രസതന്ത്ര പ്രകാരം ഹൈഡ്രജനും ഓക്സിജനും (H20) ചേരുമ്പോൾ ഉണ്ടാവുന്ന നിറമില്ലാത്ത ദ്രാവകമാണ് ജലം. ജീവൻ നിലനിർത്തുന്നതിന് ഏതൊരു ജീവിക്കും ഇത് കുടിക്കേണ്ടത് അത്യാവശ്യമാണ്. മറ്റുള്ള ഏതു പാനീയങ്ങളും പോലെ കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിന് കലോറികൾ ഒന്നും തന്നെ ലഭിക്കുന്നതല്ലെങ്കിലും ഇതില്ലാതെ മുന്നോട്ടുപോവുക അസാധ്യമാണ്. ഒരു വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് ജലാംശം നിലനിർത്തുക എന്ന ആദ്യ നിയമം. വേണമെങ്കിൽ നമ്മുടെ ശരീരത്തിന് ആഹാരമില്ലാതെ ആഴ്ചകളോളം നിലനിൽക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു. എന്നാൽ ഒന്നോ രണ്ടോ ദിവസം വെള്ളം കുടിക്കാതെ ജീവിക്കാൻ ആർക്കും കഴിയില്ല. നമ്മുടെ ശരീരം പോലും 60% വെള്ളത്താൽ നിർമ്മിതമാണെന്നും, ജലാംശം ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടുകൊണ്ട് നിർജ്ജലീകരണം സംഭവിക്കുന്നത് ഏതൊരാളെയും ശാരീരികമായും മാനസികമായും വളരെ മോശപ്പെട്ട രീതിയിൽ ബാധിക്കാനും സാധ്യതയുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.
ജലം നൽകും ഗുണങ്ങൾ
നമ്മൾ കുടിക്കുന്ന ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ കൃത്യമായ പോഷക ഘടന അതിന്റെ ഉറവിടത്തെ ആശ്രയിച്ചിരിക്കുന്നതാണ്. ഭൂഗർഭ ജലസംഭരണികളിൽ നിന്നും നീരുറവകളിൽ നിന്നും ഉരുത്തിരിഞ്ഞ ജലത്തിന് ധാതു ഗുണങ്ങൾ നിരവധിയുണ്ട്. കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയ അധിക പോഷകങ്ങൾ ഇതിൽ നിന്നും നമുക്ക് ലഭിക്കും. കുടിവെള്ളത്തിന്റെ അഭാവം നമ്മുടെ നിത്യ ജീവിതത്തിൽ നിരവധി പ്രശ്നങ്ങളെ വരുത്തി വയ്ക്കും. നമ്മുടെ നിത്യജീവിതത്തിൽ വെള്ളത്തിൻറെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങളുടെ ജല ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള ചില വഴികൾ ഇവിടെനിന്നും കണ്ടെത്താം.
1. ഓർമ്മശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നു
കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള എല്ലാവരിലും ഉണ്ടാവുന്ന ഏറ്റവും ചെറിയ നിർജ്ജലീകരണം പോലും നമ്മുടെ ഓർമശക്തിയേയും മാനസികാവസ്ഥയേയും തകരാറിലാക്കുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ജലാംശം നഷ്ടപ്പെടുന്നത് തലച്ചോറിനെയും ശരീരത്തെയും പലരീതിയിലും ദോഷകരമായ ബാധിക്കാനിടയുണ്ട്. ഗവേഷണങ്ങൾ കാണിക്കുന്നത് നേരിയ നിർജ്ജലീകരണം പോലും മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും നമ്മുടെ ഉത്കണ്ഠകളെ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്. ജലത്തിന്റെ അഭാവം ചില വ്യക്തികളിൽ തലവേദന അല്ലെങ്കിൽ മൈഗ്രെയ്ൻ സാധ്യതളും വർദ്ധിപ്പിക്കാറുണ്ട്.
2. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ
ചില സന്ദർഭങ്ങളിൽ വിശപ്പും ദാഹവും തമ്മിലുള്ള വ്യത്യാസം നമുക്ക് പറഞ്ഞുതരാൻ പലപ്പോഴും തലച്ചോറിന് കഴിയില്ല എന്നാണ് കണ്ടെത്തൽ. അതുകൊണ്ടുതന്നെയാണ് പലപ്പോഴും നമുക്ക് ദാഹം ഉണ്ടാവുമ്പോൾ അത് വിശപ്പ് ആയി അനുഭവപ്പെടുന്നത്. ചിലർക്ക് മധുരം കൂടുതൽ കഴിക്കാൻ തോന്നലുണ്ടാക്കുന്ന ഷുഗർ ക്രേവിങ് ലക്ഷണങ്ങൾ ഇതിൻ്റെ പ്രധാന ഉദാഹരണമാണ്. അടുത്ത തവണ നിങ്ങൾക്ക് ഇത്തരത്തിൽ മധുരമുള്ള എന്തെങ്കിലും കഴിക്കാൻ ആവശ്യമാണെന്ന തോന്നൽ ഉണ്ടാവുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യം ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ശ്രമിക്കുകയാണ്.
