കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ ചോക്ളേറ്റും മധുരപലഹാരങ്ങളും കാണും. പലപ്പോഴും കുഞ്ഞുങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മധുരപലഹാരങ്ങളായിരിക്കും. എന്നാൽ അനിയന്ത്രിതമായ അളവിൽ മധുരം കഴിക്കുന്നത് പല്ലുകൾക്ക് ഹാനികരമാണ്. ഇവ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിൽ നിന്ന് രക്ഷ നേടാം
കുഞ്ഞുങ്ങൾക്ക് മിഠായി കൊടുക്കുന്നത് പരമാധി കുറയ്ക്കാം. മിഠായി വായിൽ പറ്റിപിടിച്ചിരിക്കുന്നത് പല്ല് കേടാവാൻ കാരണമാവും. അഥവാ മിഠായി തിന്നേണ്ടി വരുന്ന സാഹചര്യത്തിൽ പല്ലുകൾ നല്ലവണ്ണം കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
ദിവസത്തിൽ ഏറ്റവും പ്രാധാന്യമേറിയതാണ് പ്രഭാത ഭക്ഷണം. കുഞ്ഞുങ്ങൾക്ക് ധാരാളം പച്ചക്കറികൾ ഈ സമയം നൽകാം. കുട്ടികൾക്ക് ഇഷ്ടമുള്ള രൂപത്തിൽ ഭക്ഷണങ്ങൾ തയ്യാറാക്കി കൊടുക്കുന്നത് അവർക്ക് കഴിക്കാനുള്ള ആവേശം കൂട്ടുന്നു.
കുഞ്ഞുങ്ങൾക്ക് പൂർണ്ണമായും മധുരം കൊടുക്കാതിരിക്കുന്നത് ശരിയല്ല. ഒറ്റയടിക്ക് നിർത്തുന്നതിനേക്കാൾ പതിയെ കുറച്ച് വരുന്നതാണ് നല്ലത്. വീട്ടിൽ കുറച്ച് മാത്രം മധുരപലഹാരങ്ങൾ സൂക്ഷിക്കാം
കുഞ്ഞുങ്ങൾക്ക് ധാരാളം വെളളം നൽകേണ്ടതുണ്ട്. മിഠായി ചോദിച്ച് വരുന്ന സമയത്ത് വെള്ളം നൽകി ശ്രദ്ധ തിരിക്കാം. പഴങ്ങൾ നൽകുന്നത് നല്ലൊരു ആശയമാണ്. ഇത് ചെയതാൽ മിഠായി തരാം എന്ന് രീതിയിൽ കുട്ടിയെ വളർത്തുന്ന പ്രവണത ശരിയല്ല. കുഞ്ഞുങ്ങൾക്ക് സമ്മാനമായി നട്സ്, പഴങ്ങൾ എന്നിവ നൽകാം. അമിതമായാൽ അമൃതും വിഷമാണെന്ന ചിന്ത മനസ്സിൽ വെയ്ക്കണം
കുഞ്ഞുങ്ങൾക്ക് മാതൃകയാവേണ്ടത് മാതാപിതാക്കൾ തന്നെയാണ്. കുഞ്ഞുങ്ങളോട് ചോക്ക്ളേറ്റും മറ്റും മധുരപലഹാരങ്ങളും ഒഴിവാക്കാൻ പറഞ്ഞിട്ട് മാതാപിതാക്കൾ കഴിക്കുന്നത് ഒഴിവാക്കണം.
Content Highlights: how to control sugar cravings of child