തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്ക് വേണ്ടി വാക്സിൻ വാങ്ങാൻ 126 കോടി രൂപ സർക്കാർ അനുവദിച്ചു. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 20 ലക്ഷം കോവിഷീൽഡ് വാക്സിൻ വാങ്ങാനാണ് തുക അനുവദിക്കുക. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി വാക്സിൻ സംഭരിച്ച് വിതരണം ചെയ്യുക.
കേരള മെഡിക്കൽ സർവീസ് കോർപറേഷൻ 10 ലക്ഷം ഡോസ് വീതംരണ്ട് തവണയായി വാക്സിൻ സംഭരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് 126 കോടി രൂപ അനുവദിച്ചത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് തത്യുല്യമായ തുക പിന്നീട് വാക്സിൻ വിതരണത്തിന് ശേഷം ശേഖരിച്ച് ഫണ്ടിലേക്ക് തിരിച്ചടയ്ക്കേണ്ട ചുമതലയും മെഡിക്കൽ സർവീസ് കോർപ്പറേഷനാണ്.
സ്വകാര്യ ആശുപത്രികളിലേക്ക് വാക്സിൻ നൽകുന്ന നടപടിക്ക് സംസ്ഥാന ഹെൽത്ത് ഏജൻസിയും കോർപ്പറേഷനൊപ്പം സഹകരിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.
സംസ്ഥാന ഹെൽത്ത് ഏജൻസി സ്വകാര്യ ആശുപത്രികളുമായി നടത്തിയ ചർച്ചകളിൽ 18.18 ലക്ഷം ഡോസ് വാക്സിന്റെ ആവശ്യകത ആശുപത്രികൾ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം. വാക്സിൻ സംഭരണത്തിനായി വരുന്ന ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കണ്ടെത്താനാണ് തീരുമാനം.