ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന് ചോദിക്കുന്നവരോട് “ഇല്ല” എന്നുതന്നെയാണ് ഉത്തരം. കാരണം, അതുപോലല്ലയോ ഇത് എന്ന് പറഞ്ഞിട്ടൊന്നും വല്യ കാര്യമില്ല. ഉപ്പ് എപ്പോഴും ഉപ്പ് തന്നെ. അതുപോലെയാണ് എസ്എസ്എൽസി. ടിയാൻ അന്നും ഇന്നും എന്നും എസ്എസ്എൽസി തന്നെ. കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരാരെ കയ്‌പു ശമിപ്പതുണ്ടോ” എന്ന് പറഞ്ഞത് പോലെയാണ് എസ്എസ് എൽസിയുടെ കാര്യം.
ഇന്നത്തെപോലെ ടൈകെട്ടി, ഇൻഷർട്ട് ചെയ്ത്, ഷൂസും സോക്‌സും ധരിച്ചു, വലിയ ഭാണ്ഡവും ചുമലിലേറ്റി, തടിച്ച കണ്ണടയിലൂടെ ലോകത്തെ നോക്കിക്കാണുന്നവരായിരുന്നില്ല എഴുപതുകളിലെ എസ് എസ് എൽസി ചുള്ളന്മാർ. ഇപ്പറഞ്ഞ യൂണിഫോമും മറ്റും പത്തുകിലോമീറ്റർ ചുറ്റളവിൽ ഒരു സ്‌കൂളിലോ മറ്റോ മാത്രം. കണ്ണട ധരിച്ചെങ്കിൽ അതൊരു പഠിപ്പിസ്റ്റ് എന്ന് ഉറപ്പിക്കാം. കുരുത്തക്കേടിന് കൈയും കാലും നൽകി അത്യാവശ്യത്തിനു പുസ്തകവും അതിനുള്ളിൽ ഒരു ബസ് പാസും ഉണ്ടെങ്കിൽ ഇത് ഒരു എസ്എസ്എൽസി ചുള്ളനെന്ന് ആർക്കും ധൈര്യമായി പറയാം.
പെൺകുട്ടികളാണെങ്കിൽ പുസ്തകങ്ങളെ സ്നേഹപൂർവം മാറോടടക്കി പിടിച്ച് ഞാൻ വലുതായത് എന്റെ കുറ്റമല്ല എന്ന മുഖഭാവത്തോടെ ആരുടേയും മുഖത്തു നോക്കാതെ ശകുന്തളകളായി സ്വന്തം കാര്യം നോക്കി നടക്കും. ഇനി അഥവാ ധൈര്യപൂർവം ഇടത്തും വലത്തും നോക്കിനടന്നാൽ “ഇതൊരു തെറിച്ച പെണ്ണാണ്” എന്ന സൽപ്പേരും. ചുരുക്കിപ്പറഞ്ഞാൽ, ആൺ-പെൺ ഭേദമില്ലാതെ “ഒരു ദേശത്തിന്റെ കഥ”യിലെ അതിരാണിപ്പാടത്തെ ശ്രീധരനെപ്പോലെ പുതിയ ഒരു ലോകത്തിലേക്കുള്ള യാത്രയും സ്വപ്നം കണ്ടു നടക്കുന്നവരായിരുന്നു മിക്ക എസ് എസ് എൽസി വിദ്യാത്ഥികളും.
ആൺകുട്ടികളാണെങ്കിൽ 90 ശതമാനവും പൊടിമീശക്കാരായിരുന്നു. കട്ടിമീശക്കാർക്കും ക്ഷാമമില്ലായിരുന്നു. കാരണം അഞ്ചാം ക്ലാസ് മുതൽ അക്ഷരാർത്ഥത്തിൽ ഓരോ ക്ലാസ്സിലും ഒന്നിൽ കൂടുതൽ വർഷമിരുന്ന് നല്ലവണ്ണം “ഇരുത്തംവന്നിട്ടാണ്” ഇവർ പത്തിലെത്തുന്നത്. ഭൂരിപക്ഷം സ്കൂളൂകളിലും ഓരോ ക്‌ളാസ്സിലെയും കുട്ടികളുടെ എണ്ണം ക്ലിപ്തപ്പെട്ടിരുന്നു. അതിനാൽ ആറാം ക്‌ളാസിൽ രണ്ടു പേർ തോറ്റാൽ അഞ്ചാം ക്ലാസ്സിൽനിന്നും രണ്ടുപേരെ തോൽപ്പിച്ചേ മതിയാകൂ. മാത്രമല്ല ഇന്നത്തെപ്പോലെ ആനക്ക് പകരം പൂന എന്നെഴുതിയാൽ പകുതി മാർക്ക് കിട്ടുന്ന കാലവുമല്ല. നല്ല ലക്ഷണമൊത്ത ആനക്ക് മാത്രമേ മുഴുവൻ മാർക്ക് കിട്ടൂ.
