നു നീണ്ടു കണ്ടിറ്റു വേണം എനക്ക് മരിക്കാൻ.”
അടുത്ത തവണ ഉമ്മാമയെ കാണാൻ പോകുമ്പോൾ ആത്തില നടക്കാവിൽ നിന്ന് നീണ്ട വെപ്പുമുടി വാങ്ങിയാണ് തീവണ്ടി കയറിയത്. തറവാട് വീടിനു മുൻപിൽ ഓട്ടോയിറങ്ങി മുടിയും വച്ച് അകത്തേക്ക് കയറുമ്പോൾ മില്ലാപ്പുറത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്ന വല്യ കാർന്നോർ മക്കി അവളെ ഒന്നു ചുഴിഞ്ഞു നോക്കി. ആത്തിലയുടെ സ്വഭാവം അറിയുന്നതുകൊണ്ട് വായിൽ വന്നത് പറയാതെ മുറുക്കി കൊണ്ടിരുന്നത് കോളാമ്പിയിലേക്ക് തുപ്പിക്കൊണ്ട് ചോദിച്ചു, “പുതിയാപ്ലക്ക് സുഖം തന്നെയല്ലേ? നിന്റുമ്മാനെ ഇമ്പയിക്ക് കണ്ടിട്ട് ഏറെയായല്ലാ, നെന്റെ പഠിപ്പൊക്കെ കയ്യാനായാ? മംഗലം ഒന്നും നോക്കാണ്ട് പുയ്യാപ്ല എന്തീറ്റാ നോക്കിയിരിക്കുന്നത്.”
ബാപ്പയെ കുറിച്ചാണ് പരാതി പറച്ചിൽ. പുയ്യാപ്ല വിളി ആള് മയ്യത്തായാലും മാറ്റില്ല. ഈ ടേപ്പ് ഇങ്ങനെ ഓടിക്കൊണ്ടിരിക്കും എന്നറിയാവുന്നതുകൊണ്ട് മുഴുവൻ കേൾക്കാൻ നില്ക്കാതെ ആത്തില അകത്തേക്ക് കയറി, നേരെ ഉമ്മാമയുടെ മുറിയിലേക്ക് ചെന്നു. മുടിവിടർത്തിയിട്ട് നാല് ചാൽ നടന്നു മുടിയിഴകൾ കൈകൊണ്ട് പുറകിലേക്ക് മാടിയൊതുക്കികൊണ്ട് ഉമ്മാമയെ നോക്കി
“എത്ര കാശ് തൂഫാനാക്കി,” ഉമ്മാമ ചോദിച്ചു
“വാടകയ്ക്കാ.”
“ഞാൻ കരുതി ഡെഡ്ബോഡിന്നു എടുത്തതാവുംന്ന്.”
“ഏജ്‌ജാതി കോമഡി, ന്റെ പൂക്കൂ.”
പൂക്കുഞ്ഞീബി എന്ന പൂക്കു ആത്തിലയെ നെഞ്ചോടു ചേർത്ത് കുലുങ്ങി ചിരിച്ചു. അവരുടെ കാതിലെ അലിക്കത്ത് ആ ചിരിയിൽ ഓളം വെട്ടി.
തിരിച്ചു വണ്ടിയിൽ ഇരിക്കുമ്പോൾ ആത്തിലക്ക് വീട്ടിലേക്ക് പോവാൻ തോന്നി. ഹോസ്റ്റൽ ഭക്ഷണം മടുത്തു, അലക്കാനും ഒരു ലോഡുണ്ട്. വീട്ടിലാണേൽ ഈക്കിൽ കൊണ്ടിട്ടാൽ മതി, രാഗിണി അലക്കി വെളുപ്പിച്ച് ഇസ്തിരിയിട്ടു വച്ചോളും.
ഉമ്മയുടെ താളിച്ച കറിയും കുഞ്ഞൻ മത്തി പൊരിച്ചതും കറിവേപ്പിലയും ഇഞ്ചിയും കാന്താരിയും ചേർത്തു കടഞ്ഞ മോരും കൂട്ടി കഴിക്കുന്നതോർത്തപ്പോൾ വായിൽ വെള്ളം ഊറിയതാണ്, തിങ്കളാഴ്ച ഫസ്റ്റ് അവർ തന്നെ വർമ്മ സാറിന്റെ ക്ലാസ് ആണല്ലോ എന്നോർത്തപ്പോൾ അവൾ ഹോസ്റ്റലിലേക്ക് ഓട്ടോ വിളിച്ചു. പൂക്കു തന്ന അടുത്ത ടാസ്കിനെ കുറിച്ച് ഓർക്കുകയായിരുന്നു ആത്തില.

“എണേ നീയൊന്നു കൊയല് വച്ച് നോക്ക്, ഇനിയെത്ര ആയുസ്സ് കെടക്കുന്നു ആഹിറത്തിലെന്ന്.”
ആത്തില സ്റ്റെത് എടുത്ത് ഉമ്മാമയുടെ നെഞ്ചോടു ചേർത്തു, നേരിയ ഹകോബക്കുള്ളിലെ പെങ്കുപ്പായവും കടന്ന് ഹൃദയം ആത്തിലയുടെ ചെവിയിലേക്ക് മിടിച്ചു.
“ഫിറ്റ് ആസ് എ ഫിഡിൽ! പൂക്കു അടിച്ചു ഫിറ്റാണെന്ന്. ആ, ഇനി വേഗം ഫീസ് എടുത്തോ.”
സാധാരണ എന്തു തമാശയ്ക്കും ചിരിക്കുന്ന ആളാണ്, ഇന്നെന്താ ഒരു ഗൗരവം, ചളി ഇച്ചിരി കൂടിപ്പോയോ എന്നോർത്തു ആത്തില.
“നീയാ അലമാര തുറന്ന് അതിൽ സൈഡിലുള്ള പെട്ടിയിങ്ങെടുക്ക്,” താക്കോൽ കൂട്ടം നീട്ടിക്കൊണ്ട് അവർ പറഞ്ഞു.
ആത്തില കൊത്തുപണികളുള്ള അലമാര തുറന്നു, കൂറമിട്ടായിയുടെ മണം, പൂക്കുവിന്റെ അത്തറിന്റെ മണം, പഴയ കാലത്തിന്റെ മണം, പല മണങ്ങൾ അവളെ പൊതിഞ്ഞു. ഒരു വശത്തായി വച്ചിരുന്ന, ചെറിയ കാലുകളുള്ള മരപ്പെട്ടി പൂക്കുവിന് എടുത്തു കൊടുത്തു ആത്തില.
ഉമ്മാമ ഇതുവരെ ഇത് തുറക്കുന്നത് കണ്ടിട്ടില്ലാലോ എന്നവൾ ഓർത്തു. താക്കോൽ രണ്ടുമൂന്നു വട്ടം തിരിച്ച് പൂക്കു തുണിയിൽ പൊതിഞ്ഞ ഒരു കെട്ട് എടുത്ത് അവളുടെ മുൻപിൽ വച്ചു. പച്ചയും നീലയും നിറത്തിൽ കസവ് പൊട്ടുകളോട് കൂടിയ തുണിയും കുപ്പായവും പൊഞ്ചപ്പവും നിരത്തിവച്ചുകൊണ്ട് അവർ പറഞ്ഞു, “നെന്റെ മംഗലത്തിനു നീ ഇതുടുക്കണം.”
“എന്റെ പൂക്കൂ, ഇത് കാലപ്പഴക്കം കൊണ്ട് പിഞ്ഞിയിട്ടുണ്ടാവും, ഞാനൊന്നു കുനിഞ്ഞാൽ കീറിപ്പോവും, എന്നിട്ട് വേണം ആൾക്കാർക്ക് ഫ്രീ ഷോ കാണാൻ.”
“ഒന്നു പോണേ, ഇത് അന്തക്കാലത്ത് പേർഷ്യന്നു വരുത്തിച്ചതാ, അന്നാർക്കും ഇല്ലായിരുന്നു ഇത്രയും മുന്തിയ കുപ്പായം.”
ഇറങ്ങാൻ നേരം പൂക്കു അവരുടെ ആഗ്രഹം പറഞ്ഞു, “എനക്ക് നിന്റെ മംഗലം കണ്ടിറ്റു വേണം മരിക്കാൻ. നല്ല ചൊങ്കൻ ചെക്കൻ കുതിരപ്പുറത്തേറി വരണം, പാനൂസും കത്തിച്ചു വച്ച്, പന്തലാകെ ചമയിച്ച്…”
“പവർ കട്ട് അല്ലേ പാനൂസ് കത്തിക്കാൻ. എന്താണ് പൂക്കു,” ആത്തില ഇടയിൽ കയറി പറഞ്ഞു.
