“പിന്നീടയാള്‍ യുദ്ധങ്ങളെക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. പട്ടാളക്കാരനാകലിന്റെ പൂര്‍ണത യുദ്ധമാണ്. യുദ്ധത്തിന്റെ പൂര്‍ണത മരണവും.” വി ടി ജയദേവൻ എഴുതിയ കവിത
കാമുകിയുടെ ഭര്‍ത്താവ്
കാണാന്‍ വരുന്നതായി സ്വപ്നമുണ്ടായി.
ആള്‍ പട്ടാളക്കാരന്‍,
ശാന്തന്‍
സൗമ്യന്‍.
സമ്മാനമായി
ഒരു മരപ്പാവയും കൊണ്ടു വന്നു.
മാന്ത്രികതയുള്ളൊരു
പെണ്‍കുട്ടിയാണിവള്‍,
ആള്‍ പറഞ്ഞു,
എന്തു സങ്കടമുണ്ടായാലും
ഇവളുടെ കണ്ണില്‍ നോക്കി
കുറച്ചു നേരം ഇരുന്നാല്‍മതി.
പിന്നീടയാള്‍ യുദ്ധങ്ങളെക്കുറിച്ചു
സംസാരിക്കാന്‍ തുടങ്ങി.
പട്ടാളക്കാരനാകലിന്റെ പൂര്‍ണത
യുദ്ധമാണ്.
യുദ്ധത്തിന്റെ പൂര്‍ണത മരണവും.
ഞാനയാളെ നോക്കാതെ
മാന്ത്രികപ്പാവയുടെ
കണ്ണിലേയ്ക്കു നോക്കി.
എനിക്കാ പവക്കുട്ടിയെ
ഇഷ്ടമായെന്നൂഹിച്ചാവും
അടുത്ത തവണ വരുമ്പോള്‍
ഇവള്‍ക്കൊരു
കൂട്ടുകാരനെകൊണ്ടു വരാം
എന്നയാള്‍ പറഞ്ഞത്.
അതു വേണ്ട,
ഞാന്‍ തമാശയാക്കി,
ഞാനാണിവളുടെ കൂട്ടുകാരന്‍.
നിങ്ങളിനി വരുമ്പോഴേയ്ക്കും
ഞങ്ങള്‍
പ്രണയത്തിലായി കഴിഞ്ഞിരിക്കും.
ഹഹ… അയാള്‍ ചിരിച്ചു.
അപ്പോഴേയ്ക്കുമവള്‍
ഗര്‍ഭവതിയും ആയിരിക്കട്ടെ.