ഇങ്ങനെ തോറ്റും ജയിച്ചും വീണ്ടും തോറ്റും ഓരോ തോൽവിയെയും വിജയത്തിന്റെ ചവിട്ടുപടിയാണ് എന്നു പറഞ്ഞു ആശ്വസിപ്പിക്കുന്നവരെ മനസ്സിൽ ശപിച്ചും പത്താംതരത്തിൽ എത്തിപ്പെട്ടാൽ ദേ കിടക്കുന്നു അടുത്ത കഠിനമായ കടമ്പ അഥവാ എസ്എസ്എൽസി പരീക്ഷ.
പരീക്ഷയുടെ ഉത്തരകടലാസ് ഹെഡ് മാഷ് വന്നു നേരിൽ തരില്ല എന്നത് മാത്രമായിരുന്നു എസ് എസ് എൽ സിയെ കുറിച്ചു എടുത്തു പറയാവുന്ന ഒരേയൊരു നല്ല കാര്യം. അതുപോലായിരുന്നില്ല ഇതിനു മുന്നോടിയായി നടക്കുന്ന മാതൃകാപരീക്ഷ അഥവാ മോഡൽ എക്സാം. അത് അതുക്കും മീതെ. വേറെ ലെവൽ. ഊര കണ്ടാൽ അറിയാം ഊരിലെ പഞ്ഞം എന്ന് പറയുന്നപോലെ മാതൃകാ പരീക്ഷയിലെ മാർക്ക് കണ്ടാൽ അറിയാം എസ് എസ് എൽ സിയിൽ എന്തായിരിക്കും ഗതിയെന്ന്. ഇതോടുകൂടി എല്ലാ ഹെഡ് മാസ്റ്റർമാരുടേയും നെഞ്ചിടിപ്പ് കൂടും, കാരണം സ്‌കൂളിന്റെ യശസ്സ് വാനോളം പൊങ്ങുമോ അല്ല പാതാളത്തോളം താഴുമോ എന്നൊക്കെ ഇതോടുകൂടി ഏകദേശമൊരു തീരുമാനമാകും.
രഞ്ജിത് പടമായ ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്’ കണ്ട എല്ലാവർക്കും അതിലെ ആന്റണി എന്ന ഹെഡ്മാഷിനെയും പഠിക്കാൻ കൂട്ടാക്കാത്ത പൗളിയെയും ഓർമ്മയുണ്ടാകും. ഈയൊരു കുട്ടി കാരണം താൻ പെൻഷൻ പറ്റുമ്പോൾ സ്കൂളിന് 100 ശതമാനം വിജയം സമ്മാനിക്കാനാവില്ലല്ലോ എന്നോർത്ത് വിലപിക്കുന്ന ആന്റണി മാഷിനെ അത്ര പെട്ടെന്നു മറക്കാനാവില്ല. അതേ സമയം ഇന്നത്തേത് പോലെ അന്നും വിദ്യാർഥികൾ ജയിച്ചാലും തോറ്റാലും മാസാവസാനം ശമ്പളം കൃത്യമായി കിട്ടിയാൽ മതിയെന്ന് ശാഠ്യം പിടിക്കുന്ന അധ്യാ “പഹയന്മാർ”ക്കും ക്ഷാമമില്ലാത്ത കാലം.
ആന്റണി മാഷുന്മാർ മാത്രം പഠിപ്പിച്ച ഒരു മിഷൻസ്‌കൂളിൽ വിദ്യാർത്ഥി ആയതിനാൽ ക്രിസ്തീയ പുരോഹിതനായിരുന്നു ഹെഡ്മാസ്റ്റർ. വെളുത്ത ളോഹയും അതിലേറെ വെളുത്ത മുഖവും അച്ചടക്കത്തിന്റെ പര്യായം ചൂരലാണെന്നും അടിയുറച്ചു വിശ്വസിച്ചിരുന്ന ഫാദർ.