“ആ വെളിച്ചത്തിൽ മൈലാഞ്ചി പോലെ ചുണ്ടും കവിളും ചുവന്ന, ലങ്കിമറിയുന്ന പെണ്ണിന്റെ മൊഞ്ച് നീ കണ്ടിട്ടില്ല. അതീ മയ്യത്തിനെ കീറിമുറിച്ചു പഠിക്കുന്ന നെനക്കൊന്നും തിരിയൂല.”
ഉമ്മാമ ഏതോ ഓർമ്മകളിലേക്ക് ചാഞ്ഞിരുന്നു.
മനുഷ്യ ശരീരത്തിനെ കുറിച്ച് വർമ്മ സാർ കത്തിക്കയറുമ്പോൾ ആത്തില പൂക്കു ടാസ്കിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. ക്ലാസ് മൊത്തം ഒന്നു കണ്ണോടിച്ചു അവൾ, ഇതിൽ ആരെ കൂട്ടിക്കൊണ്ടു പോവും എന്നോർത്തുകൊണ്ട്.
ആനന്ദ് കർത്തയിൽ തങ്ങി നിന്നു കണ്ണ്, പ്രാക്ടിക്കലിന് കൂടെയുള്ളവനാണ്, അത്യാവശ്യം നല്ല കമ്പനിയും, കാണാനും മോശമില്ല. മുണ്ട് ഇടത്തോട്ട് ഉടുപ്പിച്ച് ഒന്ന് റെഡിയാക്കി എടുത്താൽ ഒരു മാപ്പിള ലുക്ക് വരുത്താം. കർത്താവിനെ ഭർത്താവാക്കാം തല്ക്കാലം, അവൾ മനസ്സിൽ ഉറപ്പിച്ചു.
ക്ലാസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അഞ്ച് മിസ്ഡ് കാൾ ഉമ്മയുടെ.
“എന്താണുമ്മാ, ഞാൻ ക്ലാസ്സിലല്ലേ?”
“ഇയ്യ് ഒന്ന് വാ, നമ്മളെ അസൈനാർക്കാക്ക് നല്ല സുഖല്ല, വീണ്ടും തുടങ്ങീട്ടുണ്ട്.”
“കോഴ്സ് പോലും തീരാത്ത ഞാനാണോ നോക്കണ്ടത്, ഇങ്ങക്കെന്താണ്? വല്ല സൈക്യാട്രിസ്റ്റിനേം കൊണ്ടു കാണിക്കാന്നല്ലാതെ.”
“ന്നിട്ട് വേണം ചങ്ങലക്കിടാൻ. മൂപ്പർക്ക് അയ്നു മാത്രം ഒന്നുല്ലാലോ, ഇയ്യൊന്നു വന്നു നോക്കിയാ മതി. കദീസാത്ത ആകെ ഇടങ്ങാറിലാണ്.”
“ചോറ് തിളച്ചോണ്ടിരിക്കായിരുന്നു കുഞ്ഞിമാളെ, ഞാൻ തിരുമ്പാൻ വേണ്ടി പോയതേയ്‌നി, വന്നു നോക്കുമ്പോ ചോറിൽ പച്ച ഇറച്ചി കൊണ്ടിട്ടിരിക്കാണ്, എന്നിട്ട് അത് വാരി തിന്നാ. എത്താ കാട്ടാന്ന് ആയ്ക്ക്ണ്,” കദീസാത്ത ആത്തിലയോട് സങ്കടം പറഞ്ഞു.

“അല്ല അസൈനാര്ക്കാ ഇങ്ങള് മീൻ കച്ചോടം നിർത്തി ഇറച്ചി ആക്കിയോ? വെറുതേ കദീസാത്താനെ ഇടങ്ങാറാക്കീലേ?”
“ഇച്ച് ഭയങ്കര പയിപ്പ് വന്ന്, ഞാൻ നോക്കുമ്പോ അറബി കടലിലെ മീനൊക്കെ ആകാസത്ത് പറന്ന് നടക്കാ, ചെലത് മരത്തുമ്മലും തൂങ്ങി കിടക്ക്ണ്ട്, എകരത്തിലാണ്, ഞമ്മക്ക് കിട്ടൂല. അപ്പോ ഞാൻ പോയി പോത്തെറച്ചി വാങ്ങിക്കൊണ്ടന്ന്. പയിച്ചിട്ടാണ് മാളേ.”
“ഗുളികയെന്തെങ്കിലും? കുറച്ചായിട്ട് കൊയപ്പൊന്നൂല്ലായിരുന്നു.”
കബീർ മുറ്റത്തെ പേരയുടെ ചുവട്ടിൽ നിന്ന് ചോദിച്ചു. കടും പച്ച നിറത്തിൽ കായ്ച്ചിരുന്ന പേരയായിരുന്നു അത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് വലിയ കൊതിയായിരുന്നു ഇതിന്, വീട്ടിൽ ചാമ്പയും, പേരയും, അരിനെല്ലിയും എല്ലാമുണ്ടായിരുന്നെങ്കിലും. മൂന്നാം ക്ലാസ് വരെ ഞങ്ങൾ ഒന്നിച്ചായിരുന്നു, ബാപ്പ എന്നെ കോൺവെന്റ് സ്കൂളിലേക്ക് മാറ്റുന്നതുവരെ.
“ഈയ്…കെബീറിനെ മീൻ മണക്കുന്നേ…” എന്ന് കുട്ടികൾ കളിയാക്കുമ്പോൾ താനും ചിരിച്ചുകാണും എന്നോർത്തു ആത്തിലക്ക് വിഷമം തോന്നി. പത്തിൽ തോറ്റു അവൻ ഉപ്പയുടെ കൂടെ മീൻ കച്ചോടത്തിനു പോയിന്നു ഉമ്മ പറഞ്ഞിരുന്നു. മീശയൊക്കെ വച്ച് വലിയ ആളായിരിക്കുന്നു ഇപ്പോൾ. അവൻ ചുമല് കുനിച്ചു നിന്നു.
“ഏതു മരുന്നാ ഇപ്പോ കഴിക്കുന്നത്?”
കബീർ അകത്തുപോയി ഗുളികയെടുത്തു വന്നു.
“ഇതുതന്നെ മതിയാവും തോന്നുന്നു. ഞാൻ സാറിനോട് ചോദിച്ചിട്ട് പറയാം. എനിക്ക് പ്രിസ്ക്രൈബ് ചെയ്യാൻ പറ്റില്ല.”
“ബാപ്പാ, ഈ അസൈനാർക്ക മാർക്കേസിനെയൊക്കെ വായിച്ചു കാണുമോ?”
വായിച്ചു കൊണ്ടിരിക്കുന്ന പത്രത്തിൽ നിന്ന് ബാപ്പ മുഖം തെല്ലുയർത്തി കണ്ണടയ്ക്കുള്ളിലൂടെ ആത്തിലയെ നോക്കി.
“ഇന്ന് മൂപ്പരുടെ ഇരിപ്പും വർത്തമാനവും കണ്ടപ്പോ ഒരു മാർക്കേസിയൻ കഥാപാത്രത്തെ പോലെ തോന്നി.”
“ബായിച്ച് ബായിച്ച് അന്റെ ബാപ്പാക്ക് അടുത്ത് പെരാന്താവും,” ഉന്നക്കായയും കൊണ്ടുവന്ന ഉമ്മ പറഞ്ഞു. തലശ്ശേരിയും മലപ്പുറവും കൂടിക്കുഴഞ്ഞ് മലശ്ശേരി പരുവമായിട്ടുണ്ട് ഉമ്മ, വർത്തമാനത്തിലും രുചിയിലും, ആത്തില ചിരിയോടെ ഓർത്തു.
“അസൈനാർക്ക ശരിക്ക് സ്കൂളിൽ തന്നെ പോയിട്ടില്ല. മൂപ്പർ കുട്ടിയായിരിക്കുന്ന കാലത്താണ് ഇവിടെ മാപ്പിള ലഹള കത്തിപ്പടരുന്നത്. അയാളുടെ ഉപ്പ, പോക്കർക്ക, സമരം വിളിക്കാനൊക്കെ പോയോനാണ്. ‘ഇത് ഞമ്മളെ നാടാണ്ടാ നായിന്റെ മക്കളേ,’ എന്നും പറഞ്ഞ് വെള്ളക്കാർക്ക് നേരെ പാഞ്ഞു ചെന്നുന്നോ, തലക്കടി കൊണ്ടുന്നോ ഒക്കെ പറയുന്നു. പിന്നെ നല്ല പ്രാന്തായിരുന്നു കുറേക്കാലം.”
“പാവം, എന്തെങ്കിലും ‘അവ’കുടുങ്ങിക്കാണും,” ഉമ്മ പറഞ്ഞു
“അവ? അതെന്താണ്? ജിന്നോ?”
“നോ മോളൂ, Kind of hallucination. നിന്റെ ഉമ്മ ഇപ്പൊ ടിപ്പിക്കൽ മലപ്പുറംകാരിയായി.”
