യൂട്യൂബിൽ നിന്നും വലിയ വീഡിയോകൾ ഇനി മുതൽ ചാപ്റ്ററുകൾ ആയി ഷെയർ ചെയ്യാം. കഴിഞ്ഞ വർഷമാണ് യൂട്യൂബ് വീഡിയോകളിൽ ചാപ്റ്റർ സംവിധാനം കൊണ്ടുവന്നത്. അതിനെ കൂടുതൽ വിപുലപ്പെടുത്തി ചാപ്റ്ററുകളായി തന്നെ വീഡിയോ ഷെയർ ചെയ്യാനുള്ള സംവിധാനമാണ് യൂട്യൂബ് കൊണ്ടുവന്നിരിക്കുന്നത്. ‘ആൻഡ്രോയിഡ് പൊലീസ്’ എന്ന വെബ്സൈറ്റാണ് യൂട്യൂബിന്റെ ഈ പുതിയ ഫീച്ചർ കണ്ടെത്തിയത്.
കൂടുതൽ ദൈർഖ്യമുള്ള വീഡിയോകളെ ഓരോ ഭാഗങ്ങളാക്കി കാണിക്കുന്നതാണ് യൂട്യൂബിലെ ചാപ്റ്റർ സംവിധാനം. അതായത് ഒരു വീഡിയോയിലെ ഇഷ്ടപ്പെട്ട ഭാഗത്തേക്ക് യൂസറിന് പെട്ടെന്ന് തന്നെ ചാപ്റ്ററുകൾ വഴി എത്താൻ കഴിയും. ഇതുവരെ ഒരു ചാപ്റ്ററാണ് മറ്റൊരാൾക്ക് ഷെയർ ചെയ്യുന്നതെങ്കിലും വീഡിയോയുടെ ആദ്യ ഭാഗം മുതൽ കാണിക്കുമായിരുന്നു.
ഇപ്പോൾ പുതിയ അപ്ഡേറ്റിലൂടെ, ചാപ്റ്റർ ലിങ്ക് ലഭിക്കുന്നവർക്ക് ആ ഭാഗം മുതൽ കാണാൻ സാധിക്കും. നേരത്തെ യൂട്യൂബ് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇതിനു സാധിച്ചിരുന്നത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഇനി മുതൽ ഈ ഫീച്ചർ ഉപയോഗിക്കാം.
Read Also: Samsung Galaxy F22: സാംസങ് ഗ്യാലക്സി എഫ് 22 ഇന്ത്യൻ വിപണിയിലേക്ക്; പ്രത്യേകതകള്‍ അറിയാം
എങ്ങനെയാണ് വീഡിയോ ചാപ്റ്റർ ലിങ്ക് ആൻഡ്രോയിഡിൽ അയക്കുക
യൂട്യൂബ് ആപ്പിലൂടെ ഒരാൾക്ക് എളുപ്പത്തിൽ ചാപ്റ്റർ ലിങ്ക് അയക്കാൻ സാധിക്കും. വളരെ ചെറിയ കുറച്ചു സ്റ്റെപ്പുകൾ മാത്രമാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾ ഇതിനായി ശ്രദ്ധിക്കേണ്ടത്. ലിങ്ക് ഷെയർ ചെയ്യുന്നതിന് ആദ്യം ആ വീഡിയോക്ക് മുകളിൽ വലതു വശത്തുള്ള ചാപ്റ്ററിന്റെ പേരിൽ ക്ലിക്ക് ചെയ്യണം. അപ്പോൾ അതിലെ ചാപ്റ്ററുകളുടെ പേരുകൾ കാണാൻ സാധിക്കും, അതിനോടൊപ്പം നൽകിയിട്ടുള്ള ഷെയർ ബട്ടൺ ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുകൾക്ക് ആ വീഡിയോ അയച്ചു നല്കാൻ സാധിക്കും.
വീഡിയോ ലഭിക്കുന്ന വ്യക്തിക്ക് ആ വീഡിയോയുടെ ആ ചാപ്റ്റർ മുതൽ കാണാൻ സാധിക്കും. കൃത്യം ആ ഭാഗത്ത് നിന്നായിരിക്കും വീഡിയോ ആരംഭിക്കുക. തുടക്കം മുതൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സാധിക്കും. എന്നാൽ ഈ സംവിധാനം യൂട്യൂബ് ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിലൂടെയാണ് ലഭിക്കുകയുള്ളു.
The post യുട്യൂബിൽ നിന്നും ദൈർഖ്യമുള്ള വിഡിയോകൾ ഷെയർ ചെയ്യാൻ ഒരു എളുപ്പവഴി; അറിയാം appeared first on Indian Express Malayalam.