കാലം ജനുവരി 1, 1975. മോഡൽ എക്സാമിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് ഇന്ന് ഫാദർ വിതരണം നടത്തുമെന്ന് ഒന്നാമത്തെ പീരീഡ് വന്ന ക്ലാസ് ടീച്ചർ അറിയിച്ചതോടെ പുതുവർഷത്തിന്റെ പ്രസരിപ്പെല്ലാം ആവിയായി. 55 പേരുടെ ഹൃദയമിടിപ്പിന് ബാൻഡ് മേളത്തിന്റെ താളമുണ്ടെന്ന് അന്നാണ് മനസ്സിലായത്. 55 എന്ന മാന്ത്രിക സംഖ്യ എങ്ങിനെ എത്തിയെന്നുള്ളത് മറ്റൊരു കഥ.
നേരത്തെ പറഞ്ഞ തോൽവിയുടെ കയത്തിൽ നിന്നും മിക്കവരെയും കരകയറ്റിയ ആ അത്ഭുതം സംഭവിച്ചത് 1973-ൽ ആയിരുന്നു. ആ വർഷമാണ് ആദ്യമായി വിദ്യാർത്ഥികളെ തോൽപ്പിക്കുന്നത് പ്രാകൃതമാണെന്ന തിരിച്ചറിവ് വിദ്യാഭ്യാസ വിചക്ഷണർക്ക് ലഭിച്ചത്. അങ്ങനെ എട്ടാംക്ലാസ് വരെ പരീക്ഷ എഴുതുന്ന എല്ലാവരെയും പാസാക്കുന്ന ഓൾ പാസ് സംവിധാനം നിലവിൽവന്നു. അക്കാലത്തെ വിദ്യാഭ്യാസ മന്ത്രിയുടെ പേര് ചാക്കീരി അഹമ്മദ് കുട്ടി എന്നായിരുന്നതിനാൽ ഈ വിപ്ലവകരമായ നീക്കത്തെ “ചാക്കീരി പാസ്സ്” എന്ന് അധിക്ഷേപിക്കാൻ അക്കാലത്തെ പിന്തിരിപ്പന്മാർ ഒരു ഒളിംപിക്‌സ് തന്നെ സംഘടിപ്പിക്കുകയുണ്ടായി. അതോടെ എട്ടാം ക്‌ളാസ്സിലെ ജനസംഖ്യ ഓർക്കാപ്പുറത്ത് 50-ഇൽ നിന്നും 55 ആയി മാറി. ചാക്കീരി പാസ് എന്ന മാന്ത്രിക വിദ്യയിലൂടെ എല്ലാവരും പത്താംതരത്തിലും എത്തി.
അങ്ങനെ ഓരോ പീരീഡ് കഴിഞ്ഞു കൊണ്ടിരിക്കെ ഓർക്കാപ്പുറത്ത് ഒരു കെട്ട് പ്രോഗ്രസ്സ് റിപ്പോർട്ടുമായി ഫാദർ ക്‌ളാസിൽ കയറിവന്നു. തികഞ്ഞ നിശ്ശബ്ദത. പഠിപ്പിൽ കേമന്മാരായിരുന്നവരൊക്കെ പേര് വിളിക്കുന്ന ക്രമത്തിൽ ഫാദറിനടത്തുപോയി പ്രോഗ്രസ്സ് കാർഡ് വാങ്ങി വലിയ ക്ഷതമേൽക്കാതെ തിരികെ സീറ്റിൽ എത്തി.
അങ്ങനെയിരിക്കെ മാർക്കിന്റെ കാര്യത്തിൽ മാത്രം ക്ഷാമം നേരിട്ടിരുന്ന ഒരു സുഹൃത്തിന്റെ ഊഴം വന്നു. അദ്ദേഹത്തിന്റെ പുരോഗതി മുഴുവനായും ചുവന്ന മഷിയിൽ ആയിരുന്നു രേഖപ്പെടുത്തിയിരുന്ന ത്. വെളുത്ത പ്രോഗ്രസ്സ് കാർഡിലെ ചുവന്ന അക്കങ്ങളിലൂടെ അദ്ദേഹത്തിന്റെ പുരോഗതി മനസ്സിലാക്കാൻ പാവം ഫാദർ പാടുപെടുകയായിരുന്നു. കഥാനായകനാകട്ടെ പ്രോഗ്രസ്സ് കാർഡിനെയും മേശപ്പുറത്തെ ചൂരലിനെയും മാറിമാറി നോക്കി ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കണമോ എന്ന ഭാവത്തിൽ കൈയും കെട്ടി നിൽപ്പാണ്.
