2030 ഓടെ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഹെപ്പറ്റൈറ്റിസിനെ ഇല്ലാതാക്കാൻ പ്രത്യേക പദ്ധതികൾ കൊണ്ടുവരേണ്ടതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ് ഈ വർഷത്തെ ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രത്യേകത. ”ഹെപ്പറ്റൈറ്റിസ് – ഇനിയും വൈകിക്കരുത്” എന്നതാണ് ഈ വർഷത്തെ തീം. കരളിനെ കാർന്നു തിന്ന് ജീവനെടുക്കുന്ന ഈ രോഗാവസ്ഥയെ എത്രയും പെട്ടെന്ന് തുടച്ചുനീക്കുക എന്നതാണ് മുന്നോട്ടുവെക്കുന്ന ആവശ്യം. ഓരോ 30 സെക്കന്റിലും ഒരാൾ ഹെപ്പറ്റൈറ്റിസ് സംബന്ധമായ അസുഖങ്ങൾ കാരണം മരിക്കുന്നു എന്നാണ് കണക്ക്. അതുകൊണ്ട് തന്നെ കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്തും ഹെപ്പറ്റൈറ്റിസ് തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണം എന്നാണ് ആവശ്യം.
ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ നൽകിയില്ലെങ്കിൽ ലിവർ സിറോസിസ് അല്ലെങ്കിൽ കരൾ കാൻസർ പോലുള്ള അവസ്ഥയിലേക്ക് ഇത് പുരോഗമിക്കാം. ഹെപ്പറ്റൈറ്റിസ് വൈറസുകളാണ് സാധാരണ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എന്നാൽ നിരന്തരമായ മദ്യത്തിന്റെ ഉപഭോഗം, ചില പ്രത്യേക മരുന്നുകൾ പതിവായി കഴിക്കുന്നത് തുടങ്ങിയ കാരണങ്ങൾ കൊണ്ടും ഹെപ്പറ്റൈറ്റിസ് ബാധിക്കാം. എ, ബി, സി, ഡി, ഇ എന്നിങ്ങനെ 5 പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകൾ ഉണ്ട്. ഈ 5 തരങ്ങളും വളരെയധികം ശ്രദ്ധിക്കണം. ബി, സി പോലുള്ളവ അതീവ ഗുരുതരാവസ്ഥ സൃഷ്ടിക്കുകയും മരണത്തിലേക്ക് പോലും നയിക്കുകയും ചെയ്യും.
മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ ഉണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ സാധാരണയായി സംഭവിക്കുന്നത് ശരീരത്തിലെ ദ്രാവകങ്ങളുമായുള്ള സമ്പർക്കത്തിന്റെ ഫലമാണ്. മലിനമായ രക്തം സ്വീകരിക്കുക, മികച്ച രീതിയിൽ അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് സർജറി പോലുള്ള ചികിത്സാ മാർഗങ്ങൾ സ്വീകരിക്കുക തുടങ്ങിയവയെല്ലാം ഹെപ്പറ്റൈറ്റിസ് ബി,സി, ഡി പോലുള്ളവ ബാധിക്കും.
അമ്മയുടെ ശരീരത്തിൽ ഈ രോഗവസ്ഥയുണ്ടെങ്കിൽ ജനിക്കുമ്പോൾ തന്നെ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് ഹെപ്പറ്റൈറ്റിസ് ബി പകരും. ലൈംഗിക ബന്ധത്തിലൂടെ പങ്കാളിയിൽ നിന്ന് പങ്കാളിയിലേക്ക് ഹെപ്പറ്റൈറ്റിസ് ബി പലരുന്നത് സാധാരണമാണ്.
ലക്ഷണങ്ങൾ:
പരിമിതമായ ലക്ഷങ്ങൾ മാത്രമുള്ള അല്ലെങ്കിൽ ലക്ഷണങ്ങളില്ലാതെയുള്ള അണുബാധ ഉണ്ടാകാം. എങ്കിലും സാധാരണ മഞ്ഞപ്പിത്തം ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ തീവ്രമായ രീതിയിൽ ഉണ്ടായേക്കാം. ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം, കടുത്ത നിറത്തിലുള്ള മൂത്രം, അമിതമായ ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം.
ഹെപ്പറ്റൈറ്റിസ് വൈറസുകൾ എന്തൊക്കെയാണ്?
