കോഴിക്കോട്: ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എല്ലാ കുറ്റവും വസ്തുതകൾ മനസിലാക്കാതെ സ്ത്രീക്കുമേൽ ചുമത്തുന്ന പ്രവണത ഇല്ലാതാകണമെന്ന് അപരാജിത സ്റ്റേറ്റ് നോഡൽ ഓഫീസറും പത്തനംതിട്ട പോലീസ് മേധാവിയുമായ ആർ. നിശാന്തിനി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കേണ്ട സമൂഹം എതിരാകുമ്പോൾ അവൾ തളർന്നു പോകുമെന്നും ഇത് അവളിൽ അനവാശ്യ ചിന്തകളുണ്ടാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.സ്ത്രീധനവും ഗാർഹിക അതിക്രമങ്ങളും എന്ന വിഷയത്തിൽ മാതൃഭൂമി ഗൃഹലക്ഷ്മി വേദി സംസ്ഥാന കമ്മിറ്റി നടത്തിയ ഓൺലൈൻ ചർച്ചയിൽ സംസാരിക്കുകയായിരുന്നു നിശാന്തിനി. മിക്ക സ്ത്രീകളും വിവിധങ്ങളായ വെല്ലുവിളികൾ നേരിടുന്നുണ്ട്.
എല്ലാ സ്ത്രീധന പീഡന കേസുകളും ഗാർഹിക അതിക്രമം തന്നെയാണ്. ആൺ-പെൺ വിത്യാസമില്ലാതെ ചെറുപ്രായം തൊട്ടേ പരസ്പരം ബഹുമാനിക്കാനും സാമൂഹ്യ ആനാചാരങ്ങൾക്കെതിരെ പ്രതികരിക്കാനും പഠിപ്പിക്കണം.മാറ്റം കുടുംബങ്ങളിൽ നിന്നാണുണ്ടാകേണ്ടത്. നല്ല സാഹചര്യത്തിൽ വളരുന്ന കുട്ടികൾ ഒരിക്കലും സ്ത്രീകളോട് അതിക്രമം കാണിക്കില്ല.
സമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതീകരിക്കാൻ സമൂഹത്തിനു കഴിയണം. അപരാജിത, സഖി, സ്നേഹിത, നിയമസേവന അതോറിറ്റി, വനിതാ സെൽ, കാതോർത്തു, സേവനദാതാക്കൾ തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ ഇവിടെയുണ്ട്. ഇത്തരം സംവിധാനങ്ങൾ എങ്ങിനെ പ്രയോജനപ്പെടുത്തണമെന്ന ബോധവൽക്കരണം സ്ത്രീകൾക്കു ലഭ്യമാകണം-നിശാന്തിനി പറഞ്ഞു.ഗൃഹലക്ഷ്മി വേദി സംസ്ഥാന പ്രസിഡന്റ് ഡോ. ലിസി ഷാജഹാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജി.ബബിത സ്വാഗതവും സെക്രട്ടറി ഷൈലജ ദേവരാജൻ നന്ദിയും പറഞ്ഞു