“ബാപ്പ ബ്രണ്ണനിൽ പഠിപ്പിക്കാൻ പോയി അടിച്ചുമാറ്റി കൊണ്ടന്നതല്ലേ. പാവം ഉമ്മ, വീട്ടു പുതിയാപ്പിളയുമായി തലശ്ശേരിയിൽ സുഖായി കഴിയേണ്ടതായിരുന്നില്ലേ.”
“എന്നാ കുറച്ച് കുഞ്ഞാലി നിനക്കും കിട്ടിയേനെ.”
“കുഞ്ഞാലിയോ?”
“നൊസ്സ്. ആ കഥ കേട്ടിട്ടില്ലേ?”
“ഇങ്ങളെ നാട്ടുകാർക്കന്നെ പിരാന്ത്, ഉമ്മ മുഖം കോട്ടി. എണേ നേരത്തേ കയിച്ച് ബേം ഉറങ്ങാൻ നോക്ക്, രാവിലെ ക്ലാസ്സില്ലേ? ആറ് മണിക്ക് ഡ്രൈവറോട് വരാൻ പറഞ്ഞിട്ടുണ്ട്. അന്നേരം കത്തലടക്കുന്നുണ്ടോ? അതോ പൊതിഞ്ഞെടുക്കുന്നോ?”
മുറിയിൽകയറി വാതിലടച്ചപ്പോൾ മറ്റേതോ ലോകത്തു നിൽക്കുന്ന പോലെ തോന്നി അവൾക്ക്, രണ്ടുമൂന്ന് കൊല്ലം എൻട്രൻസിന് ഉറക്കമൊഴിഞ്ഞു പഠിച്ച പുസ്തകങ്ങൾ ഉമ്മ അടുക്കിപ്പെറുക്കി വച്ചിരിക്കുന്നു. അതാർക്കെങ്കിലും കൊടുക്കാന്നു പറഞ്ഞാൽ ഉമ്മ കേൾക്കില്ല, അവര് കണ്ണുവയ്ക്കും, ഫസ്റ്റ് ചാൻസിനു തന്നെ കോഴിക്കോട് കിട്ടിയില്ലേന്നും പറഞ്ഞ്.
തീയിലിട്ടാലും കുരുക്കും ചിലരുടെ കണ്ണ് കിട്ടിയാ പിന്നെ തഴുക്കൂല, അജ്‌ജാതി കണ്ണമ്മാരാ ചുറ്റിലും, ഉമ്മ തുടങ്ങും. ഈയിടെയായി ഉമ്മാക്കിത്തിരി ആങ്സൈറ്റി കൂടുന്നുണ്ട്, ബാപ്പയോട് കുറച്ചുനേരം ഒന്നിച്ചിരിക്കാൻ പറയണം. പെൺമക്കൾ വിട്ടുനിൽക്കുമ്പോൾ അമ്മമാർക്ക് ഈ പ്രശ്നം ഉണ്ടെന്നു തോന്നുന്നു.
ചുമരിൽ താൻ പണ്ട് കോറിയിട്ട ചിത്രങ്ങൾ, എനിഡ് ബ്ലൈട്ടനും അഗത ക്രിസ്റ്റിയുമൊക്കെ ഷെൽഫിൽ, മത്സരങ്ങൾക്ക് സ്കൂളിൽ നിന്ന് കിട്ടിയ ട്രോഫികളോടൊപ്പം ഉമ്മ ഒതുക്കി വച്ചിട്ടുണ്ട്. ആ ആത്തിലയെ തനിക്ക് അറിയില്ലെന്ന് തോന്നി അവൾക്ക്, ഫോർമാലിൻ മണവും രോഗികളും നിറഞ്ഞ മറ്റൊരു ലോകത്തു നിന്ന് എത്തിനോക്കുന്ന പോലെ.
“മോളേ, അത്ര ഡെക്കറേഷൻ വേണ്ട, പോയിക്കിടന്നുറങ്ങ്,” പഴയ ആത്തി അവളുടെ ഉള്ളിലിരുന്നു പരിഹസിച്ചു.
“നോക്ക് അനു, ഒരാൾ രോഗിയാവുമ്പോൾ അയാളുടെ മണവും മാറുന്നുണ്ട്, ശ്രദ്ധിച്ചിട്ടുണ്ടോ അത്,” ലഞ്ച് ബ്രേക്കിന് കോഫി ഹൗസിൽ ഇരിക്കുമ്പോൾ ആത്തില സഹമുറിയത്തിയോട് ചോദിച്ചു
“മണോ കൊണോ എന്തെങ്കിലും മാറട്ടെ, നീ രോഗികളെ കെട്ടിപ്പിടിച്ച് മണത്തിട്ടാണോ ചികിത്സിക്കാൻ പോണത്? അല്ലാലോ. ഇതിനുംമാത്രം വിയേഡ് ഐഡിയാസ് നിന്റെ തലയിൽ എവിടുന്നാ മുളയ്ക്കുന്നത്?”
അനുവിന് സത്യത്തിൽ കുറച്ച് ദേഷ്യമാണ് വന്നത്, പഠിച്ചിട്ടും തീരാതെ ഒരു കൂമ്പാരം മുൻപിൽ, ഇവളാണെങ്കിൽ പകുതിമുക്കാൽ സമയവും ഇങ്ങനെ ഓരോ ചിന്തകളിലും, എന്നിട്ടും റിസൾട്ട് വരുമ്പോൾ നല്ല മാർക്ക് വാങ്ങേം ചെയ്യും.
മണത്തെക്കുറിച്ച് പറഞ്ഞതുകൊണ്ടാവും ആത്തിലയക്ക് ജുനുവിനെ ഓർമ വന്നു, കസിൻ ജുനൈദ്. ഉമ്മയുടെ ഏടത്തിയുടെ മകൻ, തന്നെക്കാളും അഞ്ചാറ് വയസ്സിനു മൂത്തതായിരുന്നു. നല്ല കൂട്ടായിരുന്നു, എല്ലാരും ലോറൽ ഹാർഡിന്നു വിളിക്കും, അവൻ തടിച്ചും താൻ മെലിഞ്ഞും ആയതുകൊണ്ട്. അവൻ പോയിട്ട് മൂന്ന് വർഷമാവുന്നു. നല്ല തടിയുള്ളവർക്ക് ജുനുവിന്റെ മണമാണെന്ന് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
തിരിച്ചു നടക്കുമ്പോൾ അനു എ ടി എമ്മിൽ കയറിയ നേരത്ത് പുറത്തു കാത്തുനിൽക്കുകയായിരുന്ന ആത്തിലയുടെ അടുത്തേക്ക് ഒരു പയ്യൻ വന്നു, ബാഗിൽ നിന്ന് ഒരു ബുക്കെടുത്ത് അവൾക്കുനേരെ നീട്ടി. ‘ഈമാനിന്റെ വഴി’ എന്ന തലക്കെട്ട് പകുതി വായിച്ചപ്പോൾ തന്നെ ആത്തില കള്ളം പറഞ്ഞു “സോറി എനിക്ക് മലയാളം വായിക്കാൻ അറിയില്ല.”
“ഇത്താ മുടി മറയ്ക്കാതെ നടക്കുന്നത് തെറ്റല്ലേ? സ്ത്രീകൾ ഔറത്ത് മറയ്ക്കണം എന്നാണ്,” അവൻ ഉപദേശരൂപേണ പറഞ്ഞു തുടങ്ങി.
“എവിടത്തെ മുടി? ഞാൻ നന്നായി മറച്ചിട്ടുണ്ടല്ലോ,” അവൾ താഴേക്ക് നോക്കി പറഞ്ഞു.
അവനാകെ വിളറി വെളുത്തു. തലയും താഴ്ത്തിപ്പിടിച്ച് ബദ്ധപ്പെട്ടുള്ള അവന്റെ പോക്ക് കണ്ടപ്പോൾ ആത്തിലക്ക് ചിരി പൊട്ടി.
“എന്താടീ റോഡ്‌സൈഡിൽ ചിരിച്ചോണ്ട് നിൽക്കണത്,” അനു എ ടി എമ്മിൽ നിന്ന് ഇറങ്ങിവരുമ്പോൾ ചോദിച്ചു.
“ഒരുത്തനു സ്വർഗത്തിലേക്കുള്ള വഴി കാണിച്ചു കൊടുത്തതാ.”
“ഞാൻ പെരുവഴിയിൽ ആവുംന്നാ തോന്നണത്, തന്തപ്പടി മര്യാദയ്ക്ക് കാശയക്കുന്നില്ല. പൈസ കണ്ടാൽ മക്കൾ ചീത്തയാവുമെന്നാ മൂപ്പരുടെ വിചാരം. ഹെഡിന്റെ അക്കൗണ്ടിലേക്ക് പൈസ അയക്കാം, എനിക്ക് ആവശ്യമുണ്ടാവുമ്പോൾ മാഷോട് ചെന്നു വാങ്ങിക്കോളാൻ.”
