ഉടനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ വരാൻ പോകുന്ന ‘സേഫ്റ്റി’ സെക്ഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടു. ആൻഡ്രോയിഡ് ഡെവലപ്പർ ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റിൽ, 2022 ന്റെ ആദ്യ പാദത്തിൽ പുതിയ സുരക്ഷ, സ്വകാര്യതാ നയങ്ങൾ നടപ്പിലാക്കുമ്പോൾ എന്ത് സംഭവിക്കും എന്നത് വിശദമാക്കുന്നുണ്ട്. എല്ലാ ആപ്ലിക്കേഷനുകൾക്കും ബാധകമായ പുതിയ ഉപയോക്തൃ ഡാറ്റ നയങ്ങളും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.
“പുതിയ സേഫ്റ്റി സെക്ഷനിൽ ആപ്പിന്റെ മൊത്തത്തിലുള്ള സുരക്ഷ വിശദമാക്കാൻ ഡെവലപ്പർമാർക്ക് ഒരു എളുപ്പ മാർഗം ഗൂഗിൾ ഒരുക്കുന്നുണ്ട്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയെക്കുറിച്ചും സുരക്ഷാ സമ്പ്രദായങ്ങളെക്കുറിച്ചും ആഴത്തിലുള്ള ഉൾക്കാഴ്ച നൽകാൻ ഡവലപ്പർമാർക്ക് കഴിയും, അതോടൊപ്പം ആപ്പ് ശേഖരിച്ചേക്കാവുന്ന ഡാറ്റയും എന്തുകൊണ്ട് അവ സ്വീകരിക്കുന്നു എന്നും അറിയാൻ സാധിക്കും” കമ്പനി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
ആപ്പിളിന്റേതിന് സമാനമായ മാറ്റമാണ് ഗൂഗിളും സ്വീകരിക്കാൻ ഒരുങ്ങുന്നത്. ആപ്പിളിൽ ഓരോ ആപ്പും എന്തൊക്കെ ഡാറ്റ സ്വീകരിക്കും എന്ന വിവരം ലേബലുകളായി നൽകിയിട്ടുണ്ടാകും.
പ്ലേ സ്റ്റോർ ഉപയോക്താക്കൾ ഒരു ആപ്പിന്റെ പേജിൽ ആപ്പ് സ്വീകരിക്കുന്ന ഡാറ്റ ഏതെല്ലാം എന്ന സംഗ്രഹം കാണാനാകുമെന്ന് ഗൂഗിളിന്റെ പോസ്റ്റ് സ്ഥിരീകരിക്കുന്നു. ലൊക്കേഷൻ, കോൺടാക്റ്റുകൾ, വ്യക്തിഗത വിവരങ്ങൾ (ഉദാ. പേര്, ഇമെയിൽ വിലാസം), സാമ്പത്തിക വിവരങ്ങൾ തുടങ്ങി ഏത് തരം ഡാറ്റയാണ് ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നുവെന്ന് ഇത് കാണിക്കും.
ഒരു ഉപയോക്താവിന്റെ സുരക്ഷക്കായി, ഡാറ്റ എൻക്രിപ്ഷൻ പോലെ ഡെവലപ്പർ ഉപയോഗിച്ചിട്ടുളള സുരക്ഷാ രീതികളും ഇതിൽ പറയും. ആപ്പ് “ഗൂഗിളിന്റെ ഫാമിലി പോളിസികൾ പിന്തുടരുന്നുണ്ടോ” എന്നും “ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതാണോ” എന്നും ഇത് പരാമർശിക്കും.
എല്ലാ ഡവലപ്പർമാരും സുതാര്യത മെച്ചപ്പെടുത്തുന്നതിന് അവരുടെ ആപ്ലിക്കേഷനുകൾക്ക് ഒരു സ്വകാര്യതാ നയം നൽകേണ്ടതുണ്ടെന്നും ഗൂഗിൾ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ഡവലപ്പർമാർക്ക് പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഗൂഗിൾ അധിക സമയം നൽകിയിട്ടുണ്ട്. ഈ വർഷം ഒക്ടോബർ മുതൽ 2022 ആദ്യം വരെ ഡവലപ്പർമാർക്ക് അപേക്ഷകൾ സമർപ്പിക്കാം. 2022 ഏപ്രിൽ വരെയാണ് സമയം.
Also read: സൗജന്യമായി വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കുന്ന ആപ്പുകളും ഫീച്ചറുകളും
The post സുരക്ഷ ഉറപ്പാക്കാൻ പ്ലേ സ്റ്റോറിൽ പുതിയ മാറ്റങ്ങളുമായി ഗൂഗിൾ; അറിയാം appeared first on Indian Express Malayalam.