കോഴിക്കോട്: ഡൽഹി സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത സസ്യശാസ്ത്രജ്ഞനുമായ ദീപക് പെന്റാലിന്റെ നാമത്തിൽ പുതിയൊരു തവളയിനം പശ്ചിമഘട്ടത്തിൽ നിന്ന്. മിനർവാര്യ പെന്റാലി (Minervarya pentali) എന്ന് പേരിട്ട കുഞ്ഞൻ തവളയെ പത്തുവർഷത്തെ പഠനത്തിനൊടുവിലാണ് ഗവേഷകർ അവതരിപ്പിച്ചത്.
ഡൽഹി സർവ്വകലാശാലയിലെ ഉഭയജീവി ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. ഉത്തർപ്രദേശ് സ്വദേശി ഡോ.സൊണാലി ഗാർഗും മലയാളിയായ പ്രൊഫ.സത്യഭാമ ദാസ് ബിജുവും (എസ്.ഡി. ബിജു) ചേർന്ന് നടത്തിയ കണ്ടെത്തലിന്റെ റിപ്പോർട്ട് എഷ്യൻ ഹെർപ്പറ്റോളജിക്കൽ റിസർച്ച് ജേർണലിന്റെ പുതിയ ലക്കത്തിലാണുള്ളത്.
മിനർവാര്യൻ തവളകൾ (Minervaryan frogs) എന്നറിയപ്പെടുന്ന വലിയൊരു വിഭാഗമുണ്ട്. തെക്കൻ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന മിനർവാര്യ (Minervarya) ജീനസിൽ പെട്ട ഈ വിഭാഗം, ഉഭയജീവി ഗവേഷകർക്ക് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയാണ്.
ആശയക്കുഴപ്പം അവസാനിപ്പിക്കാനായി ഈ ജീനസിനെ കുറിച്ച് ഏതാണ്ട് പത്തുവർഷം നടത്തിയ സമഗ്രമായ പഠനത്തിനിടെയാണ്, കുഞ്ഞൻ തവളകളുടെ ഗണത്തിൽ പെടുന്ന പുതിയ തവളയിനത്തെ തിരിച്ചറിഞ്ഞതെന്ന്, ഡൽഹി സർവ്വകലാശാലയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
ബാഹ്യഘടന സംബന്ധിച്ച താരതമ്യം, ജനിതക വിശകലനം, കരച്ചിൽ പാറ്റേണുകൾ-ഇങ്ങനെ വ്യത്യസ്ത പരിശോധനകൾക്ക് ഒടുവിലാണ്, മിനർവാര്യ പെന്റാലി പുതിയൊരു തവള സ്പീഷീസ് ആണെന്ന് ഗവേഷകർ ഉറപ്പിച്ചത്.
ഡൽഹി സർവ്വകലാശാലയിൽ പരിസ്ഥിതി പഠനവിഭാഗത്തിൽ ഡോ.ബിജുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സിസ്റ്റമാറ്റിക്സ് ലാബിൽ (Systematics Lab) ആണ്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതുവരെ തിരിച്ചറിഞ്ഞ ഉഭയജീവികളിൽ നാലിലൊന്നു ഭാഗത്തെ കുറിച്ചുമുള്ള പഠനം നടന്നത്. 2006 ൽ ഈ ലാബ് സ്ഥാപിക്കാൻ ഏറെ പ്രോത്സാഹനം നൽകിയത് വൈസ്ചാൻസലറായിരുന്ന പ്രൊഫ.ദീപക് പെന്റാലാണ്-ഡോ.ബിജു പറയുന്നു. അതിന്റെ അംഗീകാരമെന്ന നിലയ്ക്കാണ് പുതിയ തവളയിനത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.
ഒരു ഭൂപരിമിതജീവി (endemic) ആണ് പുതിയ തവളയിനം. അവ തെക്കൻ പശ്ചിമഘട്ടത്തിൽ മാത്രമേ കണപ്പെടുന്നുള്ളൂ. തെക്കൻ പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ട, കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ നിന്ന് മൺസൂൺ കാലത്ത് ഈ സ്പീഷീസിനെ കണ്ടെത്തിയിട്ടുണ്ട്, പഠനറിപ്പോർട്ടിന്റെ മുഖ്യ രചയിതാവായ സൊണാലി അറിയിക്കുന്നു. ഇതുവരെ തിരിച്ചറിഞ്ഞ മിനർവാര്യൻ തവളകളിൽ ഏറ്റവും ചെറിയ ഇനമാണിത്. വലിപ്പക്കുറവാകാം, ഈ സ്പീഷീസിനെ ഇതുവരെ ഗവേഷകർ തിരിച്ചറിയാത്തതിന് കാരണം.
ഡോ.ബിജുവിന്റെ മേൽനോട്ടത്തിൽ ഉഭയജീവിപഠനത്തിൽ പി.എച്ച്.ഡി. നേടിയ ഡോ.സൊണാലി, നിലവിൽ ഡൽഹി സർവ്വകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷകയാണ്.
Content Highlights: New Frog, Minervarya pentali, Sathyabhama Das Biju, Sonali Garg, Deepak Pental, Western Ghats biodiverstiy, Amphibian biology