“പഷ്ട്! നീ വല്ല ചെക്കന്മാരുടേം അക്കൗണ്ട് നമ്പർ കൊടുക്ക്, നമുക്ക് പൊളിക്കാ.”
:ഐഡിയ ഈസ് ഗുഡ്, ബട്ട് തല ഈസ് മൈ തന്താസ്. എശൂല മോളേ, എപ്പോ പൊളിഞ്ഞുന്ന് ചോദിച്ചാ മതി,: അനു ചുമൽ കുലുക്കി.
“എന്നാ നീ ഏതേലും കാശുകാരനെ വളയ്ക്ക്, നമ്മുടെ സൂപ്പർ സീനിയർ ഇല്ലേ, സുദിൻ, അടിപൊളി കാറിലാ വരുന്നത്.”
“ഓ മതി നിർത്ത് ന്റെ പൊന്നോ. പഠിച്ചു തീർക്കാൻ തന്നെ സമയല്ല, പിന്നേണ്. കോഴ്സ് വേഗം തീർത്ത് ജോലിയിൽ കയറി സ്വന്തമായി സമ്പാദിക്കണം. എന്നിട്ട് വേണം കണക്ക് ബോധിപ്പിക്കാതെ ഇഷ്ടംപോലെ പാഡ് ഒക്കെ ഉപയോഗിക്കാൻ.”
“ഒരു കപ്പ് വാങ്ങിയാ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ?”
“കല്യാണത്തിന് മുൻപോ?”
“എന്നാ പീരിയഡ്സിനോട് കല്യാണം കഴിഞ്ഞു വരാൻ പറ. ദേ നിന്റെ കണ്ണുതള്ളി റോഡിലെത്തി. എടുത്ത് സോക്കറ്റിൽ വയ്ക്ക്,” ആത്തിലക്ക് ദേഷ്യം വന്നു.
“ഉള്ളിൽ വയ്ക്കണ്ടേ,” അനു പറയാൻ തുടങ്ങിയെങ്കിലും ആത്തിലയുടെ മുഖഭാവം കണ്ടപ്പോൾ വിഴുങ്ങി.ബാക്കിയുള്ള ദൂരം അവർ അവരവരുടെ ചിന്തകളിലൂടെ നടന്നു, ക്ലാസ്സിലേക്ക്.

‘എടോ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ?’
പാതോ ക്ലാസ് ബോറടിച്ചപ്പോൾ ആത്തില ആനന്ദിന് മെസ്സേജ് അയച്ചു. പഹയൻ കണ്ണും തുറന്ന് ഉറങ്ങുകയാണെന്ന് തോന്നുന്നു, മറുപടി കാണാത്തപ്പോൾ അവൾ കരുതി. ടീച്ചർ വൈറസിനെ കുറിച്ച് വച്ചു കീച്ചുകയാണ്. വല്ല ചോദ്യവും ചോദിച്ചാലോ എന്ന് വിചാരി ക്കുമ്പോൾ ഫോൺ വൈബ്രേറ്റ് ചെയ്തു.
‘സിനിമേലാണോ?’
ആനന്ദ് ടീച്ചറുടെ മുഖത്തുനിന്ന് കണ്ണെടുക്കാത്ത മട്ടിൽ തന്നെ ഇരിക്കുന്നുണ്ട്.
‘അല്ലെടോ, ജീവിതത്തിൽ.’
‘ഓടിക്കോ,’ അവൻ വളരെ സ്വാഭാവികമായി കഴുത്ത് ചെരിക്കും പോലെ അവളെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു.
‘ഡോക്ടർ കഫേ, 5.30’.
മെസ്സേജ് അയച്ചു കഴിഞ്ഞ് ആത്തില ഫോൺ ബാഗിലേക്കിട്ടു.
കഫേയിൽ പിറന്നാളാഘോഷിക്കുന്ന ഒരുകൂട്ടം പെൺകുട്ടികൾ. അവരുടെ തിമർപ്പിൽ നിന്ന് മാറി ഇരുന്നു ആത്തിലയും ആനന്ദും. കാര്യം പറഞ്ഞപ്പോൾ അവൻ തലയിൽ കൈവച്ചു.
“ലവ് ജിഹാദ് ആക്കി എന്നെ മുക്കാലാക്കാനുള്ള പരിപാടി. നടക്കൂല മോളേ, നിന്റെ കൂട്ടര് ഉണ്ടല്ലോ ക്ലാസ്സിൽ.”
ആത്തില പറഞ്ഞു, “നിന്നോട് മുടിഞ്ഞ പ്രേമംന്നോ, നീ ഒടുക്കത്തെ ലുക്ക് ആണെന്നോ പറയുമെന്ന് പ്രതീക്ഷിക്കണ്ട, എട പൊട്ടാ, മാപ്ല ചെക്കനേം കൂട്ടി പോയിട്ട്, അഥവാ വീട്ടുകാർ അത് കാര്യമാക്കിയെടുത്ത് വല്ല കല്യാണവും ഉറപ്പിച്ചാ ഞാൻ പെട്ട്. നീയാവുമ്പോ സേഫ് ആണ്, അവരെങ്ങാൻ അന്വേഷിച്ച് പോയാൽ നിന്റെ ‘കർത്ത്ത്വം’ വെളിപ്പെടും. എന്റെ ഉപ്പ മലപ്പുറംകാരൻ ആയത് തന്നെ ദഹിക്കാത്ത വർക്ക് ഹിന്ദുചെക്കൻന്നു കേട്ടാൽ തീർന്ന്.”
“നീയാണ് യഥാർത്ഥ പൊട്ടത്തി, നിനക്ക് അന്യമതസ്ഥനുമായി പ്രേമം എന്നറിഞ്ഞാൽ അവർ ഉടനടി നിന്നെ പിടിച്ച് ആരെക്കൊണ്ടെങ്കിലും കെട്ടിക്കും. പഠിത്തം വരെ ചിലപ്പോ കുളമായിക്കിട്ടും.”
“അപ്പോ വല്ല ഗർഭ കഥയും എടുത്ത് വീശാം.” അവൾ കോൺ ചീസ് ബോൾ സോസിൽ മുക്കി വായിലിട്ടു.
അൽപ്പനേരം അവളെ നോക്കി നിന്ന ശേഷം ആനന്ദ് ചോദിച്ചു, “ഉമ്മാമയ്ക്ക് വയസ്സായതിന്റെ അത്തും പിത്തും ആണെന്ന് വിചാരിക്കാം, നിനക്ക് എന്തിന്റെ വട്ടാണ്? അതോ വീട്ടുകാർ മൊത്തം ഇങ്ങനാണോ?”
“അതേ. മാഡ് വുമൺ ഇൻ ദി ആറ്റിക് കേട്ടിട്ടില്ലേ? ആ അട്ടം ഞങ്ങൾടെ തറവാട്ടിലാ, വരുമ്പോ കാണിച്ചു തരാ.”
“തമാശ വിട് ആത്തീ.”
“ഉമ്മാമ ഒരുഗ്രൻ സ്ത്രീയാണ്, എത്ര പ്രശ്നങ്ങളെ അതിജീവിച്ചതാണെന്നറിയോ. തലശ്ശേരിയിലെ വർഗീയ കലാപത്തിലാണ് അവർക്ക് ഒരു മകനെ നഷ്ടപ്പെടുന്നത്. പ്രസവത്തിൽ മരിച്ചു പോയ കുട്ടികൾ, കാലായിരുന്നുത്രേ ആദ്യം വരിക. പിന്നെ പോസ്റ്റ് പാർട്ടം അടിച്ച് ഭ്രാന്തിന്റെ വക്കോളം പോയി മടങ്ങി വന്നകാലം, കുറേ കഥകൾ പറഞ്ഞു തന്നിട്ടുണ്ട് എനിക്ക്, മറ്റാരോടും പറയാത്തത്. ഇപ്പൊ അവരുടെ രണ്ടാം കുട്ടിക്കാലമാണ്. ഞാനിങ്ങനെ പറ്റിക്കുന്നതൊക്കെ മൂപ്പത്തിക്ക് ഇഷ്ടാ. ഞാൻ ചെല്ലാൻ വൈകിയാൽ ‘റൂഹാനീ’ എന്ന് കിളി ചിലച്ചുകൊണ്ടിരിക്കുമത്രേ.”

“അതെന്താണ് റൂഹാനി?”
“റൂഹിനെ, പ്രാണനെ, പിടിക്കാൻ വരുന്നേയെന്ന് ചിലയ്ക്കുന്ന കിളിയുണ്ടെന്നാണ് ഉമ്മാമ പറയുന്നത്.”
