അജിനോമോട്ടോയെ കുറിച്ച് നമ്മുടെ സമൂഹത്തിൽ പേടിപ്പെടുത്തുന്നതും എണ്ണിയാലൊടുങ്ങാത്തത്രയും മുൻധാരണകൾ നിലനിൽക്കുന്നുണ്ട്. ശരീരത്തിൻറെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കെമിക്കലുകളിൽ പ്രധാനി, ക്യാൻസർ അടക്കമുള്ള ഭീകര രോഗങ്ങൾക്ക് കാരണമായി മാറുന്ന വിഷം, എത്ര രുചിയില്ലാത്ത ഭക്ഷണത്തെയും രുചിയും മണവുമുള്ളതാക്കി മാറ്റുന്ന രാസവസ്തു, തുടങ്ങി എത്രയെത്ര ഈ വിശേഷണങ്ങൾ ഈ ചെറിയ വിദ്വാനെ പറ്റിയുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മൾ വാങ്ങി കഴിക്കുന്ന ഭക്ഷണത്തിൽ ഇതെങ്ങാനും കലർന്ന് പോയാൽ വരാനിരിക്കുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇനി മറ്റു കാരണങ്ങളൊന്നും വേണ്ട എന്ന പ്രചാരണം വേറെ. യഥാർത്ഥത്തിൽ അജിനാമോട്ടോയെ കുറിച്ച് നടക്കുന്ന ഇത്തരം വിശേഷണങ്ങളിൽ എല്ലാം എന്തെങ്കിലും കഴമ്പുണ്ടോ എന്ന കാര്യം ആരും ചിന്തിക്കാറില്ല. മറ്റുള്ളവർ പറഞ്ഞു കേൾക്കുന്ന സംഗതികൾ സത്യമാണോ എന്ന് പോലും ചിന്തിച്ചു നോക്കാതെ എല്ലാവരും വീണ്ടും ആവർത്തിക്കുന്നു എന്നേയുള്ളൂ.
ചൈനീസ് ശൈലിയിലുള്ള ഭക്ഷണ വിഭവങ്ങളിലാണ് കൂടുതലായും അജിനോമോട്ടോ ചേർക്കുന്നത് എന്ന് പറയപ്പെടുന്നു. അപ്പോൾ പിന്നെ ഇവ കൂടുതൽ കഴിച്ചാൽ പ്രശ്നം ഉറപ്പാണ് എന്നാണ് വിശ്വാസപ്രമാണം. അങ്ങനെയെങ്കിൽ ചൈനയിൽ ജീവിക്കുന്ന ആളുകളുടെ കാര്യമോ? ഈ പറഞ്ഞ പോലെയാണെങ്കിൽ ചൈനയിൽ ജീവിക്കുന്നവർ രോഗങ്ങൾ പിടിപെട്ട് വേരോടെ തീർന്നു പോകേണ്ട സമയം കഴിഞ്ഞു. എന്നിട്ടും ജനസംഖ്യയിൽ ഇപ്പോഴും അവരാണ് മുന്നിൽ എന്നോർക്കണം. എന്താണ് യഥാർത്ഥത്തിൽ അജിനമോട്ടോ എന്ന് അറിയാത്തതു കൊണ്ടാണ് ഈ അവകാശവാദങ്ങളെല്ലാം വെറുമൊരു കെട്ടുകഥ പോലെ നമ്മൾ വിശ്വസിച്ചു പോരുന്നത്.
അജിനോമോട്ടോ ദോഷകരമോ?
അജിനോമോട്ടോ യഥാർത്ഥത്തിൽ എന്താണെന്നും ഇത് ശരിക്കും ആരോഗ്യത്തിന് ദോഷകരമാണോ, അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർത്ത് ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്നൊക്കെയുള്ള കാര്യങ്ങളെ പറ്റി കൂടുതൽ അറിഞ്ഞാലോ?
അജിനോമോട്ടോ യഥാർത്ഥത്തിൽ എന്താണ്?
