മനാമ > യുഎഇ അംഗീകരിച്ച കോവിഡ് വാക്സിന് രണ്ട് ഡോസ് സ്വീകരിച്ച ഇന്ത്യന് പ്രവാസികള്ക്ക് തിരിച്ചുവരാന് ദുബായ് അനുമതി നല്കി. പൂര്ണമായി വാക്സിന് സ്വീകരിച്ച റെഡിന്സ് വിസയുള്ളവര്ക്ക് ഈ മാസം 23 മുതല് ദുബായിലേക്ക് തിരിച്ചുവരാന് ദുരന്തര നിവാരണ വിഭാഗം സുപ്രീം കമ്മിറ്റി ശനിയാഴ്ച വൈകീട്ടാണ് അനുമതി നല്കിയത്. ഇന്ത്യക്കു പുറമേ, ദക്ഷിണ ആഫ്രിക്ക, നൈജീരിയ രാജ്യക്കാര്ക്കും അനുമതിയുണ്ട്.
ഇന്ത്യയില് നിന്നും വരുന്നവര് യാത്രക്ക് മൂന്പ് 48 മണിക്കൂറിനിടെ എടുത്ത പിസിആര് പരിശോധന ഫലം കരുതണം. ഇതില് മെഷീന് റീഡ് ചെയ്യാന് ക്യൂആര് കോഡ് ഉണ്ടായിരിക്കണം. കൂടാതെ, ഇവര് വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര് മുന്പ് റാപിഡ് പിസിആര് പരിശോധനയും നടത്തിയിരിക്കണം. ദുബായില് എത്തിയാല് വിമാനതാവളത്തില് പിസിആര് പരിശോധനക്ക് വിധേയമാകണം. ഈ പരിശോധനയുടെ ഫലം ലഭിക്കും വരെ ഹോട്ടല് ക്വാറന്റയ്നില് കഴിയണം. 24 മണിക്കൂറിനകം ഫലം ലഭിക്കും.
യുഎഇ പൗരന്മാരെയും നയതന്ത്ര പ്രതിനിധികളെയും ഈ നിബന്ധനകളില് നിന്ന് ഒഴിവാക്കി.
സിനോഫാം, ഫൈസര് ബയോടെക്, സ്പുട്നിക്, ഓക്സ്ഫഡ് ആസ്ട്ര സെനക്ക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകള്. ഇതില് ആസ്ട്ര സെനക്ക കോവി ഷീല്ഡ് എന്ന പേരില് ഇന്ത്യയില് ലഭ്യമാണ്. അതിനാല് തന്നെ പുതിയ പ്രഖ്യാപനം ഇന്ത്യന് പ്രവാസികള്ക്ക് ആശ്വാസമാണ്.
യുഎഇ എമിറേറ്റുകളില് ദുബായ് മാത്രമാണ് ഉപാധികളോടെ വിലക്ക് നീക്കിയത്. നിലവില് ഇന്ത്യയില് നിന്നുള്ള വിമാന സര്വീസിന് യുഎഇയില് വിലക്കുണ്ട്. ജൂലായ് ആറു വര സര്വീസ് ഉണ്ടായിരിക്കില്ലെന്ന് കഴിഞ്ഞ ആഴ്ച എയര് ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യയില് കൊറോണവൈറസ് വര്ധിച്ചതിനെ തുടര്ന്ന് ഏപ്രില് 24നാണ് യുഎഇ ഇന്ത്യന് സര്വീസുകള് നിരോധിച്ചത്.