വിവിധ അണുബാധ സംബന്ധമായ രോഗങ്ങൾക്കും അസുഖങ്ങൾക്കും ചികിത്സ നൽകുന്നതിന് ഔഷധമായി ഉപയോഗിക്കുന്ന “കുർക്കുമിനോയിഡുകൾ” എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നതായി അടുത്തിടെ ഉണ്ടായ ശാസ്ത്രീയ ഗവേഷണങ്ങളിലെ ക്ലിനിക്കലായി നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. വിവിധ ആരോഗ്യ – സൗന്ദര്യ ആനുകൂല്യങ്ങളുടെ ഒരു നിര തന്നെ മഞ്ഞളിലുണ്ട്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മഞ്ഞളിന്റെ ചില ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മഞ്ഞളിലെ കുർക്കുമിൻ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് ഏതെങ്കിലും രോഗമോ അസുഖമോ മൂലമുണ്ടാകുന്ന വീക്കത്തിനെതിരെ പോരാടാൻ സഹായിക്കുന്ന പ്രകൃതിദത്ത ഒറ്റമൂലിയാണ്. കുർക്കുമിൻ വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ സംരക്ഷിക്കുകയും ചെയ്യും. ഫ്രീ റാഡിക്കലുകളെ സ്വന്തമായി നിർവീര്യമാക്കുകയും നിങ്ങളുടെ ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിനാൽ മഞ്ഞൾ ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് ശേഷി വർദ്ധിപ്പിക്കുന്നു. ആമാശയത്തിലെ വാതക രൂപീകരണം, ദഹനക്കേട് എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ
സന്ധികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന അത്ഭുതകരമായ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഇത് സന്ധി സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളെ ചികിത്സിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഉളുക്കും ആന്തരിക പരിക്കുകളും ഒഴിവാക്കാൻ, രണ്ട് കപ്പ് പാലിൽ ഒരു സ്പൂൺ മഞ്ഞൾപ്പൊടി കലർത്തി ചൂടാക്കി കുടിക്കുക. മികച്ച ഫലങ്ങൾക്കായി ദിവസവും രാവിലെയും വൈകുന്നേരവും ഈ ചൂടുള്ള പാനീയം കുടിക്കുക.
ബ്രോങ്കൈറ്റിസ് ചികിത്സിക്കാൻ
ബ്രോങ്കൈറ്റിസിന്റെ വിട്ടുമാറാത്ത പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ മഞ്ഞൾ അതിന് പ്രധിവിധിയാക്കാം. ഇതിനായി മഞ്ഞൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വീട്ടുവൈദ്യം പരീക്ഷിക്കുക. രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചെറുചൂടുള്ള വെള്ളത്തിൽ ഇട്ട് കഴിക്കുക. ഇത് കഫം അയച്ച് കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും.
കാൻസർ സാധ്യത കുറയ്ക്കാൻ
മഞ്ഞൾ കാൻസറിനെ തടയുന്നതിനുള്ള ഒരു സുഗന്ധവ്യഞ്ജനമാണെന്ന് പറയപ്പെടുന്നു. രണ്ട് കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. ഇത് ഇളക്കി ദിവസത്തിൽ രണ്ടു തവണ പതിവായി കഴിക്കുക. ഇതിന് സജീവമായ സംയുക്തങ്ങൾ (കുർക്കുമോളും കർഡിയോണും) ഉണ്ട്, അവ ചിലതരം ക്യാൻസറിനെതിരെ പ്രതിരോധം തീർക്കുന്ന ശക്തമായ സൈറ്റോടോക്സിക് ഫലങ്ങളുണ്ടാക്കുന്നു.
ചർമ്മ പ്രശ്നങ്ങളെ നേരിടാൻ
സൗന്ദര്യ സംരക്ഷണത്തിൽ മഞ്ഞൾ എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് നമുക്കറിയാം. മഞ്ഞൾ ചേർത്ത് തയ്യാറാക്കുന്ന ഫെയ്‌സ് പാക്കുകളും മഞ്ഞൾ പ്രധാന ചേരുവയായി ഉല്പന്നങ്ങളുമെല്ലാം നാം ഉപയോഗിക്കാറുണ്ട്. ഇത് കൂടാതെ ചർമ്മത്തിലെ വേദനയും ചൊറിച്ചിലും ഒഴിവാക്കാൻ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും നാരങ്ങ നീരും അല്പം വെള്ളവും ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് നേരിട്ട് ഹെർപ്പസ് കുരു, കരപ്പൻ, സോറിയാസിസ്, മുഖക്കുരു ബാധിച്ച ഭാഗങ്ങൾ എന്നിവിടങ്ങളിൽ പുരട്ടുക. ഈ പ്രതിവിധി പതിവായി ഉപയോഗിക്കുന്നത് അത്തരം ചർമ്മ പ്രശ്‌നങ്ങൾക്കെല്ലാം വിട നൽകും.