“ഞാനൊക്കെ ഗ്രാൻഡ് മദറിനെ കണ്ടനാൾ മറന്നു. സമയം കിട്ടണ്ടേ നാട്ടിൽ പോവാൻ. ഫോണിൽ സംസാരിക്കും വല്ലപ്പോഴും. നമുക്ക് അടുത്ത സൺഡേ പോവാം തലശ്ശേരി.”
ആത്തിലയുടെ കണ്ണിൽ സന്തോഷം വിരിയുന്നത് കണ്ടു ആനന്ദ്.
“അന്റെ ഹോസ്റ്റലിൽ വെള്ളമില്ലേ?”
രണ്ടു ബാഗ് നിറച്ചും മുഷിഞ്ഞ തുണി കുത്തിനിറച്ച് വന്നുകയറിയ ആത്തിലയെ കണ്ട് ഉമ്മ ചോദിച്ചു.
“ശരിക്കൊന്നു ഉറങ്ങാൻപോലും സമയം കിട്ടുന്നില്ല, പിന്നേണ് അലക്കൽ.”
“ഇയ്യൊക്കെ എങ്ങനേണ് നാളെപ്പിറ്റേന്ന് ഒരു വീട്ടിൽ പോയി നില്ക്കാ. ഷഡിയെങ്കിലും തിരുമ്പി ഇട്ടൂടെ, എന്ത് പഠിപ്പാണിത് കുട്ടീ…”
“ക്ലാസിക് ഡയലോഗിനൊന്നും ഇപ്പോഴും ഒരു മാറ്റവും ഇല്ലാലോ മാതാജി, എന്റെ ജീവിതം ധന്യമായി. കുലസ്ത്രീ മാതാശ്രീ ഒരു ചായേം കടിയും കിട്ടുമോ?”
ആത്തിലയുടെ തമാശ അപ്പുറത്തുനിന്നു വന്ന നിലവിളിയിൽ മുങ്ങിപ്പോയി. അസൈനാര്ക്കയുടെ വീട്ടിൽ നിന്നാണ്, റോഡിൽ നിന്നവരൊക്കെ അങ്ങോട്ട് ഓടുന്നത് കണ്ട് ആത്തിലയും ഓടിച്ചെന്നു. അസൈനാരിക്ക കിണറ്റിൽ ചാടിയതാണ്, ഓടിക്കൂടിയ നാട്ടുകാരിൽ രണ്ടുമൂന്ന് പേർ പിന്നാലെ എടുത്തുചാടി. അധികം ആഴമില്ലാത്ത കിണറായതുകൊണ്ട് പെട്ടന്നുതന്നെ അസൈനാരിക്കയെ പിടിച്ചുകയറ്റി.
“ഇച്ച് ഇഞ്ഞ് കജ്ജൂല ന്റെ റബ്ബേ…” കദീസാത്ത നെഞ്ചത്തടിച്ചു നിലവിളിക്കാൻ തുടങ്ങി.
ആത്തില അസൈനാരിക്കയുടെ പൾസ് നോക്കി, തലയിലോ മറ്റെവിടെയെങ്കിലോ വീഴ്ചയിൽ മുറിവ് പറ്റിയിട്ടുണ്ടോ എന്നും പരിശോധിച്ചു. കുറച്ച് വെള്ളം കുടിച്ചതൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലായിരുന്നു.
“ഇങ്ങളെന്ത് പണിയാ ഈ കാട്ടിയേ അസൈനാരിക്കാ,” ആത്തില ചോദിച്ചു.
“കിണറ്റിന്റെ അടീക്കൂടി ഒരു *വജ്ജ്ണ്ട്, അത് ഞമ്മളെ ആച്ചാടയിൽ എത്തും, ആച്ചാടല്ലേ, ആ ബെല്യ കുന്ന്. ഇജ്ജതൊന്നും കണ്ടിട്ടുണ്ടാവൂല മാളേ. അയിന്റെ ഉള്ളില് ടിപ്പുന്റെ ഗുഹണ്ട്. അവ്‌ടെപ്പോയി ഒളിച്ചിരിക്കാ, അല്ലാണ്ട് ഈ നാട് വിട്ടൊന്നും ഞമ്മള് പോവൂല.”
“അയിന് ഇങ്ങളോട് ആരാപ്പോ പോവാൻ പറഞ്ഞത്?” കൂടിനിൽക്കുന്നവരിൽ ആരോ ചോദിച്ചു.
“ഗേർമെൻറ്,” അസൈനാരിക്ക വല്ലാതെ തളർന്ന മട്ടിൽ പറഞ്ഞു.
ചൂടോടെ എന്തെങ്കിലും കുടിക്കാൻ കൊടുക്കാൻ പറഞ്ഞ് ആത്തില കബീറിന്റെയൊപ്പം പുറത്തേക്ക് നടന്നു.
“കയിഞ്ഞാഴ്ച ഇവിടെ ഒരു പ്രകടനം നടന്നപ്പോ ചെറിയ കശപിശണ്ടായി. ഇപ്പോ മറ്റേ പാർട്ടിക്കാരും ഇണ്ട് ഇവിടെ. അന്ന് ജാഥയില് ഉപ്പാന്റെ പയേ ചങ്ങായിയും ഇണ്ടായിരുന്നു. അയിന് ശേഷം ഒരു ബേജാറുണ്ട്.”
“ഒന്ന് ശ്രദ്ധിച്ചേക്ക്. ഒറ്റയ്ക്ക് ആക്കണ്ട, ഞാൻ പിന്നെ വരാം,” എന്നുപറഞ്ഞ് ആത്തില വീട്ടിലേക്ക് നടന്നു.
“ഇന്ന് ഗൈനക് പോസ്റ്റിങ് ആണല്ലോ ദൈവമേ, നിന്ന് മടുക്കും, എനിക്കാണേ വയർ വേദനിച്ചിട്ട് വയ്യ, കാലിലേക്ക് ഓടുന്നുണ്ട് വേദന വണ്ടി,” അനു ചുരുണ്ട് കിടന്നു.
“അനൂ, ഒരു കാര്യം ചോദിക്കട്ടെ? ഈ സമയത്ത് സെക്ഷ്വൽ ഡിസയർ കൂടുമോ? അതോ ഇതിനു മുൻപാണോ, അതോ ശേഷമോ?”
വയർ വേദനയാണോ ആത്തിലയോടുള്ള കലിപ്പാണോ മുഖത്തെന്നു വിവേച്ചിച്ചറിയാനാവാത്ത ഭാവത്തിൽ അനു പാഡും തോർത്തു മെടുത്ത് കുളിമുറിയിലേക്ക് നടന്നു. “ഒരു പേപ്പർ എഴുതാനാടോ,” എന്ന് ആത്തില പറഞ്ഞത് കേട്ടില്ലെന്ന് നടിച്ച്.
വേദനയിൽ പുളഞ്ഞു കൊണ്ടിരിക്കുന്ന സ്ത്രീക്ക് കുട്ടികൾ ചുറ്റും കൂടിനില്ക്കുന്നത് ശ്രദ്ധിക്കാനൊന്നും വയ്യായിരുന്നു. അവർ അമ്മയേയും ഭർത്താവിനേയും വിളിച്ചു കരഞ്ഞു, എന്തൊക്കെയോ പുലമ്പി. ഏത് നേരത്താണാവോ ഈ പണിക്ക് നിന്നത് എന്നാവും അവരുടെ മനസ്സിലെന്ന് ആത്തിലക്ക് തോന്നി.
“കാലാണല്ലോ ആദ്യം വരുന്നത്, വെയിറ്റ് ചെയ്തു നോക്കാം, തല വരുന്നില്ലെങ്കിൽ സി സെക്‌ഷൻ ചെയ്യേണ്ടി വരും,” ഡോക്ടർ അഗത കുട്ടികളോടായി പറഞ്ഞു.
അപ്പോൾ ജനിച്ച ചോരക്കുഞ്ഞ് അപ്പുറത്തെ ട്രേയിൽ കിടന്നു കീറി വിളിക്കുന്നുണ്ടായിരുന്നു. വജൈനൽ സ്റ്റിച്ച് ഇടുന്നത് എങ്ങനെയെന്നു കാണിച്ചു കൊടുക്കുകയായിരുന്നു ഡോക്ടർ. അതെല്ലാം കഴിഞ്ഞാവും നഴ്‌സ് കുട്ടിയെ കുളിപ്പിച്ച് അമ്മയുടെ അരികിൽ കൊണ്ടുവരുന്നത്. അന്ന് പ്രസവിക്കുന്ന കുട്ടികളെയെല്ലാം തോന്നിയ പോലെ ഓരോ കിടക്കയിൽ കൊണ്ടു കിടത്താൻ തോന്നി ആത്തിലക്ക്. ജാതിയും മതവും പാരമ്പര്യവും എല്ലാം കൂടിക്കുഴഞ്ഞൊരു ജനറേഷൻ.
