ദുബായ്: മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുംറയുടെയും കാലം കഴിഞ്ഞാലും ഇന്ത്യൻ ബോളിങ് നിരയെ നയിക്കാൻ മികച്ച താരങ്ങളുണ്ടെന്ന് ഓസ്‌ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. അവരുടെ കാലശേഷം ബാറ്റൺ കൈമാറാൻ കഴിയുന്ന വേഗതയുള്ള ഫാസ്റ്റ് ബോളർമാർ ഇന്ത്യൻ ടീമിന് ഉണ്ടെന്ന് ബ്രെറ്റ് ലീ പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ സമീപകാല വിജയങ്ങളിൽ നിർണായകമായത് ഇന്ത്യയുടെ ബെഞ്ച് ശക്തിയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബോളറായ ബ്രെറ്റ് ലീ പറഞ്ഞു. ഇന്ത്യൻ ബോളിങ് നിരയെ കുറിച്ചു ഒരു വാക്ക് പറയാനാണെങ്കിൽ അത് “അതിശയകരം” എന്നതാണെന്നും ലീ കൂട്ടിച്ചേർത്തു.
“ഒരുപാട് പരിചയസമ്പത്തുള്ള ബോളർമാർ അവർക്കുണ്ട്, കുറെ നല്ല യുവ താരങ്ങളും വരുന്നുണ്ട്. അവർക്ക് ആവശ്യത്തിന് അവസരമുണ്ട്, അവർ വളരെ ആകാംക്ഷയിലാണ്, ആവേശത്തിലാണ്. ബുംറക്കും ഷമിക്കും ശേഷം ആ സ്ഥാനം ഏറ്റെടുക്കാൻ അവർ തയ്യാറാണ്. ഈ ട്രെൻഡ് അടുത്ത പത്തു പതിനഞ്ച് വർഷം വരെ, ചിലപ്പോൾ 20 കൊല്ലം വരെ സഹായിച്ചേക്കും” ലീ ഐസിസി വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രഥമ ഐസിസി വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്തിയ ശേഷം, ഇന്ത്യയുടെ 2021-23 വർഷത്തേക്കുള്ള ചാംപ്യൻഷിപ് മത്സരങ്ങൾക്ക് ഇംഗ്ലണ്ടിൽ ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന അഞ്ചു മത്സരങ്ങളുടെ പരമ്പരയോടെ തുടക്കമാവുകയാണ്.
“നന്നായി കളിക്കാൻ ഒരു ടീമിന് നിർണായകമാകുന്നത് ടീമിന്റെ ബെഞ്ച് ശക്തിയാണ്, ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ പ്രകടനം അതിന് ഉദാഹരണമാണ്.” ലീ പറഞ്ഞു.
“ടീം എന്നാൽ ഇനി 11 കളിക്കാർ മാത്രമല്ല, ഒരേ മികവുള്ള 16,17 കളിക്കാരുണ്ടാവുക, ആവശ്യമുള്ള സമയത്ത് ലോകോത്തര നിലവാരത്തിൽ കളിക്കുക എന്നതുമാണ് പ്രധാനം. അത് തന്നെയാണ് ഓസ്‌ട്രേലിയയിൽ വ്യത്യസമുണ്ടാക്കിയത്.” ലീ കൂട്ടിച്ചേർത്തു.
Also read: തെറ്റുകളിൽ നിന്നും ഞാൻ പഠിച്ചു, പിന്നീട് അവസരങ്ങൾ പ്രയോജനപ്പെടുത്തി: റിഷഭ് പന്ത്
The post ഷമിയുടെയും ബുംറയുടെയും കാലം കഴിഞ്ഞാലും ഇന്ത്യക്ക് മികച്ച ബോളർമാരുണ്ട്: ബ്രെറ്റ് ലീ appeared first on Indian Express Malayalam.