മുരൾച്ചകളൊതുക്കി നിശ്ശബ്ദമാകുന്നു , കാറ്റിൽ – നിഗൂഢമാം വഴിത്താരകളുടെ ചൂര്
നിമിഷനേരത്തെ മരണം
നൊടിയിടയിൽ താണ്ടും
കറുത്തിരുണ്ടൊരഗാധമാം
രാത്രികളവയിലാഴത്തിൽ കാണാം
കരിമ്പുലിക്കണ്ണുകൾ
മുരൾച്ചകളൊതുക്കി
നിശ്ശബ്ദമാകുന്നു , കാറ്റിൽ –
നിഗൂഢമാം വഴിത്താരകളുടെ ചൂര്
നിഴലിൽ മറഞ്ഞ്
പിൻകഴുത്തിൽ തറയ്ക്കുന്ന നോട്ടം
നേർത്ത ഞരമ്പുകളുടെ
ചൂടിൽ ചുവക്കുന്ന നാവ്
മേഘങ്ങളൊഴിയുമൊരു നിമിഷം
നിലാവിൻ്റെ കൂർത്ത പല്ലുകൾ
ഇരച്ചൊഴുകുന്ന ചുവപ്പ്
ചിറകുകളുടെ മർമ്മരം.
ഇറച്ചി പങ്കുവെച്ചുള്ള
പരസ്പരം വേട്ടയാടലുകളുടെ
ഇരമ്പങ്ങൾ നഖങ്ങളൊതുക്കെ;
മുറിവുകൾ നക്കിവറ്റിച്ച
മരിച്ചുയിർക്കലുകളുടെ
ശ്വാസവേഗങ്ങളൊതുങ്ങെ,
ഇരുൾ കുടിച്ച് വീർപ്പൊതുക്കിയവയ്ക്ക് മീതെ
പടർന്ന്, ഇലപ്പുതപ്പ്.