മഴക്കാലമാണ്. അതിനർത്ഥം രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗകാരികളുടെ ആക്രമണത്തിന് നിങ്ങൾ വിധേയരാകാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ്. ഈ സമയത്ത് നമ്മുടെ ശരീരം ജലദോഷം, ചുമ, പനി, അണുബാധ എന്നിവയ്ക്ക് ഇരയാകുന്നതിന് സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് ദീർഘകാല രോഗങ്ങൾ തടയുന്നതിനും അവയ്ക്കെതിരെ പോരാടുന്നതിനും നമ്മുടെ ശരീരത്തിന് നല്ല പ്രതിരോധശേഷി ആവശ്യമായി വരുന്നത്. നാം ഇതിനകം കൊവിഡ്-19 എന്ന പകർച്ചവ്യാധിയുടെ നടുവിലായതിനാൽ, നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയെന്നത് മുമ്പത്തേക്കാളും ഇപ്പോൾ പ്രധാനമാണ്. പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ:
1. മാതളനാരങ്ങ: വിറ്റാമിൻ സി, ഫൈബർ തുടങ്ങിയ പോഷകങ്ങൾ കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ഊർജ്ജം പുനഃസ്ഥാപിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അത്തരം പഴങ്ങളിൽ ഒന്നാണ് മാതളനാരങ്ങ. ഇതിന് ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, അതിനാൽ ആരോഗ്യപരമായ അനേകം ഗുണങ്ങൾക്കായി ഇത് പണ്ടുമുതലേ ആളുകൾ കഴിക്കാറുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ സഹായിക്കുകയും ദഹനത്തെ സുഗമമാക്കുകയും ടൈപ്പ് 2 പ്രമേഹത്തിനെതിരെ പോരാടുകയും നിങ്ങളുടെ രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. അതിനാൽ, അടുത്ത തവണ നിങ്ങൾ എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുമ്പോൾ, ഒരു മാതളനാരങ്ങ കഴിക്കാം.
2. കൊഴുപ്പ് കുറഞ്ഞ തൈര്: തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് അല്ലെങ്കിൽ നല്ല ബാക്ടീരിയകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ, തൈരിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും.
3. തണ്ണിമത്തൻ: നല്ല രുചികരവും ഉന്മേഷദായകവുമായ ഒരു പഴമാണ് തണ്ണിമത്തൻ. ഇതിൽ 92% വെള്ളവും നിങ്ങളുടെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും നിറഞ്ഞിരിക്കുന്നു. വിറ്റാമിൻ എ, ബി, സി, ലൈക്കോപീൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്, ഇത് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ സഹായിക്കുന്നു. ഈ പോഷകങ്ങളെല്ലാം മഴക്കാലത്ത് രോഗം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
4. ബ്രൊക്കോളി: ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണങ്ങളിൽ ഒന്നായ ബ്രൊക്കോളി ഒരു പോഷക കലവറ തന്നെയാണ്. ഇതിൽ ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, സെലിനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഈ അത്ഭുതകരമായ പച്ചക്കറിയിൽ ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ എ, സി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ് ഉൾപ്പെടെയുള്ള ബി വിറ്റാമിനുകളുടെ ഒരു നിരയും ഉൾപ്പെട്ടിട്ടുള്ള ഇവ കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ തീർച്ചയായും മെച്ചപ്പെടുത്തും.
5. ചീര: നിങ്ങൾക്കറിയാമോ? നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന പച്ച ഇലക്കറികളിൽ ഒന്നാണ് ചീര. എല്ലാത്തിനുമുപരി, ഇത് വളരാൻ എളുപ്പമുള്ള മഴക്കാല പച്ചക്കറികളിൽ ഒന്നാണ്. കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങൾ ഇതിന് ഉണ്ട്. ആന്റിഓക്‌സിഡന്റുകളും ബീറ്റാ കരോട്ടിനും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ, ചീര നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങളുടെ അണുബാധയെ പ്രതിരോധിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കും.
6. ഓറഞ്ച്: ഓറഞ്ച് അല്ലെങ്കിൽ മൂസമ്പി പോലുള്ള സിട്രസ് അടങ്ങിയ ഭക്ഷണങ്ങൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി പോഷകങ്ങൾക്ക് പേരുകേട്ടതാണ് – എല്ലാത്തരം ഓറഞ്ചിലും നിങ്ങൾ ശുപാർശ ചെയ്യുന്ന ദൈനംദിന അളവിന്റെ 100% ത്തിലധികം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുകയും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
7. ബീറ്റ്റൂട്ട്: മഴക്കാലത്ത് ധാരാളം ആളുകൾ ദഹനക്കേട് മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നു. ബീറ്റ്റൂട്ട് ഉപഭോഗം ദഹന പ്രക്രിയയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വാസ്തവത്തിൽ, ബീറ്റ്റൂട്ട് ഹീമോഗ്ലോബിന്റെ അളവും മെച്ചപ്പെടുത്തുന്നു, മാത്രമല്ല മുടി, ചർമ്മ പ്രശ്നങ്ങൾ എന്നിവ അനുഭവിക്കുന്നവർക്കും ഇത് ഗുണം ചെയ്യും.
കടുത്ത ചൂടിൽ നിന്ന് ഒരു ആശ്വാസവുമായിട്ടാണ് മഴക്കാലം വന്നെത്തുന്നത് എങ്കിലും, ഇത് ദീർഘകാല രോഗങ്ങളുടെ ഒരു പരമ്പരയും മുന്നോട്ട് വയ്ക്കുന്നു. ഈ കാലാവസ്ഥയിൽ, നമ്മുടെ രോഗ പ്രതിരോധശേഷി കുറയുന്നു, എന്നാൽ നിങ്ങൾക്ക് എല്ലായ്പ്പോഴും ഈ ഭക്ഷ്യവസ്തുക്കൾ കഴിച്ചുകൊണ്ട ഇത് വർദ്ധിപ്പിക്കാൻ കഴിയുമെന്ന കാര്യം മറക്കരുത്.