സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് മയൂഖക്കെതിരെ അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന് കേസെടുത്തിരിക്കുന്നത്. മയൂഖയ്ക്ക് പുറമെ മുരിയാട് എംപറർ ഇമ്മാനുവൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർക്കെതിരെയാണ് കേസ്. ഇവിടെ ട്രസ്റ്റി ആയിരുന്ന സാബു നൽകിയ പരാതിയിലാണ് കോടതി കേസെടുക്കാൻ ഉത്തരവിട്ടത്.
മയൂഖ ജോണിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടിസ് കൊണ്ടുപോയിട്ടുണ്ട് എന്ന ആരോപണം അപകീർത്തികരമാണെന്നും നേരത്തെ ട്രസ്റ്റി ആയിരുന്ന ജോൺസൺ മറ്റൊരു യുവതിയെ മാനഭംഗം നടത്തിയതായി വ്യാജരേഖ കെട്ടിച്ചമച്ചാണു പരാതി നൽകിയതെന്നുമാണ് സാബു ആരോപിച്ചിരിക്കുന്നതെന്നാണ് മനോരമ റിപ്പോർട്ട്.
അതേസമയം പ്രതികളുടെ സ്വാധീനം മൂലമാണ് കേസിൽ നടപടി ഇല്ലാത്തതെന്ന് നേരത്തെ വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. എന്നാൽ വ്യാജരേഖകൾ ഉണ്ടാക്കിയാണ് ഈ പരാതിയെന്നാണ് സാബുവിന്‍റെ വാദം. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നുമാണ് മയൂഖ നേരത്തെ പറഞ്ഞത്.
ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. പിന്നീട് പെൺകുട്ടി വിവാഹിതയായ ശേഷവും ഭീഷണിപ്പെടുത്തുന്നത് തുടർന്നതോടെ ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിൽ പരാതി നൽകിയെന്നും എന്നാൽ പ്രതിയുടെ അറസ്റ്റ് ഉണ്ടായില്ലെന്നുമാണ് ഇവർ ആരോപിച്ചത്. മയൂഖയുടെ ആരോപണത്തിന് പിന്നാലെ ആളൂർ പോലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.