അപ്പോഴാണ് വിചിത്രമായ ഒരു കാര്യം ഉഴപ്പന്മാരുടെ ശ്രദ്ധയിൽപെട്ടത്. ക്‌ളാസ്സിന് പിന്തിരിഞ്ഞു വടിപോലെ നിൽക്കുന്ന കഥാനായകന്റെ വെളുത്ത മുണ്ടിനടിയിൽ വരയൻ ട്രൗസർ മാത്രം കിടുകിടാ വിറയ്ക്കുന്നു. എത്രതന്നെ കടിച്ചമർത്തിയാലും പുറത്തു ചാടുന്ന ഒന്നാണല്ലോ ചിരി. ഒരാളുടെ നിയന്ത്രണം പോയതും മറ്റുള്ളവർ അത് ഏറ്റുപിടിച്ചതും ഞൊടിയിടയിൽ. ഇതോടെ ഹെഡ് മാസ്റ്ററുടെ ചൂരൽ ആരുടെയൊക്കെ കൈവെള്ളയിൽ ആവേശത്തോടെ പതിച്ചു എന്ന് ഓർമ്മയില്ല.
അങ്ങനെ 1975 മാർച്ച് അവസാനം എസ്എസ്എൽസി പരീക്ഷ വന്നെത്തി. അയൽവക്കത്തെ പെൺകുട്ടിയെ കണ്ടുപഠിക്കണം എന്നായിരുന്നു അമ്മയുടെ സ്ഥിരം പല്ലവി. ആ കുട്ടിയാണെങ്കിൽ ഉറക്കം ഒഴിച്ചിരുന്ന് പഠിക്കും. ഉറക്കം വരാതിരിക്കാനായി രണ്ടു കാലും ഒരു ബക്കറ്റ് വെള്ളത്തിൽ വച്ചായിരുന്നു അഭ്യാസം. ഇതിന്റെ ഫലമായി വന്ന ജലദോഷം അവസാനം ന്യൂമോണിയ ആയതു മിച്ചം. എസ്എസ്എൽസി പരീക്ഷയാണെങ്കിൽ ആണെങ്കിൽ അതിന്റെ പാട്ടിനുപോയി.
പഠിച്ചത് പലതും മറന്ന് പോയെങ്കിലും റിസൾട്ട് വന്നപ്പോൾ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു. ക്ലാസിലുണ്ടായിരുന്ന മൂന്ന്, നാലുപേർ മാത്രം പരാജയം ഏറ്റുവാങ്ങി. അതിലൊരാൾ പുഴയിലിറങ്ങി പരാജയത്തിന്റെ കയ്പ് കുറക്കാൻ ശ്രമിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു. പിന്നീട് അയാൾ വിദേശത്തു ചെന്നു സ്വദേശത്ത് സ്വപ്നം കാണാൻ പോലും കഴിയാത്ത വിജയം കൈവരിച്ചു എസ്എസ്എൽസിയോട് മധുരമായി പകരം വീട്ടി.
ഇന്നിപ്പോൾ എൻട്രൻസും ജെ ഇ ഇയും നീറ്റും ഒക്കെയാണ് കുട്ടികളുടെ മനസ്സിൽ. എന്നാലും അക്കാലത്തെ എസ് എസ് എൽ സി ഇക്കാലത്തും തലയെടുപ്പോടെ നിൽക്കുന്നു. ഞാൻ കഴിഞ്ഞേ നിനക്കൊക്കെ സമൂഹത്തിൽ സ്ഥാനമുള്ളൂ എന്ന ഭാവത്തോടെ.
- നിങ്ങൾക്കും എഴുതാം, ഇവിടെ ഈ പംക്തിയിൽ. നൊസ്റ്റോളജിയ, അന്നൊക്കെയായിരുന്നു, പഴയകാല ഓർമ്മകൾ എന്നിവ പങ്ക് വെക്കുന്ന ഈ ഇടത്തില്‍ നിങ്ങള്‍ക്കും എഴുതാം. എഴുത്തുകള്‍ iemalayalam@indianexpress.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. സബ്ജക്റ്റ് ലൈനില്‍ ‘ഓര്‍മ്മകള്‍-നൊസ്റ്റോളജി’ എന്ന് ചേര്‍ക്കുക.
The post ഒരു എസ്എസ്എൽസി അപാരത appeared first on Indian Express Malayalam.