“വീടിന് വിമ്മിട്ടം. വീടൊരു വീടാണെന്ന് മറന്ന് തറയ്ക്ക് തീപിടിച്ചപോലെ ഉലാത്താൻ തുടങ്ങി”ബിബിൻ ആൻറണി എഴുതിയ കവിത
ഒരു വഴിയുമില്ലേയെന്ന്
വീട് വീണ്ടും ചോദിച്ചു.
ഉണ്ടാവും ഉണ്ടാവുമെന്ന്
പറഞ്ഞവരൊക്കെ
ഉണ്ടെണീറ്റു.
വീട് വീണ്ടും
മേൽക്കൂരക്ക് കയ്യുംകൊടുത്ത്,
കയ്യാലപ്പൊത്തീന്നിറങ്ങി
കണ്ടം മുറിച്ച്
കൈതക്കാട്ടിലോട്ടിഴഞ്ഞു കേറുന്ന
ചേരയെ നോക്കി
ചിമ്മിനി പുകച്ചിരുന്നു.
വീടിനാണ് വേവലാതി;
വഴിയില്ലാതൊഴിഞ്ഞുപോകുന്നവർ
കൈതകടന്നാൽ
അവർക്കു പിന്നെയും
പഞ്ചായത്തു റോഡുണ്ട്,
വളവും ഇറക്കവും കേറ്റവും
ചെറിയൊരു കലിങ്കും കടന്നാൽ
മലയോര ഹൈവേയുണ്ട്
അതിനുമപ്പുറം
റെയിൽ പാളമോ
പുലിമുട്ടോ
കാത്തിരിപ്പുണ്ട്.
വീടിനെന്തു വഴിയുണ്ട്?
അതിലേക്ക് വരയ്ക്കാതൊരു വഴിയും
അതിനെ തേടിവരില്ല;
അതിൽനിന്നെങ്ങോട്ടും
പുറപ്പെടുകയുമില്ല.
സകലവഴിയുമടഞ്ഞവർ
എത്രയുണ്ടായിരുന്നു,
വീട്ടിൽ.
മുഷിഞ്ഞക്കുപ്പായത്തിൽ
അതിലും മുഷിഞ്ഞ
ഉടലുകൾ പൊതിഞ്ഞെടുത്ത്
കൈതക്കാട് കേറി
ഫുരിഡാൻ മണമുള്ള
എത്രപേർ
എപ്പോഴൊക്കെയെത്തിയതാണ്
പെട്ടിയും തൂക്കി
‘ഈ വഴിക്കിനിയില്ലെ’ന്ന്
വഴക്കിട്ടുപോയവർ
‘വഴിയൊക്കെ
കാടുകേറിയെല്ലോ’ന്നുപറഞ്ഞെത്ര
മടങ്ങിയീ
വഴിക്കു വന്നതാണ്.
ഇനി വഴിയില്ലെന്ന് പറയുമ്പോ
പുളിച്ച തെറിവിളിക്കുന്നവരുടെ
അടുക്കളപ്പുറത്തെ
ഉണക്കമീൻ നാറ്റവും
ചീഞ്ഞ നോട്ടവും
ആർക്കുമില്ലാതായിപ്പോകും;
അതുകേൾക്കാതെങ്ങനെ
വീടുറങ്ങും.
വീടിന് വിമ്മിട്ടം.
വീടൊരു
വീടാണെന്ന് മറന്ന്
തറയ്ക്ക് തീപിടിച്ചപോലെ
ഉലാത്താൻ തുടങ്ങി