ന്യൂഡൽഹി: മെയ് പതിനഞ്ചിനും ജൂൺ പതിനഞ്ചിനുമിടയിൽ 20 ലക്ഷത്തോളം അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയതായി വാട്സാപ്പ്. ഓൺലൈൻ അധിക്ഷേപങ്ങൾ തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷയെ കരുതിയുമാണ് വിലക്കെന്ന് വാട്സാപ്പ് അറിയിച്ചു. ഇന്ത്യയിലെ പുതിയ ഐ.ടി നിയമങ്ങൾ പ്രകാരം നടപ്പാക്കിയ പുതിയ പരിഷ്കാരങ്ങളുടെ റിപ്പോർട്ട് വാട്സാപ്പ്, ട്വിറ്റർ പോലെയുള്ള സാമ്യൂഹ്യമാധ്യമങ്ങൾക്ക് സമർപ്പിക്കേണ്ടിവന്നു. ഉപദ്രവകരമായ നടപടികൾ തടയുന്നതിനായി വാട്സാപ്പ് ചില ടൂളുകൾ ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ സുരക്ഷയാണ് തങ്ങൾ പ്രാധാന്യം നൽകുന്നത്. ഒരു സംഭവം നടന്നുകഴിഞ്ഞു അത് തടയാൻ നടപടി സ്വീകരിക്കുന്നതിലും നല്ലത് അത് തടയുന്നതാണെന്നും വാട്സാപ്പ് പറഞ്ഞു.
നിരന്തരമായി തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി ടെക്നോളജിയിൽ നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങൾ തടയുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള സന്ദേശങ്ങൾ അയക്കുന്നത് കണ്ടെത്താനുള്ള എല്ലാ മാർഗങ്ങളും തങ്ങളുടെ പക്കലുണ്ടെന്നും,അതിനാലാണ് 20 ലക്ഷത്തോളം വരുന്ന അക്കൗണ്ടുകൾ വിലക്കിയതെന്നും വാട്സാപ്പ് പറഞ്ഞു. ഇത്തരത്തിലുള്ള സന്ദേശങ്ങൾ യൂസർ റിപ്പോർട്ടിലൂടെയും ബ്ലോക്കിംഗ് സംവിധാനത്തിലൂടെയുമാണ് വാട്സാപ്പ് അറിയുക. എൻഡ് ടു എൻഡ് എൻക്രിപ്ഷനുള്ള സോഫ്റ്റ് വെയർ ആയതിനാൽ ഉപഭോക്താക്കൾ അയക്കുന്ന സന്ദേശങ്ങൾ വാട്സാപ്പിനറിയാൻ കഴിയില്ല.
പുതിയ ഐ.ടി ചട്ടങ്ങളോട് വാട്സാപ്പ് തത്ത്വത്തിൽ സമ്മതം മൂളിയിട്ടുണ്ടെങ്കിലും ഡൽഹിയിൽ ഇന്ത്യൻ സർക്കാരിനെതിരെ വാട്സാപ്പ് പരാതി നൽകിയിട്ടുണ്ട്. പുതിയ ഐ.ടി നിയമങ്ങൾ കഴിഞ്ഞ മാസമാണ് വന്നതെന്നും പുതിയ പരിഷ്ക്കാരങ്ങൾ തങ്ങളുടെ പ്രൈവസി നിയമങ്ങൾ തകർക്കുന്നതാണെന്നും വാട്സാപ്പ് പറഞ്ഞു.
ഇന്ത്യയിലെ പുതിയ ഐ.ടി നിയമങ്ങളോട് എതിർപ്പില്ല. എന്നാൽ പ്രാവർത്തികമായ മാർഗങ്ങളിലുടെ മാത്രമേ പുതിയ നിയമങ്ങൾ നടപ്പാക്കാൻ കഴിയുകയുള്ളൂ. ഉപയോക്താക്കളുടെ സുരക്ഷയ്‍ക്ക് നിയമം അനുശാസിക്കുന്ന എന്തും ചെയ്‌യാൻ തയ്‌യാറാണെന്ന് പറഞ്ഞ വാട്സാപ്പ് പുതിയ നിയമങ്ങൾ തങ്ങളുടെ എൻഡ് ടു എൻഡ് എൻക്രിപഷ്ന് എതിരാണെന്നും പറഞ്ഞു. ഇത് ഉപഭോക്താക്കളുടെ പ്രൈവസി പോളിസിക്ക് വിരുദ്ധമാകുമെന്നും വാട്ട്സാപ്പ് പറയുന്നു. വാട്സാപ്പിന് നിലവിൽ ഇന്ത്യയിൽ 40 കോടി ഉപഭോക്താക്കളുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും, കർഷക സമരത്തെ കുറിച്ചും തെറ്റായ വിവരങ്ങൾ ഇത്തരം സാമ്യൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച പശ്ചാത്തലത്തിലാണ് പുതിയ ഐ.ടി നിയമങ്ങൾ ഇന്ത്യ കർശനമാക്കുന്നത്. പുതിയ ഐ.ടി നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ഇരു മാധ്യമങ്ങൾക്കും ഇന്ത്യയുടെ നിയമസഹായം നഷ്ടമായേക്കാം.
Content Highlights: 20 lakh whatsapp account blocked