ആൻഡ്രോയിഡ് ഫോണിൽ നിന്നും ഐഫോണിലേക്കും തിരിച്ചും ചാറ്റ് ഹിസ്റ്ററി മാറ്റാനുള്ള സംവിധാനം അവതരിപ്പിക്കുന്നതായി വാട്സ്ആപ്പ് പ്രഖ്യാപിച്ചു. പുതിയ ഫീച്ചർ വരുന്നതോടെ മൊബൈൽ ഓപറേറ്റിങ് സിസ്റ്റം മാറിയാലും വോയിസ് മെസ്സേജുകളും ചിത്രങ്ങളും അടക്കമുള്ള സംവിധാനങ്ങൾ മറ്റു ഫോണിലേക്ക് മാറ്റാൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
“ഉപയോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് ഹിസ്റ്ററി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതമായി മാറ്റുന്നത് എളുപ്പമാക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്” എന്ന് വാട്സ്ആപ്പ് പ്രോഡക്ട് മാനേജർ സന്ദീപ് പരുചുരി പറഞ്ഞു.
പുതിയ ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകും. അതായത് ഉപയോക്താക്കൾക്ക് രണ്ടു ഓപറേറ്റിങ് സിസ്റ്റത്തിൽ നിന്നും ചാറ്റ് ഹിസ്റ്ററി അങ്ങോട്ടും ഇങ്ങോട്ടും മാറ്റാൻ സാധിക്കും.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വരുന്ന ആഴ്ചകളിൽ ഈ ഫീച്ചർ ലഭിക്കും. എന്നാൽ പുതിയ സാംസങ് ഗാലക്‌സി ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാണെന്ന് വാട്സ്ആപ്പ് അറിയിച്ചു. സാംസങ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഗാലക്‌സി സെഡ് ഫോൾഡ് 3, ഗാലക്‌സി സെഡ് ഫ്ളിപ് 3 ഫോണുകളിലാണ് ഫീച്ചർ ലഭ്യമായിരിക്കുന്നത്. ആൻഡ്രോയിഡ് 10നും അതിനു മുകളിലുള്ള വേർഷനുകളിലും മാത്രമാണ് ഈ ഫീച്ചർ ലഭ്യമാവുകയുള്ളു എന്നും വാട്സ്ആപ്പ് വ്യക്തമാക്കി.
The post WhatsApp: ചാറ്റ് ഹിസ്റ്ററി ട്രാൻസ്ഫർ ചെയ്യാൻ സംവിധാനം; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ appeared first on Indian Express Malayalam.