വാട്സ്ആപ്പിലെ മെസ്സേജ് ഡിലീറ്റിങ് ഓപ്‌ഷൻ എല്ലാവരും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. ഒരു മെസ്സേജ് അയച്ചു കഴിഞ്ഞ് ഒരു മണിക്കൂർ സമയം വരെ ആ മെസ്സേജ് ഡിലീറ്റ് ചെയ്യാൻ മെസ്സേജ് അയച്ച ആൾക്ക് സാധിക്കും. എന്നാൽ പലപ്പോഴും ഡിലീറ്റഡ് മെസ്സേജുകൾ കാണുമ്പോഴും അത് എന്താണെന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിലോ എന്ന് ചിന്തിക്കുന്നവരായിരിക്കും പലരും.
അത്തരത്തിൽ ചിന്തിക്കുന്നവർക്ക് ഡിലീറ്റഡ് മെസ്സേജുകൾ ഒരു പരിധിവരെ അറിയാൻ സഹായിക്കുന്ന ഒരു ആപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ‘ഡബ്ള്യുഎഎംആർ: റിക്കവർ ഡിലീറ്റഡ് മെസ്സേജസ് ആൻഡ് സ്റ്റാറ്റസ്’ എന്നാണ് ആപ്പിന്റെ പേര്. ഇത് നിങ്ങൾ കാണുന്നതിന് മുന്നേ ഡിലീറ്റ് ചെയ്യപ്പെട്ട മെസ്സേജുകൾ അറിയാൻ സഹായിക്കും, ഒപ്പം വാട്സ്ആപ്പിലെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഡൗൺലോഡ് ചെയ്യാനും ഇതിൽ സാധിക്കും.
എങ്ങനെയാണ് ഡബ്ള്യുഎഎംആർ ഉപയോഗിക്കേണ്ടത്?
ഗൂഗിൾ പ്ലേയിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. അതിനു ശേഷം നിങ്ങൾ നോട്ടിഫിക്കേഷനുകൾ വായിക്കാൻ ഉദ്ദേശിക്കുന്ന വാട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾ തിരഞ്ഞെടുക്കുക. അതിനു ശേഷം നോട്ടിഫിക്കേഷനുകൾ വായിച്ചു രേഖപ്പെടുത്തുന്നതിനായി ആപ്പ് ചോദിക്കുന്ന പെർമിഷനുകൾ വായിച്ചു അവ കൊടുക്കുക.
ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് വരുന്ന എല്ലാ നോട്ടിഫിക്കേഷനുകളും ആപ്പിൽ കാണാൻ സാധിക്കും. ഡിലീറ്റ് ചെയ്യപ്പെട്ടത് ഉൾപ്പടെ ഇതിൽ കാണാനാകും. മീഡിയ ഫയലുകൾ ഓട്ടോ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്‌ഷൻ നൽകിയിട്ടുണ്ടെങ്കിൽ അവ ആപ്പ് വീണ്ടെടുക്കും. ഡബ്ള്യുഎഎംആർ ആപ്പ് നോട്ടിഫിക്കേഷനുകൾ വായിച്ചു രേഖപ്പെടുത്താൻ തുടങ്ങിയാൽ വാട്സ്ആപ്പിലെ പോലെ ഓരോ വിൻഡോയിലായി മെസ്സേജുകൾ കാണാൻ സാധിക്കും.
എങ്ങനെയാണ് ആപ്പ് പ്രവർത്തിക്കുക?
ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഡബ്ള്യുഎഎംആർ ആപ്പിന് നിങ്ങളുടെ നോട്ടിഫിക്കേഷനുകളിലേക്ക ആക്സസ് ആവശ്യമാണ്. നോട്ടിഫിക്കേഷൻ ആക്‌സസ് അനുവദിച്ചാൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാതെ തന്നെ ഡിലീറ്റ് മെസ്സജുകൾ ലഭിക്കാൻ ആപ്പ് സഹായിക്കും.
ആപ്പിന് നോട്ടിഫിക്കേഷൻ ആക്‌സസ് നൽകിയാൽ എല്ലാ നോട്ടിഫിക്കേഷനുകളും ആപ്പ് നിരീക്ഷിക്കും. വാട്സ്ആപ്പ് വഴി ഫോണിലേക്ക് വരുന്ന എല്ലാ നോട്ടിഫിക്കേഷനുകളും രേഖപ്പെടുത്തും. അയച്ച ആൾ ആ സന്ദേശം ഡിലീറ്റ് ചെയ്താലും ക്യാഷ്ഡ് ഡാറ്റ ഉപയോഗിച്ച് ആപ്പ് ആ മെസ്സേജുകൾ കാണിക്കും.
ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന ഇൻസ്റ്റഗ്രാമിലെ മീഡിയ ഫയലുകളും ഡബ്ള്യുഎഎംആർ ഉപയോഗിച്ച് കാണാൻ സാധിക്കും. എന്നാൽ അതിനു ഓട്ടോമാറ്റിക് ഡൗൺലോഡ് ഓപ്‌ഷൻ ഓൺ ചെയ്യേണ്ടതുണ്ട്. നോട്ടിഫിക്കേഷൻ വരുന്ന മെസ്സേജുകൾ മാത്രമാണ് ആപ്പ് വായിക്കുക. നോട്ടിഫിക്കേഷൻ ലഭിക്കാത്ത ഡിലീറ്റഡ് മെസ്സേജുകൾ അതുകൊണ്ട് തന്നെ പിന്നീട് കാണാൻ സാധിക്കുകയില്ല. അതായത് ഏതെങ്കിലും ചാറ്റുകൾ മ്യൂട്ട് ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ അവ കാണാൻ സാധിക്കില്ല.
The post WhatsApp: വാട്സ്ആപ്പിലെ ഡിലീറ്റഡ് മെസ്സേജുകൾ വായിക്കാൻ വഴിയുണ്ട്; അറിയാം appeared first on Indian Express Malayalam.