“നാളെ എത്ര മണിക്കാണ് പോവേണ്ടത്,” എന്ന ആനന്ദിന്റെ ചോദ്യം ആ ചിന്തയെ മുറിച്ചു.
“നേരത്തേ ഇറങ്ങാം അല്ലേ? കത്തലടക്കാൻ എത്തുമെന്ന് ഉമ്മാമയോട് പറയാം.”
“കത്തലോ? ഇതേത് ഭാഷ,” എന്നമട്ടിൽ ആനന്ദ് അവളെ നോക്കി.
“ബ്രേക്‌ഫാസ്റ്. ബ്രേക്ക് ദി ഫാസ്റ്റ്, വിശപ്പിന്റെ കത്തൽ. മുദ്ര ശ്രദ്ധിക്കണം മിസ്റ്റർ.”

“സത്യത്തിൽ അങ്ങോട്ടു പോവുമ്പോൾ എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, ഞാൻ എന്തുപറയും, അവർക്ക് മനസ്സിലാവില്ലേ, പ്രശ്‌നാവില്ലേ എന്നൊക്കെ ഓർത്ത്. നിന്റെ ഉമ്മാമ കൊള്ളാട്ടോ, എനിക്കിഷ്ടപ്പെട്ടു. നിങ്ങൾടെ ഫുഡും അടിപൊളി,” ആനന്ദ് വണ്ടി ഓടിക്കുന്നതിനിടയിൽ പറഞ്ഞു.
അവർ തലശ്ശേരിയിൽ നിന്ന് ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ആ യാത്ര ആത്തിലയും നന്നായി ആസ്വദിച്ചു, ഒരു ലോങ്ങ് ഡ്രൈവ്, പൂക്കു ടാസ്ക് പൂർത്തിയാക്കിയത്, പിന്നെ ആനന്ദും നല്ല കൂട്ടായിരുന്നു. കൊയിലാണ്ടി കുറച്ചുനേരം ബ്ലോക്കിൽ കുടുങ്ങിയതൊഴിച്ചാൽ രസകരമായ യാത്ര, ആത്തിലയ്ക്ക് സന്തോഷം തോന്നി.
“നോക്ക്, പോക്കുവെയിലിന്റെ സ്വർണ വർണത്തിലേക്ക് സന്ധ്യ പതുക്കെ ക്ലാവ് പോലെ പടരാൻ തുടങ്ങി,” ആനന്ദിന് കവി ഭാവന ഉണർന്നു.
“ഹാവൂ ന്റെ മോനേ, നീ മെഡിസിന് ചേർന്നത് കൊണ്ട് മലയാള സാഹിത്യത്തിന് കനത്ത നഷ്ടമായല്ലോ,” ആത്തിലയുടെ നിർത്താതെയുള്ള ചിരിയോടൊപ്പം പൊടുന്നനെ ആർത്തലച്ചു മഴ പെയ്യാൻ തുടങ്ങി.
“ഇതെന്താ ഇപ്പോ ഒരു മഴ.”
“പെയ്യട്ടേന്ന്,” ആനന്ദ് പതിഞ്ഞ താളത്തിൽ പാട്ടു വച്ചുകൊണ്ട് പതുക്കെ ഓടിക്കാൻ തുടങ്ങി. മഴ ശക്തി പ്രാപിച്ചപ്പോൾ ഒഴിഞ്ഞ ഒരിടത്ത് വണ്ടി ഒതുക്കിയിട്ടു.
അങ്ങനെ മഴ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അവർ ഉമ്മ വച്ചത്
“കിസ്സ് ഈസ് നോട്ട് എ പ്രോമിസ്,” ആത്തില പറഞ്ഞു.
“ഓ! ഇത്രേം ദൂരം വണ്ടി ഓടിച്ചതിന്റെ കൂലിയാവും. അതോ തന്റെ വുഡ് ബീ ഹസ്ബൻഡ് വേഷം കെട്ടിയതിനോ?”
“തിന്നേം തൂറേം ചെയ്യുന്ന പോലെ ഒരു ബയളോജിക്കൽ നീഡ്,” പറയല്ലേ ആത്തീ എന്ന് മനസ്സ് വിലക്കുമ്പോഴേക്കും അവളത് പറഞ്ഞു കഴിഞ്ഞിരുന്നു.
ആനന്ദ് അതിവേഗത്തിൽ വണ്ടി ഓടിച്ചു. മെഡിക്കൽ കോളേജ് എത്തുന്നവരെ രണ്ടുപേരും പിന്നെ ഒന്നും സംസാരിച്ചില്ല.
താനെന്തിനാണ് ഇങ്ങനെ ഇമ്പൾസീവ് ആയി പ്രവർത്തിച്ചത്, വേണ്ടായിരുന്നു എന്ന് ആത്തിലയെ ഉറങ്ങാൻ വിടാതെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. ഓ, ഒരു ഉമ്മയല്ലേ, അതിലിപ്പോ എന്താ എന്ന് അവളുടെ ഫ്രോണ്ടൽ കോർട്ടെക്‌സും. ആ വാക് പയറ്റിൽ തീരുമാനവാതെ അവൾ ഉറങ്ങിപ്പോയെങ്കിലും പിറ്റേന്ന് ക്ലാസ്സിൽ ആനന്ദിനെ അഭിമുഖീകരിക്കാതിരിക്കാൻ അവൾ ശ്രമിച്ചു എന്നുള്ളത് നേരാണ്. അനുവിനോട് പറയണോ എന്ന തോന്നലും തള്ളിക്കളഞ്ഞു.

സായാഹ്നങ്ങളിൽ പേരറിയാത്തൊരു വിഷാദം തന്നെ പൊതിയുന്നതു പോലെ ആത്തിലക്ക് തോന്നി. എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് അവൾ നടക്കാൻ തുടങ്ങി. രോഗികൾക്ക് കഞ്ഞിയും വാങ്ങിപോകുന്നവർ, അലക്കിയിട്ട തുണികൾ എടുക്കുന്നതിനിടയിൽ തങ്ങളുടെ വിഷമങ്ങൾ വാക്കുകളിൽ ഇറക്കിവയ്ക്കുന്ന രണ്ട് സ്ത്രീകൾ, എ ടി എമ്മിന് മുന്നിൽ കാത്തുനിൽക്കുന്ന വലിയ വയറുള്ള ഒരാൾ, ‘പാരഡൈസിൽ’ മുട്ടിയുരുമ്മിയിരിക്കുന്ന കമിതാക്കൾ, മഞ്ഞക്കുപ്പായക്കാരിയുടെ മുടിയിലൂടെ വിരലോടിക്കുന്നവനെ അവൾക്കിഷ്ടപ്പെട്ടു, അവനൊരു പെണ്ണിനെ തൊടാനറിയാം.
നടന്നുനടന്ന് ആനന്ദ് എപ്പോഴാണ് കൂടെ നടക്കാൻ തുടങ്ങിയതെന്ന് അവൾക്കറിയില്ല, തങ്ങൾ എന്തൊക്കെയോ നിർത്താതെ സംസാരിച്ചിട്ടുണ്ട്, അടുത്തുവരുന്ന പരീക്ഷയെക്കുറിച്ച്, നാട്ടിൽ പോവുന്നത്, പി ജി എൻട്രൻസ് കോച്ചിങ്, റാഫേലിന്റേയും അമൃതയുടേയും വിവാഹം, അവരുടെ വീട്ടുകാരുടെ പ്രശ്നം…
“അയ്യോ ആനന്ദ്, തന്റെ നെറ്റി എവിടേലും ഇടിച്ചോ? കരുവാളിച്ചിരിക്കുന്നല്ലോ,” ഹോസ്റ്റലിലേക്ക് വഴി പിരിയുന്നിടത്ത് അവനോട് യാത്രപറയാൻ തിരിഞ്ഞപ്പോഴാണ് ആത്തില അത് ശ്രദ്ധിച്ചത്.
മറുപടി ഒരു ചിരിയിലൊതുക്കി ആനന്ദ് നടന്നു പോവുകയും ചെയ്തു.
മഗ്‌രിബ് ബാങ്ക് കൊടുക്കുമ്പോഴേക്കും പലവിധ മണങ്ങൾ മൂക്കിലൂടെ കയറി തലച്ചോറിലെ ഓർമയിടങ്ങൾ മാന്തിപ്പറിക്കാൻ തുടങ്ങി, ഉന്നക്കായ, ഇറച്ചിപ്പത്തിൽ, കായ് പ്പോള , കോഴിയട… വായിൽ വെള്ളമൂറിയപ്പോൾ അവൾ ഫോണെടുത്തു.
“ഉമ്മച്ചീ, ഇന്നെന്തൊക്കെയാ ആക്കിയത്?”
