ഡെറാഡൂണ്> ഉത്തരാഖണ്ഡിലെ ജഗേശ്വര് ധാം ക്ഷേത്രത്തിലെ പുരോഹിതനോട് മോശമായി പെരുമാറിയ ബിജെപി എംപി ധര്മ്മേന്ദ്ര കശ്യപിനും 3 പേര്ക്കുമെതിരെ പൊലീസ് കേസെടുത്തു. ജഗേശ്വര് ധാം ക്ഷേത്ര പൂജാരിയോടും ക്ഷേത്ര ഭാരവാഹികളോടും എംപിയും കൂട്ടാളികളും മോശമായും അപമര്യാദയായും പെരുമാറിയെന്നുള്ള പരാതിയിലാണ് പൊലീസ് നടപടി.
കശ്യപും കൂട്ടാളികളും പൂജാരിയുമായി തര്ക്കത്തില് ഏര്പ്പെടുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഉത്തരാഖണ്ഡിലെ അല്മോര ജില്ലാ പോലീസാണ് കേസെടുത്തത്. ഉത്തര്പ്രദേശിലെ അംലയില് നിന്നുള്ള എം.പിയാണ് ധര്മ്മേന്ദ്ര കശ്യപ്.
എം പിയ്ക്കും കൂടെയുള്ള മൂന്ന് പേര്ക്കുമെതിരെ ഐ.പി.സി സെക്ഷന് 504, സെക്ഷന് 188 വകുപ്പുകള് ചുമത്തി എഫ്.ഐ.ആര് രേഖപ്പെടുത്തിയെന്നും കേസിലെ തുടരന്വേഷണം ആരംഭിച്ചുവെന്നും സബ് ഇന്സ്പെക്ടര് ഗോപാല് സിങ് ബിഷ്ഠ് പറഞ്ഞു
ധര്മ്മേന്ദ്ര കശ്യപും കൂട്ടാളികളും പൂജ നടത്താന് ക്ഷേത്രത്തിലെത്തിയതായിരുന്നു. കൊവിഡ് മാര്ഗ്ഗനിര്ദ്ദേശങ്ങള് പാലിച്ച് എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ശേഷം ക്ഷേത്രം അടയ്ക്കും. എന്നാല്, എംപിയും സുഹൃത്തുക്കളും വൈകുന്നേരം 6.30 നു ശേഷവും ക്ഷേത്രത്തിനുള്ളില് തങ്ങി. എംപിയോടും കൂട്ടാളികളോടും ക്ഷേത്രത്തില് നിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടതിനാണ് പൂജാരിയോട് മോശമായി പെരുമാറിയതെന്ന് ജാഗേശ്വര് ധാം മന്ദിര് സമിതി മാനേജര് ഭഗവാന് ഭട്ട് പറഞ്ഞു.
പുരോഹിതരെ അപമാനിച്ചതിന് ധര്മ്മേന്ദ്ര കശ്യപ് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുതിര്ന്ന കോണ്ഗ്രസ് നേതാവും ജാഗേശ്വര് എംഎല്എയുമായ ഗോവിന്ദ് സിംഗ് കുഞ്ച്വാള് കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.