തിരുവനന്തപുരം
മഹാമാരിയുടെ വെല്ലുവിളിയെ അതിജീവിച്ച് ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയിൽ കേരളം വിജയക്കുതിപ്പിൽ. മറ്റു സംസ്ഥാനങ്ങളും സിബിഎസ്ഇയും പരീക്ഷ ഉപേക്ഷിച്ചപ്പോൾ 87.94 ശതമാനം വിജയമെന്ന സ്വപ്നനേട്ടം കൊയ്ത് കേരളത്തിലെ വിദ്യാർഥികൾ മാതൃകയായി. മുൻവർഷത്തേക്കാൾ 2.81 ശതമാനത്തിന്റെ വർധന. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിച്ചു.
റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,73,788 പേരിൽ 3,28,702 പേരും ഓപ്പൺ സ്കൂൾ വിഭാഗത്തിലെ 47,721 പേരിൽ 25,292 പേരും വിജയിച്ചു. വിജയശതമാനം കൂടിയ ജില്ല എറണാകുളം (91.11 ശതമാനം), കുറവ് പത്തനംതിട്ട (82.53). 136 സ്കൂൾ നൂറുമേനി വിജയംനേടി. 48,383 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്. ഏറ്റവും കൂടുതൽ എ പ്ലസ്ല് ലഭിച്ചത് മലപ്പുറം (6707). കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത് മലപ്പുറത്തും കുറവ് വയനാട്ടിലും. കൂടുതൽ പേർ പരീക്ഷയെഴുതിയ സ്കൂൾ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (841 ). സയൻസ് വിഭാഗത്തിൽ 1,76,717ൽ 1,59,958 പേർ ഉപരിപഠനയോഗ്യരായി–-വിജയശതമാനം 90.52. ഹ്യുമാനിറ്റീസിലെ 79,338 പേരിൽ 63,814 പേർ വിജയിച്ചു (80.43). കൊമേഴ്സിൽ 1,17,733ൽ 1,04,930 പേർ വിജയിച്ചു (89.13).
ടെക്നിക്കൽ വിഭാഗത്തിൽ പരീക്ഷയ്ക്കിരുന്ന 1198 പേരിൽ 1011 പേരും (89.33) കലാമണ്ഡലം (ആർട്) വിഭാഗത്തിൽ 75 പേർ പരീക്ഷയെഴുതിയതിൽ 67 പേരും ( 89.33) ഉപരിപഠനത്തിന് യോഗ്യത നേടി. വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ ജീവൻബാബു എന്നിവർ പങ്കെടുത്തു.