“നോമ്പെടുക്കുന്നത് പള്ള നിറച്ച് തിന്നാനാണോ? അവിടെ തറാവീഹ് ഉണ്ടോ?”
“രാത്രി തണുത്ത ചോറും സാമ്പാറും തിന്നുന്ന ഞാൻ ഇത് കേൾക്കണം,” ആത്തില ഉമ്മമനസ്സിൽ പോറി.
“ന്നാ കുട്ടി രണ്ടൂസം ലീവെടുത്തു പോരെ.”
ഉപ്പ അപ്പുറത്തുനിന്ന് മുടക്ക് പറയാൻ തുടങ്ങുമ്പോഴേക്കും അവൾ ഫോൺ വച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ് ഒഴിവാക്കി അവൾ വീട്ടിലേക്ക് ബസ് കയറി. ഉച്ചവെയിൽ തളർച്ചയിലാണ് നോമ്പു നോറ്റ വീട്. ആത്തില നേരെ ഉമ്മയുടെ മുറിയിൽ ചെന്ന് അവരെ പറ്റിക്കിടന്നു.
“അസർ ബാങ്ക് കൊടുത്തോ,” ഉമ്മ എഴുന്നേറ്റിരുന്നു.
“എന്താണേ ആസ്പത്രീന്ന് വന്നിട്ട് കാലും മൂടും കഴുകാണ്ടാ കിടക്കുന്നത്? പോയി കുളിച്ചിട്ട് വന്ന് കക്കറോട്ടിക്ക് ഉരുട്ടി താ, കോളേജിൽ പോവുമ്പോൾ കുറച്ച് കൊണ്ടുപോവേം ചെയ്യാം.”
“വന്നപാട് പോവുന്നത് ഓർമ്മിപ്പിക്കല്ലേ,” അവൾ ഉമ്മയുടെ പതുപതുത്ത വയറിൽ തലോടി. താൻ കിടന്നെഴുന്നേറ്റു പോന്ന അടയാളങ്ങൾ അവിടെ. ആ ചുളിവുകളിൽ ഒരു പുഴയും മീനുകളും വരയ്ക്കാൻ തോന്നി അവൾക്ക്.
ഫസ്റ്റ് ബസ് പിടിച്ച് കോളേജിലേക്ക് ഓടിവരികയായിരുന്നു ആത്തില.
“ഉമ്മാമ പുതിയ ടാസ്ക് ഒന്നും തന്നില്ലേ,” ആനന്ദ് ഗേറ്റിനരികിൽ നിൽപ്പുണ്ടായിരുന്നു.
“ഇല്ലപ്പാ, മൂപ്പത്തിക്ക് ബോറടിച്ചു തോന്നുന്നു. പഠിത്തത്തിൽ ശ്രദ്ധിക്കാൻ പറഞ്ഞു.”
“നീ ഇതൊന്ന് നോക്ക്, മാഗസിനിൽ കൊടുക്കാൻ എഴുതി തുടങ്ങിയതാ, മുഴുവനാക്കീട്ടില്ല,” ആനന്ദ് നോട്ടുബുക്ക് അവളുടെ നേരേ നീട്ടി.
“മഴയും കാറ്റും ചരിഞ്ഞു പെയ്ത ഒരു രാത്രിയിൽ ഞങ്ങൾ കടൽ കാണാൻ പോയി. ആദ്യമായാണ് ഞാനവളെ ചേർത്തു പിടിച്ചു നടക്കുന്നത്. കടലിന്റെ മനസ്സ് എത്ര മുറിഞ്ഞിട്ടാവും അതിങ്ങനെ നിർത്താതെ കലമ്പൽ കൂട്ടുന്നതെന്ന് നീ. തണുത്ത കാറ്റിൽ ഉടൽ വിറയ്ക്കുന്ന അവളെ നെഞ്ചോടു ചേർത്ത് പിടിച്ച് അവൻ പറഞ്ഞു, ‘ഈ രാത്രി, ഈ മഴയും കാറ്റും കടലും ഉള്ള ഈ നിമിഷത്തെ നിന്റെ ഗർഭ പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കുമോ, നീയും ഞാനും സമാന്തരമായി സഞ്ചരിക്കാത്ത ഒരു നാളിൽ എനിക്ക് എന്റെ മകളായി വളർത്താൻ?’
“അവൾ ചുണ്ടുകൾ കൊണ്ടാണ് മറുപടി പറഞ്ഞത്. അന്നേരം അവളുടെ ഉടലിൽ തളിർത്ത രണ്ട് അനാർ മണികൾ അവൻ വിരലിൽ കോർത്തു. ഇതെന്താണു പെണ്ണേ, വീഞ്ഞുറഞ്ഞ പോലെ. ഒരു കടൽത്തിര പോലെ അവളെന്നെ പൊതിഞ്ഞു.”
“എന്ത് മൈ***ത്? വല്ല മുത്തുചിപ്പീലും കൊടുക്ക്.”
“ദാറ്റ് വാസ് റൂഡ്!”
പുസ്തകം അവന്റെ കൈകളിലേക്കെറിഞ്ഞ് ആത്തില അപ്പോഴേക്കും നടന്നു തുടങ്ങിയിരുന്നു.
ക്ലാസ്സിൽ ശ്രദ്ധിക്കാനേ പറ്റിയില്ല അവൾക്ക്, തല പെരുക്കുന്നു, ആകെ ഒരു ശ്വാസം മുട്ടൽ. നിർത്താതെ ഇളക്കിക്കൊണ്ടിരുന്ന കാലിന് അനു ഒരു തട്ട് വച്ചുകൊടുത്തു.
‘ആത്തില, ഡിസ്ക്രൈബ് ഗ്ലൈക്കോജൻ സ്റ്റോറേജ് ഡിസോർഡേഴ്സ്.’
ഒട്ടും പ്രതീക്ഷിക്കാത്ത ആ ചോദ്യത്തിനു മുൻപിൽ അവളൊന്നു പകച്ചു. മനസ്സ് എന്തൊക്കയോ ചിന്തകളിൽ ആയിരുന്നതിനാൽ ചോദ്യം ശരിക്ക് ശ്രദ്ധിച്ചു പോലുമില്ലായിരുന്നു. എഴുന്നേറ്റ് നിന്നെങ്കിലും ഒരക്ഷരം പോലും നാവിൻ തുമ്പിൽ വരാതെ തറഞ്ഞു നിൽക്കുമ്പോൾ ഒന്നിനുപുറകെ ഒന്നായി ചോദ്യങ്ങൾ വന്നു. അനു ഒരുത്തരം പറഞ്ഞു സഹായിക്കാൻ ശ്രമിച്ചതും സാറിന്റെ ദേഷ്യം ഇരട്ടിച്ചു.
“താനാണോ അയാളുടെ പരീക്ഷ എഴുതുന്നത്? ഫസ്റ്റ് ഇയർ തൊട്ടു പഠിക്കുന്ന ഒരു കാര്യത്തിന്റെ ഉത്തരം അറിയില്ല. വേറെ ലക്ഷ്യങ്ങളുമായി വരുന്നവർ എന്റെ ക്ലാസ്സിൽ ഇരിക്കണമെന്നില്ല.”
ആ ക്ലാസ്സിന്റെ മൊത്തം ഫോക്കൽ പോയിന്റിൽ ആത്തില നിന്നു, തലകുമ്പിട്ട്, നിറഞ്ഞുവരുന്ന കണ്ണുകൾ അടച്ചുപിടിച്ച്.
“എന്താണേ പ്രശ്നം,” ആത്തില ഉമ്മാമയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു അവളുടെ മുടിയിൽ എണായിക്കൊണ്ട് അവർ ചോദിച്ചു.
“എന്ത് പ്രശ്നം?”
“തിങ്കളാഴ്ച ദിവസം ക്ലാസും കട്ട് ചെയ്ത് നീയെന്താ ഈടെ വന്നിരിക്കുന്നത്?”
“എന്നെ സാർ വഴക്ക് പറഞ്ഞ്.”
“ഒന്നാം ക്ലാസ് ന്നാ?”
“ആക്കല്ലേ.”
പൂക്കു കുലുങ്ങി ചിരിക്കാൻ തുടങ്ങി
“ഞാൻ ഇതുവരെ ഉത്തരം പറയാതിരുന്നിട്ടില്ല, എനിക്കറിയായിരുന്നു. ആ ആനന്ദ് കാരണാണ്.”
അതാരാ എന്ന മട്ടിൽ പൂക്കു അവളെ നോക്കി.
“അന്ന് ഞാൻ കൂട്ടീട്ട് വന്നില്ലേ.”
“ഓനിക്ക് വേറെ എന്തോ പേരല്ലായിനോ?”
