ഇന്ന് എവിടെ നോക്കിയാലും കാണാവുന്ന ഒന്നാണ് ക്യൂആർ കോഡുകൾ. വാക്സിൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് തുടങ്ങി നമ്മൾ വാങ്ങുന്ന ഓരോ ഉത്പന്നങ്ങളിലും ക്യൂആർ കോഡുകൾ കാണാൻ സാധിക്കും. ഈ ഡിജിറ്റൽ യുഗത്തിൽ ക്യൂആർ കോഡുകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.
എന്താണ് ക്യൂആർ കോഡുകൾ?
പുതിയ കാലത്തെ ഡിജിറ്റൽ ബാർകോഡുകളാണ് ക്യൂആർ (ക്വിക്ക് റെസ്പോൺസ്) കോഡുകൾ. 1994ൽ ഒരു ജാപ്പനീസ് കമ്പനിയാണ് ഈ മാട്രിക്‌സ് ബാർകോഡുകൾ അവതരിപ്പിച്ചത്. ഒരു വെളുത്ത പ്രതലത്തിൽ കറുത്ത നിറത്തിലുള്ള ചതുരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചതു പോലെയാണ് ക്യുആർ കോഡുകൾ കാണാനാവുക. വിവരങ്ങളും, വെബ്‌സൈറ്റ് ലിങ്കുകളും മറ്റും ഈ ബാർകോഡിലേക്ക് എൻകോഡ് ചെയ്താണ് ക്യൂആർ കോഡുകൾ നിർമ്മിക്കുന്നത്.
ഒരു വെബ്‌സൈറ്റിലേക്ക് വേഗത്തിൽ പ്രവേശിക്കാനും, ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും, മെസ്സേജുകൾ അയക്കാനും, പണമിടപാടുകൾ നടത്താനും മറ്റു അനവധി നിരവധി കാര്യങ്ങളും ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ വേഗത്തിൽ സാധിക്കും. അതിനായി നിങ്ങൾ ചെയ്യേണ്ടത് ക്യൂ ആർ കോഡുകൾ നിങ്ങളുടെ കയ്യിലുള്ള ഫോൺ ക്യാമറ ഉപയോഗിച്ചു സ്കാൻ ചെയ്യുക എന്നത് മാത്രമാണ്. എങ്ങനെയാണ് നിങ്ങളുടെ സ്മാർട്ഫോൺ ഉപയോഗിച്ചു ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതെന്ന് നോക്കാം.
ആൻഡ്രോയിഡ് ഫോണിൽ എങ്ങനെ ക്യൂആർ കോഡ് സ്കാൻ ചെയ്യാം?
ആൻഡ്രോയിഡ് ഫോണുകളിലും ക്യൂആർ കോഡ് സ്കാനറുകൾ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡിന്റെ എട്ടാമത്തെ പതിപ്പിന് മുകളിലേക്കുള്ള എല്ലാ പതിപ്പുകളിലും ക്യൂആർ കോഡ് സ്കാനർ സംവിധാനമുണ്ട്. ചില ഫോണുകളിൽ ഫോൺ ബ്രാൻഡുകൾ തന്നെ സ്കാനർ സംവിധാനം നൽകിയിട്ടുണ്ട്. അതിനു പുറമെ എല്ലാ ഫോണുകളിലെയും ഗൂഗിൾ ലെൻസ് ഉപയോഗിച്ചു ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാൻ കഴിയും.
സ്റ്റെപ് 1: നിങ്ങളുടെ ഹോം സ്ക്രീനിലെ ഗൂഗിൾ സേർച്ച് ബോക്സിൽ നിന്നും ഗൂഗിൾ ലെൻസ് ഓപ്ഷൻ തിരഞ്ഞെടുക്കുക. ഗൂഗിൾ ലെൻസ് കണ്ടെത്താൻ കഴിയാത്തവർക്ക് ‘ഗൂഗിൾ വോയിസ് അസ്സിസ്റ്റാന്റ്’ തിരഞ്ഞെടുത്ത് ഗൂഗിൾ ലെൻസ് സെർച്ച് ചെയ്ത് എടുക്കാവുന്നതാണ്.
സ്റ്റെപ് 2: നിങ്ങളുടെ ക്യാമറ ക്യൂആർ കോഡിനു മുകളിൽ കൊണ്ടുവരിക. ക്യൂആർ കോഡ് പൂർണമായും ലഭിക്കുന്ന രീതിയിൽ വേണം ക്യാമറ പിടിക്കാൻ
സ്റ്റെപ് 3: താഴെ കാണുന്ന സെർച്ച് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത് സ്കാൻ ചെയ്യുക.
സ്റ്റെപ് 4: അതിനു ശേഷം ലഭിക്കുന്ന നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്ത് കോഡിൽ അടങ്ങിയിരിക്കുന്ന വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കും.
ഇതിനു പുറമെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്നും ക്യൂആർ കോഡ് സ്കാനർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Also Read: WhatsApp: വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ അറിയുന്നതെങ്ങനെ?
ഐഫോണിൽ എങ്ങനെ ക്യൂആർ കോഡ് സ്കാൻ ചെയ്യാം?
ഐഫോണിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ വളരെ എളുപ്പമാണ്. ഐഫോൺ ക്യാമറയിൽ തന്നെ ക്യൂആർ കോഡ് സ്കാനർ നൽകിയിട്ടുണ്ട്.
സ്റ്റെപ് 1: നിങ്ങളുടെ ഫോണിലെ ക്യാമറ തുറക്കുക
സ്റ്റെപ് 2: ക്യാമറ ക്യൂആർ കോഡിനു മുകളിൽ കൊണ്ടുവന്ന് സ്‌ക്രീനിനുള്ളിൽ പൂർണമായും ക്യൂആർ കോഡ് ലഭിക്കുന്ന രീതിയിലാക്കി സ്കാൻ ചെയ്യുക
സ്റ്റെപ് 3: സ്കാൻ പൂർത്തിയാക്കിയതിന് പുറകെ ലഭിക്കുന്ന നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക. ഇത് ക്യൂആർ കോഡിൽ അടങ്ങിയിരിക്കുന്ന ലിങ്കിലേക്ക് നിങ്ങളെ എത്തിക്കും.
ഐഫോണിൽ ക്യൂആർ കോഡ് സ്കാനർ ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങളുടെ ഫോൺ സെറ്റിങ്സിൽ ക്യൂആർ സ്കാനർ ഫീച്ചർ ഇനേബിൾ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം, ഇനേബിൾ ചെയ്തിട്ടില്ലെങ്കിൽ അത് ഇനേബിൾ ചെയ്യുകയും വേണം. അതിനായി സെറ്റിങ്സിൽ നിന്നും ക്യാമറ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് സ്കാൻ ക്യൂആർ കോഡ് ഓപ്ഷൻ ഓൺ ആക്കുക.
The post നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് എങ്ങനെ ക്യൂആർ കോഡ് സ്കാൻ ചെയ്യാം? appeared first on Indian Express Malayalam.