നമ്മളെല്ലാം വിചാരിച്ചു വെച്ചിരിക്കുന്നത് പോലെ യഥാർത്ഥത്തിൽ അജിനോമോട്ടോ എന്ന ഒരു വസ്തു അല്ല. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന എം.എസ്.ജിയെ ( MSG) ആണ് നമ്മളീ അജിനമോട്ടോ എന്ന പേരിട്ടു വിളിക്കുന്നത്. ആ പേരാകട്ടെ നൂറുകണക്കിന് വർഷങ്ങൾക്കു മുൻപ് സ്ഥാപിതമായ ഒരു കമ്പനിയുടേതും. 1908 ൽ ജാപ്പനീസ് രസതന്ത്രജ്ഞനായ കിക്കുനേ ഇകെഡെ എന്ന വിദ്വാനാണ് ഈ ഒരു പദാർത്ഥം ആദ്യമായി നിർമ്മിച്ചെടുക്കുന്നത്. നമ്മൾ കഴിക്കുന്ന പല ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന ഗ്ലൂട്ടാമിക് ആസിഡ് എന്ന ഘടകം ആ ഭക്ഷണത്തിന് സവിശേഷമായ രുചി പകർന്നു നൽകുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഭക്ഷ്യയോഗ്യമായ വസ്തുക്കളിൽ നിന്ന് ഇവ വേർതിരിച്ചെടുത്ത് ഒരു പ്രത്യേക രസം പുനർനിർമ്മിച്ചുകൊണ്ട് ഭക്ഷണങ്ങൾക്ക് കൂടുതൽ രുചിയും മണവും നൽകുന്ന ഒരു ഫ്ലേവർ എൻഹാൻസർ സൃഷ്ടിക്കാൻ അദ്ദേഹം പരിശ്രമിച്ചു.
ഇത് വൻ വിജയമായതോടെ 1909-ൽ അജിനോമോട്ടോ എന്ന ജാപ്പനീസ് കമ്പനി എം.എസ്.ജി എന്ന ഈയൊരു പദാർത്ഥം ഏറ്റെടുത്തുകൊണ്ട് വാണിജ്യപരമായി നിർമ്മിക്കാനും വിൽപ്പന നടത്താനുമെല്ലാം തുടങ്ങി. ഈ പദാർത്ഥത്തെ ആണ് നമ്മൾ കുറേക്കാലമായി അജിനോമോട്ടോ എന്ന പേരിട്ട് വിളിച്ചു വരുന്നത്.
ഇനി എംഎസ്ജി അഥവാ നമ്മുടെ അജിനോമോട്ടോ എന്താണെന്ന് അടിസ്ഥാനപരമായി പറയാനാണെങ്കിൽ ഇത് നമ്മുടെ രുചിയെ സ്വാധീനിക്കുന്ന ഒരുതരം ഭക്ഷ്യ പദാർത്ഥമാണ് എന്നു പറയാം. നമ്മുടെ നാവിന് തിരിച്ചറിയാവുന്ന അഞ്ച് തരം രസങ്ങൾ ഉണ്ട്. മധുരം, ഉപ്പ്, പുളി, കയ്പ്പ്, എരിവ് എന്നിവയാണ് അവ അഞ്ചും.
എന്നാൽ ഇവ കൂടാതെ മറ്റൊന്നു കൂടി ഉണ്ടെന്നു പറഞ്ഞാൽ ആരും ഞെട്ടരുത്? അതിൻറെ പേരാണ് ഉമാമി. ഹേ.. ഇതെന്തു കുന്ത്രാണ്ടം, എന്നോർത്ത് ആരും അത്ഭുതപ്പെടേണ്ട കേട്ടോ. ഒരു ജപ്പാനീസ് പേരാണിത്. മലയാളത്തിൽ നമുക്കിവിടെ പറയാൻ ഇതിന് പ്രത്യേകം പേരൊന്നും ഇല്ല. മാത്രമല്ല ഇത് നമ്മുടെ നാവിന് നേരിട്ട് രുചി പകരുന്ന ഒന്നല്ല, മറിച്ച് നമ്മൾ കഴിക്കുന്ന ഏതൊരു ഭക്ഷണത്തിൻ്റെയും രുചിയും മണവും ഇരട്ടിയാക്കാൻ കഴിവുള്ള ഒരു രാസപദാർത്ഥം ആണിത്. രസകരമായ ഒരു വസ്തുത എന്തെന്നാൽ നമ്മൾ കഴിക്കുന്ന ചെറുതും വലുതുമായ പച്ചക്കറികൾ മുതൽ മാംസ ഭക്ഷണങ്ങളിൽ വരെ ഇപ്പറഞ്ഞ ഉമാമി രസമായ ഗ്ലൂട്ടാമിക് ആസിഡ് അടങ്ങിയിരിക്കുന്നു.