നിങ്ങളുടെ ശരീരത്തിൽ ശരിയായ അളവിൽ ജലാംശം നിലനിർത്തുന്നത് കൃത്യമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്ന ശീലം നിങ്ങളുടെ വിശപ്പ് കുറക്കുന്നതിനും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് സഹായം ചെയ്യുമെന്നും നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ജലാംശം കൂടുതൽ അടങ്ങിയ പാനീയങ്ങൾ ഇക്കാര്യത്തിൽ ഏറ്റവും മികച്ചതാണ്. ഇത് ഭാരം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനുമെല്ലാം മികച്ച ഗുണങ്ങളെ നൽകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
3. വ്യായാമ പ്രകടനങ്ങൾ മെച്ചപ്പെടുത്താൻ
വ്യായാമം ചെയ്യുന്ന വേളയിൽ നമ്മൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വെള്ളം കുടിക്കാൻ ആയിരിക്കും. അത്ലറ്റുകളുടെ കാര്യത്തിൽ ജലാംശം ഏറ്റവും അത്യാവശ്യമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാതിരുന്നെങ്കിൽ മാത്രമേ ഏതൊരു വ്യായാമവും നമുക്ക് കൃത്യമായി ചെയ്ത് തീർത്തുകൊണ്ട് ആഗ്രഹിക്കുന്ന ഫലങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളൂ. നിർജ്ജലീകരണം നമ്മുടെയെല്ലാം കായിക പ്രകടനങ്ങളെ മാത്രമല്ല, മുഴുവൻ ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് നിഗമനം ചെയ്യുന്നു.
4. ദഹനത്തെ സഹായിക്കാൻ
ദഹനവ്യവസ്ഥയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് . ദഹനപ്രക്രിയ ഏറ്റവും മികച്ചതാക്കി തീർക്കാനായി ശരീരത്തിൽ ഉടനീളം ജലാംശം നിലനിർത്തേണ്ടതും അത്യാവശ്യം തന്നെ. കുട്ടികളിലും മുതിർന്നവരിലും പ്രായമായവരിലും മലബന്ധം അടക്കമുള്ള ലക്ഷണങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
5. മൂത്രവ്യവസ്ഥയുടെ ആരോഗ്യത്തെ പിന്തുണയ്ക്കാൻ
വെള്ളം കുടിക്കുന്നത് കുറയുമ്പോൾ അത് മിക്കവാറും ആളുകളിൽ വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ ദിവസവും എട്ട് ഗ്ലാസ് വെള്ളം കുളിക്കാൻ ശുപാർശ ചെയ്യപ്പെടുന്നു. പതിവായി വെള്ളം കുടിക്കുന്ന ശീലം സ്ത്രീകളിൽ മൂത്രസഞ്ചി അണുബാധ, സിസ്റ്റിറ്റിസ് ഉൾപ്പെടെയുള്ള മൂത്രനാളി അണുബാധകൾ എന്നിവ കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഒരു ദിവസം എത്രത്തോളം വെള്ളം കുടിക്കണം ?
ശരാശരി മുതിർന്നവർ ഓരോ ദിവസവും 6-8 ഗ്ലാസുകൾ വരെയും ദിവസത്തിൽ ഉടനീളം ഹൈഡ്രേറ്റിംഗ് ദ്രാവകങ്ങളോ മറ്റോ കഴിക്കണമെന്ന് നാഷണൽ ഹെൽത്ത് ഓർഗനൈസേഷൻ നിർദേശിക്കുന്നുണ്ട്. കൊഴുപ്പ് കുറഞ്ഞ പാൽ, കുറഞ്ഞ പഞ്ചസാര അടങ്ങിയിട്ടുള്ളതോ അല്ലെങ്കിൽ പഞ്ചസാര രഹിതമോ ആയ പാനീയങ്ങൾ, ചായ, കാപ്പി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ പ്രായം, ലിംഗഭേദം, പ്രവർത്തന നില എന്നിവയെ ആശ്രയിച്ച് വെള്ളം കുടിക്കുന്നതിൻ്റെ അളവുകോൽ വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, നിങ്ങൾ ദിവസത്തിൽ ഉടനീളം കൂടുതൽ വ്യായാമം ചെയ്യുന്ന ആൾ ആണെങ്കിലോ അല്ലെങ്കിൽ ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്ന ആളുകൾ ആണെങ്കിലോ നിങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യമായി വന്നേക്കാം. നമ്മുടെ രാജ്യത്ത് നിയമപരമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന ടാപ്പിൽ നിന്നും വരുന്ന വെള്ളം എല്ലാവർക്കും കുടിക്കാൻ സുരക്ഷിതമായാതാണ്. എങ്കിൽ തന്നെയും ചെറിയ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കുകയാണെങ്കിൽ, ക്ലോറിൻ ചേർക്കാത്ത രീതിയിലുള്ള ആരോഗ്യകരമായ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കണം.