“ആവോ , അതൊന്നും എനിക്ക് ഓർമ്മയില്ല. ഞാൻ ഓനോട് വ്യക്തമായി പറഞ്ഞിട്ടാണ് കൂട്ടിക്കൊണ്ട് വന്നത്. എന്നിട്ടിപ്പോ ഓരോ കവിതേം കോപ്പും. ഓക്കാനം വരും.”
“മൊഹബ്ബത്താ?”
“പിന്നേ, ഒന്ന് ഉമ്മ വച്ചതിനോ?”
ഉമ്മാമയുടെ നോട്ടം കണ്ണിൽ കൊരുത്തപ്പോൾ അവൾ പറഞ്ഞു, “ജസ്റ് ഒരുമ്മ ന്റെ പൂക്കൂ.”
“ഒരാളോടുള്ള പിരിശം ഉള്ളിൽ നിന്ന് വരണം, അന്നേരം ഖൽബിലൊരു പൂവിരിയും നെനക്ക് കിതാബിലുള്ളത് പഠിക്കാനേ അറിയൂ. പിന്നെ സത്യം പറയാലോ, നീ അന്നെ പറ്റിക്കാനെന്നും പറഞ്ഞ് കാട്ടിക്കൂട്ടിയതൊക്കെ അഞ്ചു പൈശക്ക് ഇല്ലാത്തതായിരുന്നു. നെനക്ക് ബെഷമാവണ്ടാ കരുതി ഞാൻ കൂടെ നിന്നന്നേ ഉള്ളൂ.”
“ഇതാരപ്പാ, കോളറക്കാലത്തെ പ്രണയം എഴുതിയ ഗാബോ പൂക്കു അല്ലേ ഈ ഇരിക്കുന്നത്, പരിചയപ്പെട്ടതിൽ പെരുത്ത് സന്തോഷം,” തന്നെ കളിയാക്കിയത് ഇഷ്ടപ്പെടാതെ ആത്തില പറഞ്ഞു.
“നീയാ വാതില് ഓടാമ്പലിട്ട് വാ.”
ആത്തില വാതിലടച്ചു വരുമ്പോഴേക്കും മുറിയിലെ മരപ്പെട്ടി ഒരരുകിലേക്ക് മാറ്റിവച്ചിരുന്നു അവർ. പരവതാനി നീക്കി അതിനടിയിലെ മൂന്ന് മരപ്പാളികൾ എടുത്തുമാറ്റാൻ ആത്തിലയോട് പറഞ്ഞു. താഴെ, ഇരുട്ടിലേക്ക് ഇറങ്ങുന്ന പടികളിലൂടെ ഉമ്മാമ അവളുടെ കൈയും പിടിച്ച് കൂട്ടിക്കൊണ്ടുപോയി. പാനൂസ് വിളക്കിനരികെ മഷിക്കുപ്പിയിൽ പേന മുക്കി എഴുതിക്കൊണ്ടിരിക്കുന്നൊരാൾ, അയാളുടെ താടി പഞ്ഞി മിട്ടായി പോലെ.
“ഇതാരാ രബീന്ദ്രനാഥ ടാഗോറോ?”
“അല്ല, എന്റെ നൈജാമലി,” ഉമ്മാമ പറഞ്ഞു.
അയാൾ എഴുന്നേറ്റു വന്ന് അത്രയും സ്നേഹത്തോടെ ആത്തിലയെ നെഞ്ചോടു ചേർത്തു. താനൊരു പക്ഷിക്കുഞ്ഞിനെപ്പോലെ ചെറുതായതായി തോന്നി അവൾക്ക്. അയാൾ കാച്ചി കൊടുത്ത കാവയിൽ പേർഷ്യയിൽ നിന്ന് കപ്പല് കയറി വന്ന സുഗന്ധവ്യഞ്ജന കൂട്ടുകൾ നിറഞ്ഞു.

അന്ന് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം പൂക്കുവിന്റെ കണ്ണുകൾ നനഞ്ഞു, ആത്തിലയെ ചേർത്തുനിർത്തി നെറ്റിയിലും കണ്ണുകളിലും ഉമ്മവച്ച് അവർ പറഞ്ഞു, “ഇനി നമ്മളൊന്നും കാണലുണ്ടാവില്ല മോളേ, *ഖിയാമം നാളാണ് വരാൻ പോണത്, മുഖത്തോടു മുഖം കണ്ടാലും മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാത്ത കാലം.”
“ആത്തീ, എണീക്ക് മോളെ, ഇങ്ങനെ കിടന്നാൽ മതിയോ? ദാ ക്ലാസ്സൊക്കെ തുടങ്ങാൻ പോവാണ്.”
ആത്തില മെല്ലെ കണ്ണു തുറന്നു. അമ്മായിയാണ്. അവളെ ചാരിയിരിക്കാൻ സഹായിച്ചുകൊണ്ട് അവർ പൾസും ബി പിയും നോക്കി.
ബാപ്പയുടെ ഇളയതാണെങ്കിലും അമ്മായിയുടെ മുടി നരച്ചു തുടങ്ങിയല്ലോ എന്നവൾ ശ്രദ്ധിച്ചു. സ്റ്റെത് എടുത്ത് അമ്മായിയുടെ നെഞ്ചിൽ ചേർത്തു, കുട്ടിക്കാലത്ത് ചെയ്യുന്ന പോലെ. മിടിപ്പ് കൂടുതലാണ്.
“പോവണ്ടേ കോളേജിലും ഹോസ്പിറ്റലിലും ഒക്കെ? ഈ കിടത്തം മതിയാക്കാം നമുക്ക്.”
“വണ്ടിയൊക്കെ ഓടിത്തുടങ്ങിയോ?”
“പിന്നേ. ഞാൻ കാറോടിച്ചല്ലേ വന്നത് ഇപ്പൊ.”
“എന്നാ, ആദ്യം പൂക്കുനെ കാണാൻ പോവാം, എത്ര നാളായി. പിണങ്ങിക്കാണും എന്നോട്.”
ഉമ്മ കരയാൻ തുടങ്ങി അതുകേട്ടപ്പോൾ.
“മോളു, അത് മനസ്സിൽ നിന്ന് കള,എത്ര ദിവസമായി. ലോക് ഡൗൺ ആയതു കൊണ്ടല്ലേ പോവാൻ പറ്റാതിരുന്നത്. നമുക്ക് ഉമ്മാമയ്ക്ക് വേണ്ടി ദുആ ചെയ്യാം, പരലോകം അവർക്ക് വിശാലമാക്കി കൊടുക്കട്ടെ,: അമ്മായി അവളെ ചേർത്തുപിടിച്ച് പറഞ്ഞു.
“എന്തിന്, അവിടെ ഫുട്ബോൾ കളിക്കാനോ,” ആത്തില കുതറി. അവളുടെ കൺപോളകളിൽ കരഞ്ഞു തീരാത്ത കണ്ണുനീരിന്റെ ഭാരം നിറഞ്ഞു.
അമ്മായി കുത്തിവച്ച കൈത്തണ്ടയിൽ പതുപതുത്ത സ്പർശം.
“എണേ…”
“ഞാൻ നിങ്ങളോട് കൂട്ടില്ല. ടാഗോറിനെ കിട്ടിയപ്പോ എന്നെ മറന്നില്ലേ.”
“അല്ല, എന്റെ നൈജാമലി.”
ആത്തില കണ്ണ് തുറന്നു. മുന്നിൽ കുസൃതി ചിരിയോടെ, പതിനാലാം രാവുദിച്ചപോലെ പൂക്കു.
“ഇങ്ങനെയാണ് ആളുകളെ പറ്റിക്കേണ്ടത്, അല്ലാതെ നിന്നപ്പോലെ അഞ്ചു പൈശക്ക് ഇല്ലാത്ത സൂത്രം കൊണ്ടല്ല.”
“ഓ, ഒരു ഖോജാത്തി പൂക്കു.”
“നെനക്ക് ഓനെ കാണണംന്നു തോന്നുന്നില്ലേ, നെന്റെ കള്ള മാപ്പളനെ,” പൂക്കു അവളുടെ പൊക്കിൾ ചുഴിയിൽ ഇക്കിളിയിട്ടു.
“കുറച്ചൊക്കെ.”
“എന്നാ നന്നായൊന്നുറങ്ങി എണീക്ക്.” അവളുടെ കൺപോളകളിൽ തഴുകി അവർ പാടാൻ തുടങ്ങി
‘കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരയ്ക്ക കായ്ക്കുന്ന നാട്ടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ…’
- റൂഹാനി – ആത്മാവിൽ ഉള്ള പൊരുൾ
- മില്ലാപ്പുറം – പൂമുഖം
- പൊഞ്ചപ്പം – കസവ് തട്ടം
- എണാവുക – മുടിയിൽ തലോടുക
- വജ്ജ് – വഴി
- ഖിയാമം നാൾ- അന്ത്യവിധി നാൾ