കേരളത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഓൺലൈൻ വിൽപനയും താളംതെറ്റി. ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ കേരളത്തിൽ അവശ്യ സാധനങ്ങൾ മാത്രമാണ് ഇപ്പോൾ വിൽക്കുന്നത്. രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോളും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ വഴി ഇലക്‍ട്രോണിക് ഉൽപന്നങ്ങൾ ഉൾപ്പടെയുള്ളവ ആമസോണും ഫ്ളിപ്കാർട്ടും വിതരണം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതും നിർത്തിവെച്ചതായാണ് വിവരം. ആമസോണിന്റെ വെബ്സൈറ്റിൽ അവശ്യ സേവനങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫ്ളിപ്കാർട്ടിലും കേരളത്തിലെ മിക്കയിടങ്ങളിലും വിതരണമില്ല എന്നാണ് പറയുന്നത്.
അതേമയം, കേരളത്തിലെ പ്രവചനാതീതമായ കോവിഡ് നിയന്ത്രണ സാഹചര്യങ്ങളാണ് ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ ബാധിച്ചതെന്ന വിമർശനം ഉയരുന്നുണ്ട്. കടകൾ തുറക്കാനും പുറത്തിറങ്ങാനും മറ്റുമായി സർക്കാർ പുറത്തിറക്കുന്ന ഉത്തരവുകൾ അശാസ്ത്രീയമാണെന്നും ആരോപണമുണ്ട്.
കേരളത്തിലെ കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾ ഉണ്ടാക്കുന്ന അധികാരികളുടെ ബുദ്ധിക്കു മുൻപിൽ ആമസോൺ മുട്ടു മടക്കി പിൻവാങ്ങിയത് എന്ന വിമർശനം ഉന്നയിക്കുകയാണ് വോഡഫോൺ ഇന്ത്യ, നിസാൻ പോലുള്ള സ്ഥാപനങ്ങളിൽ ചീഫ് ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചിട്ടുള്ള ടോണി തോമസ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :-
“ഭൂമിയിലെ ഏറ്റവും മികച്ച ശാസ്ത്രസാങ്കേതിക വിദ്യയുള്ള കമ്പനികളിൽ ഒന്നാണ് ആമസോൺ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഡ്രോൺ ടെക്നോളജി, ഇന്റലിജന്റ് സപ്ലൈ ചെയിൻ, റോബോട്ടിക്സ്, ഡ്രൈവർലെസ്സ് കാറുകൾ, ഹ്യൂമൻലെസ്സ് ഡെലിവറി, തുടങ്ങിയവയിൽ എല്ലാം ആമസോൺ അതി വിദഗ്ധരാണ്. എന്തിന് ലോകത്തെ പല കമ്പനികളും, സർക്കാരുകളും ഉപയോഗിക്കുന്ന ക്ലൗഡ് പോലും ആമസോണിന്റെയാണ്. ഇതിന്റെ ബലത്തിൽ ലോകത്ത് എവിടെയും, എന്തും എത്തിക്കാൻ ആമസോണിനു കഴിയും. പക്ഷെ കേരളത്തിലെ കോവിഡ് നിയന്ത്രണ നിർദ്ദേശങ്ങൾ ഉണ്ടാക്കുന്ന അധികാരികളുടെ ബുദ്ധിക്കു മുൻപിൽ ആമസോൺ മുട്ടു മടക്കി പിൻവാങ്ങി.
ഇന്നു തുറക്കും, നാളെ അടയ്‍ക്കും, മറ്റന്നാൾ പകുതി അടയ്‍ക്കും, ഒരു പഞ്ചായത്ത് ലോക്ക്ഡൗൺ, മറ്റേ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ, ചില ഇടത്തു ബാരിക്കേഡ്, മറ്റു ചിലേടത്തു ലാത്തിഅടി, ഒരു ദിവസം ഒറ്റ അക്കം, മറ്റൊരു ദിവസം ഇരട്ട അക്കം, ഒരു ദിവസം വർക്ക്ഷോപ്പ് തുറക്കും, വേറൊരു ദിവസം സ്പെയർ പാർട്സ് കട തുറക്കും, ചില ഇടം 7 മണി, ചില ഇടം 2 മണി, റോഡിന്റെ ഒരു വശം D, മറ്റേ വശം A.. എന്തൊക്കെ പ്രഹസനങ്ങൾ.. ഇതു മനസ്സിലാക്കാൻ ആമസോണിന്റെ സൂപ്പർ കംപ്യൂട്ടർ ഒന്നും പോരാ, അവരുടെ വിദ്യകൾ ഒന്നും പോരാ എന്നു മനസ്സിലാക്കി ആമസോൺ ആയുധം വച്ച് കീഴടങ്ങി. കേരളത്തിലെ ഡെലിവറി നിർത്തി.
കേരളാ കോവിഡ് പ്രഹസനത്തിന് മുൻപിൽ ആമസോൺ പോലും നിർബാധം കീഴടങ്ങിയ സ്ഥിതിക്ക്, പൂട്ടികെട്ടിയിട്ട നാട്ടുകാർക്ക് പുറത്തു പോവാതെ ഓൺലൈനായി അവശ്യ സാധനങ്ങൾ വാങ്ങാൻ അനുവദിക്കാതെ, ദ്രോഹിച്ചു രസിക്കുന്ന നമ്മുടെ അധികാരികൾക്ക് മിനിമം ഒരു UN അവാർഡ് എങ്കിലും പ്രതീക്ഷിക്കാമോ?”