സ്വാഭാവികമായും ഉണ്ടാകുന്ന ഗ്ലൂട്ടാമിക് ആസിഡിൽ നിന്ന് നിർമ്മിച്ച ഒരു സംയുക്തമാണ് ഈ പറഞ്ഞ എം എസ് ജി. അതായത് പ്രധാനമായും സസ്യ അധിഷ്ഠിത ചേരുവകളായ കരിമ്പ്, സോഡിയം, കസവ അല്ലെങ്കിൽ ചോളം തുടങ്ങിയവയിൽ നിന്നൊക്കെയാണ് എം.എസ്.ജി എന്ന പദാർത്ഥവും നിർമ്മിച്ചെടുക്കുന്നത്. നൂഡിൽസ്, അരി ഭക്ഷണങ്ങൾ, സൂപ്പ്, സാലഡുകൾ തുടങ്ങി നാം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഏതു ഭക്ഷണങ്ങളിൽ ചേർത്താലും ഇതതിൻറെ രുചിയും ഗന്ധവും വർദ്ധിപ്പിക്കും എന്ന കാര്യം തീർച്ചയാണ്.
ആരോഗ്യത്തെ ഇത് ഏതു രീതിയിൽ ബാധിക്കും
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഇക്കാലമത്രയും നടത്തിയ പഠനങ്ങളിൽ നിന്നും എം.എസ്.ജിയെ ഇതുവരെ അപകടമുണ്ടാക്കുന്ന ഒരു ഘടകമായി തരംതിരിക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല അവ ഒരു പരിധിയിൽ കവിയാതെ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമെന്നും അംഗീകരിക്കപ്പെടുന്നു.
എംഎസ്‌ജി നിങ്ങളുടെ ഭക്ഷണങ്ങളിൽ ചെറിയ അളവിൽ ഉപയോഗിക്കാമെന്നും ഈ പദാർത്ഥം ഇനി അഥവാ അമിതമായോ പതിവായോ ഉപയോഗിച്ചാൽ നിങ്ങളുടെ ശരീരത്തിന് ഹാനികരമായ ഗുണങ്ങൾ ഉണ്ടാകുമെന്നുള്ള വസ്തുതകൾ ഒന്നും തന്നെ ഇതുവരെ കണ്ടെത്താനോ തെളിയിക്കാനോ കഴിഞ്ഞിട്ടില്ല. മാത്രമല്ല പച്ചക്കറികൾ, ചീസ്, തക്കാളി, മത്സ്യം, മാംസം, മുട്ട, പയറ്, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ഒരു സാധാരണ അമിനോ ആസിഡ് കൂടിയാണ് ഗ്ലൂട്ടാമിക് ആസിഡ് വേർതിരിച്ചെടുത്തു കൊണ്ട് തന്നെയാണ് ഈ പദാർത്ഥം നിർമ്മിച്ചിരിക്കുന്നതും. അതുകൊണ്ടു തന്നെ ഏറ്റവും സ്വാഭാവികമായ രീതിയിൽ ഉണ്ടാക്കിയെടുക്കുന്ന പദാർത്ഥം തന്നെയാണ് ഇതുമെന്ന് കരുതാം.
കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?
സോഡിയം കൂടുതലായി നമ്മുടെ ഉള്ളിൽ ചെന്നാൽ ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങളെ പേടിച്ച് ഗർഭിണികളും ബ്ലഡ് പ്രഷർ പ്രശ്നങ്ങളുള്ളവരും ഈ പദാർത്ഥം അധികമായി കഴിക്കരുത് എന്ന് പറയാറുണ്ട്. സാധാരണ ഗതിയിൽ, ഒരു നേരത്തെ ഭക്ഷണത്തിൽ, അര ഗ്രാമോളം എം.എസ്.ജി ചേർത്താൽ അതിൻറെ രുചിയും സുഗന്ധവും വർദ്ധിക്കും. അതിന്റെ ആറിരട്ടിയിലധികം കഴിച്ചെങ്കിൽ മാത്രമേ ഒരാളിൽ ചെറുതായെങ്കിലും ഇതിൻറെ പാർശ്വഫലങ്ങൾ പ്രത്യക്ഷമാവാനുള്ള സാധ്യത കാണുന്നുള്ളൂ. ചുരുക്കി പറഞ്ഞാൽ ഉപ്പും പഞ്ചസാരയുമൊക്കെ ആവശ്യത്തിൽ കൂടുതൽ കഴിച്ചാൽ നമുക്ക് ഉണ്ടാവുന്നത്ര പ്രശ്നങ്ങൾ പോലും ഇത് കഴിച്ചാൽ ഉണ്ടാവുകയില്ല എന്നതാണ് യാഥാർത്ഥ്യം. തീരെ അപകടം കുറഞ്ഞ ഒരു സാധനമായിട്ടും എംഎസ്ജി യെ ആളുകൾ എന്തിനാണ് ഇത്ര പേടിയോടെ നോക്കിക്കാണുന്നതും, ചുമ്മാ പറഞ്ഞു പേടിപ്പിക്കുന്നതും എന്ന് ചോദിച്ചാൽ അതിന് വേറെന്ത് ഉത്തരമാണുള്ളത്!