എ, ബി, സി, ഡി, ഇ എന്നീ 5 തരം ഹെപ്പറ്റൈറ്റിസ് വൈറസുകളെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെല്ലാം കരൾ രോഗത്തിന് കാരണമാകുമെങ്കിലും അവ പ്രധാനപ്പെട്ട ചില കാര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
ഹെപ്പറ്റൈറ്റിസ് എ :
രോഗബാധിതരുടെ വിസർജ്യങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് (എച്ച്‌എവി) സാന്നിധ്യമുണ്ട്, ഇത് പലപ്പോഴും മലിന ജലം അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിലൂടെയാണ് പകരുന്നത്. ചില ലൈംഗിക സമ്പ്രദായങ്ങളിലൂടെയും ഇത് പകരാൻ വഴിയൊരുക്കും. ഈ അവസ്ഥ ബാധിച്ച മിക്ക ആളുകളും പൂർണ്ണമായി സുഖം പ്രാപിക്കുകയും കൂടുതൽ എച്ച്‌എവി അണുബാധകളിൽ നിന്ന് പ്രതിരോധശേഷി നിലനിർത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, എച്ച്‌എവി അണുബാധകൾ തീവ്രമാകുന്നത് ജീവന് ഭീഷണിയുമാണ്. ശുചിത്വകുറവുള്ള മിക്ക ആളുകളിലും ഈ വൈറസ് ബാധിച്ചിരിക്കുന്നു. എച്ച്‌എവി തടയുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ ലഭ്യമാണ്.
ഹെപ്പറ്റൈറ്റിസ് ബി:
ഹെപ്പറ്റൈറ്റിസ് ബി വൈറസ് (എച്ച്ബിവി) പകരുന്നത് രക്തം, ശുക്ലം, ശരീരത്തിലെ മറ്റ് ദ്രാവകങ്ങൾ എന്നിവയിലൂടെയാണ്. എച്ച്ബിവി രോഗബാധിതരായ അമ്മമാരിൽ നിന്ന് ശിശുക്കളിലേക്ക് ജനിക്കുന്ന സമയത്ത് അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്ന് കുട്ടിക്കാലത്ത് തന്നെ കുട്ടികളിലേക്ക് പകരാം. എച്ച്ബിവി-മലിനമായ രക്തം സ്വീകരിക്കുക, ഹോസ്പിറ്റലിൽ നിന്ന് സ്റ്ററിലൈസ് ചെയ്യാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ശരീരത്തിൽ സ്വർശിക്കുക തുടങ്ങിയവ കാരണം ബി വൈറസ് ബാധിക്കും.
അശ്രദ്ധമായ കുത്തിവയ്പ്പുകൾ, കുത്തിവയ്പ്പ് മയക്കുമരുന്ന് ഉപയോഗം എന്നിവയിലൂടെയും രോഗം പകരാം. രോഗം ബാധിച്ച-എച്ച്ബിവി രോഗികളെ പരിചരിക്കുന്നതിനിടയിൽ ആകസ്മികമായി
രോഗികൾക്ക് ഉപയോഗിച്ച ഉപകരണങ്ങൾ കൊണ്ട് പരിക്കേൽക്കുന്നത് ആരോഗ്യ പ്രവർത്തകർക്കും എച്ച്ബിവി ഒരു അപകടസാധ്യത സൃഷ്ടിക്കുന്നു.
ഹെപ്പറ്റൈറ്റിസ് സി:
ഹെപ്പറ്റൈറ്റിസ് സി വൈറസ് (എച്ച്സിവി) പകരുന്നത് രക്തത്തിലൂടെയാണ്. രക്തം സ്വീകരിക്കുന്നതിലെ അശ്രദ്ധ, കുത്തിവയ്പ്പ്, മയക്കുമരുന്ന് ഉപയോഗം എന്നിവയിലൂടെ ഇത് സംഭവിക്കാം. ലൈംഗിക സംക്രമണവും സാധ്യമാണ്, പക്ഷേ ഇത് വളരെ കുറവാണ്. എച്ച്സിവിക്ക് വാക്സിൻ ഇല്ല എന്നതും ആശങ്ക വർധിപ്പിക്കുന്നതാണ്.
ഹെപ്പറ്റൈറ്റിസ് ഡി:
എച്ച്ബിവി ബാധിച്ചവരിൽ മാത്രമേ ഹെപ്പറ്റൈറ്റിസ് ഡി വൈറസ് (എച്ച്ഡിവി) അണുബാധ ഉണ്ടാകൂ. എച്ച്ഡിവി, എച്ച്ബിവി എന്നിവയുടെ ഇരട്ട അണുബാധ കൂടുതൽ ഗുരുതരമായ രോഗത്തിനും മോശമായ ഫലത്തിനും കാരണമാകും. ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകൾ എച്ച്ഡിവി അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നു.
ഹെപ്പറ്റൈറ്റിസ് ഇ :
മലിന ജലം അല്ലെങ്കിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ഇ വൈറസ് (എച്ച്ഇവി) കൂടുതലും പകരുന്നത്. ലോകത്തിന്റെ വികസ്വര ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് പൊട്ടിപ്പുറപ്പെടാനുള്ള ഒരു സാധാരണ കാരണമാണ് എച്ച്ഇവി, വികസിത രാജ്യങ്ങളിൽ രോഗത്തിന്റെ ഒരു പ്രധാന കാരണമായി ഇത് കൂടുതലായി അംഗീകരിക്കപ്പെടുന്നു. എച്ച്ഇവി അണുബാധ തടയുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും അവ വ്യാപകമായി ലഭ്യമല്ല.