കോഴിക്കോട് > തെക്കുപടിഞ്ഞാറൻ കാലവർഷം ഒരുമാസം പിന്നിടുമ്പോൾ സംസ്ഥാനത്ത് മഴക്കുറവ്. മൺസൂൺ ഒരു മാസം പിന്നിട്ടപ്പോൾ 36 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ജൂണിൽ 643 മില്ലി മീറ്റർ മഴ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കിട്ടിയതാകട്ടെ 408 മില്ലി മീറ്ററും. ലക്ഷദ്വീപിൽ 52ഉം മാഹിയിൽ 45ഉം ശതമാനം മഴ കുറഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ. ലക്ഷദ്വീപിൽ 330 മില്ലി മീറ്ററിന് പകരം 160ഉം മാഹിയിൽ 817.7നു പകരം 447.6 ഉം ആണ് കിട്ടിയത്.
സംസ്ഥാനത്ത് കോട്ടയം ഒഴികെ എല്ലാ ജില്ലയിലും മഴ കുറഞ്ഞുവെന്നാണ് കണക്ക്. കോട്ടയത്ത് 543.9 മില്ലി മീറ്റർ മഴ പെയ്തു. മറ്റ് ജില്ലകളിൽ 22 മുതൽ 55 ശതമാനം വരെ കുറവുണ്ട്. തിരുവനന്തപുരത്ത് 55 ശതമാനമാണ് കുറവ്. പത്തനംതിട്ടയിൽ 22 ശതമാനം മാത്രമേ കുറവുള്ളൂ. ആലപ്പുഴ (-43), കണ്ണൂർ (-42), എറണാകുളം (-32), ഇടുക്കി (-26), കാസർകോട് (-41), കൊല്ലം (-38), കോഴിക്കോട് (-39), മലപ്പുറം (-38), പാലക്കാട് (-50), തൃശൂർ (-44), വയനാട് (-40) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
ശിഥിലമായിരുന്ന മേഘങ്ങൾ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തുകയും കാറ്റ് അനുകൂലമാവുകയും ചെയ്തിട്ടുണ്ട്. ഇതാണ് അടുത്ത ദിവസം മുതലുള്ള മഴ പ്രതീക്ഷക്ക് കാരണം.