തിരുവനന്തപുരം: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രന് പിന്തുണ പ്രഖ്യാപിച്ച സി.പി.എം നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സോഷ്യൽ മീഡിയയിലും നേരിട്ടും അപമാനം ഏറ്റുവാങ്ങിയ കേസിൽ മന്ത്രി ഇടപെട്ടത് ഗൗരവതരമായ കുറ്റമാണെന്നും രാജിവെച്ചില്ലെങ്കിൽമന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കുള്ളിൽ വലിയ പ്രതിഷേധം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നമാണെന്നാണ് കരുതിയതെന്നും പീഡനക്കേസാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമുള്ള മന്ത്രിയുടെ വാദം യുക്തിരഹിതവും ദുർബലവുമാണ്. കേസിന്റെ മെറിറ്റ് അറിയാതെയാണ് ഇടപെട്ടതെന്ന് പറയുമ്പോൾ തന്നെ സ്ഥാനത്ത് തുടരാൻ മന്ത്രി യോഗ്യനല്ലെന്ന് തെളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മന്ത്രി കാര്യങ്ങൾ അറിഞ്ഞിട്ടുതന്നെയാണ് വിളിച്ചതെന്ന്മന്ത്രിയുടെ ടെലഫോൺ സംഭാഷണം കേട്ടാൽഅരിയാഹാരം കഴിക്കുന്ന ആർക്കുംമനസ്സിലാകും. ശശീന്ദ്രൻ ഈ അവസ്ഥയിൽ ഇനിയും മന്ത്രിസ്ഥാനത്ത് തുടരുന്നത് സി.പി.എമ്മിന് ഭൂഷണമല്ലെന്നും സതീശൻ പറഞ്ഞു.
കേരളത്തിൽ സ്ത്രീകൾക്കെതിരേ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. സ്ത്രീധന പീഡനങ്ങളും കൊലപാതങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും കാമ്പയിൻ നടത്തുന്നുണ്ട്. സിപിഎം എങ്ങനെയാണ് ശശീന്ദ്രനെ ന്യായീകരിച്ച ശേഷം സ്ത്രീപക്ഷ കാമ്പയിനുമായി ജനങ്ങളെ സമീപിക്കുകയെന്നും സതീശൻ ചോദിച്ചു.
Content Highlights: VD Satheeshan against CPM decision to back Minister AK Saseendran