വാട്സ്ആപ്പിന്റെ ഡിസപ്പിയറിങ് ഫോട്ടോസ് ഫീച്ചർ ഒടുവിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായി. ‘വ്യൂ വൺസ്’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ കാണപ്പെടുന്ന അതേ ഫീച്ചറാണ് ഇത്. ഇത്തരത്തിൽ അയക്കുന്ന ചിത്രങ്ങൾ ഒറ്റ തവണ മാത്രമേ കാണാൻ സാധിക്കുകയുള്ളു.
അതായത്, ഒരു ഫൊട്ടോയോ വീഡിയോയോ ഒരാൾക്ക് അയച്ച ശേഷം അയാൾ അത് തുറന്ന് ഒരിക്കൽ കണ്ടു കഴിഞ്ഞാൽ പിന്നെ കാണാൻ സാധിക്കില്ല. പക്ഷേ ഇത്തരത്തിൽ ഫോട്ടോസ് അയക്കാൻ ഓരോ തവണയും വ്യൂ വൺസ് ഓപ്‌ഷൻ തിരഞ്ഞെടുക്കേണ്ടതുണ്ട്. കൂടുതൽ അറിയാൻ തുടർന്നു വായിക്കുക.
പുതിയ ഫീച്ചറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത്
‘വ്യൂ വൺസ്’ ഫീച്ചർ ഉപയോഗിച്ച് നിങ്ങൾ അയയ്ക്കുന്ന ഒരു ഫോട്ടോയും വീഡിയോയും സന്ദേശം ലഭിക്കുന്ന ആളുടെ ഗാലറിയിൽ സേവ് ആകില്ലെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. ഒരിക്കൽ നിങ്ങൾ ഒരു വ്യൂ വൺസ് ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയച്ചുകഴിഞ്ഞാൽ, വാട്ട്‌സ്ആപ്പിന് അത് വീണ്ടും കാണിക്കാൻ കഴിയില്ല.
വ്യൂ വൺസ് ഫീച്ചർ ഉപയോഗിച്ച് അയച്ചതോ സ്വീകരിച്ചതോ ആയ ഫോട്ടോകളോ വീഡിയോകളോ ഫോർവേഡ് ചെയ്യാനോ സ്റ്റാർ ചെയ്ത് സംരക്ഷിക്കാനോ പങ്കിടാനോ വാട്സ്ആപ്പ് അനുവദിക്കില്ല. സന്ദേശം ലഭിക്കുന്നയാൾ റീഡ് റെസീപ്റ്റ് ഓണാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ഒരു വ്യൂ വൺ ഫോട്ടോ അല്ലെങ്കിൽ വീഡിയോ തുറന്നു എന്ന് നിങ്ങൾക്ക് കാണാൻ കഴിയൂ.
ഫോട്ടോയോ വീഡിയോയോ അയച്ച് 14 ദിവസത്തിനുള്ളിൽ തുറന്നിട്ടില്ലെങ്കിൽ, ചാറ്റിൽ നിന്ന് അത് പോകുമെന്നും ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി പറയുന്നു. എന്നാൽ, ബാക്കപ്പ് സമയത്ത് മെസ്സേജ് നോക്കാതെ ഇട്ടിരിക്കുകയാണെങ്കിൽ ബാക്കപ്പ് ചെയ്ത ശേഷവും വ്യൂ വൺസ് ഫോട്ടോകൾ കാണാൻ കഴിയും. ഫോട്ടോയോ വീഡിയോയോ ഇതിനകം തുറന്നിട്ടുണ്ടെങ്കിൽ, മീഡിയ ബാക്കപ്പിൽ ഉൾപ്പെടുത്തുകയില്ല, പിന്നീട് കാണാൻ കഴിയില്ല.
ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കുമോ?
മീഡിയ അപ്രത്യക്ഷമാകുന്നതിനുമുമ്പ് സ്ക്രീൻഷോട്ട് എടുക്കാനോ സ്ക്രീൻ റെക്കോർഡിംഗ് ചെയ്യാനോ വാട്ട്‌സ്ആപ്പ് അനുവദിക്കുന്നുണ്ട്. കൂടാതെ, ആരെങ്കിലും സ്ക്രീൻഷോട്ടോ സ്ക്രീൻ റെക്കോർഡോ എടുക്കുകയാണെങ്കിൽ അയച്ച വ്യക്തിക്ക് അറിയിപ്പ് ലഭിക്കില്ല.
ഫോട്ടോ അപ്രത്യക്ഷമാകുന്നതിനുമുമ്പ് ഒരാൾക്ക് ക്യാമറയോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ച് ഫോട്ടോയോ വീഡിയോയോ എടുക്കാൻ കഴിയുമെന്നും വാട്ട്‌സ്ആപ്പ് മുന്നറിയിപ്പ് നൽകുന്നു. “നിങ്ങൾ അയച്ചതിന് ശേഷം എൻക്രിപ്റ്റ് ചെയ്ത മീഡിയ കുറച്ച് ആഴ്ചകളോളം വാട്ട്‌സ്ആപ്പിന്റെ സെർവറുകളിൽ സൂക്ഷിച്ചേക്കാം.” എന്നും കമ്പനി പറയുന്നു.
Also read: WhatsApp: വാട്സ്ആപ്പിലെ ഡിലീറ്റഡ് മെസ്സേജുകൾ വായിക്കാൻ വഴിയുണ്ട്; അറിയാം
എങ്ങനെയാണ് ഫീച്ചർ ഉപയോഗിക്കുക?
സ്റ്റെപ് 1: വാട്സ്ആപ്പ് തുറന്ന് അറ്റാച്ച്മെന്റ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ് 2: തുടർന്ന്, ഗാലറിയിൽ പോയി അയയ്‌ക്കേണ്ട ഫോട്ടോ അല്ലെങ്കിൽ വീഡിയോ തിരഞ്ഞെടുക്കുക.
സ്റ്റെപ് 3: അത് തിരഞ്ഞെടുത്ത ശേഷം, ക്യാപ്‌ഷൻ ചേർക്കുന്നതിന് സമീപം ക്ലോക്ക് പോലുള്ള ഐക്കൺ കാണാം, വ്യൂ വൺസ് ആയി അയക്കാൻ അതിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം സന്ദേശമായി അപ്രത്യക്ഷമാകുന്ന ഫോട്ടോകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയക്കാം.
The post WhatsApp: വാട്സ്ആപ്പിൽ ഇനി ഒറ്റ തവണ കാണാവുന്ന വിധത്തിലും ചിത്രങ്ങൾ അയക്കാം appeared first on Indian Express Malayalam.