അരിപ്പെട്ടിയിലെ പ്രാണികളെ എനിക്ക് പേടിയില്ലായിരുന്നു. അരിയും പയറും മല്ലിയും മുളകും ഇട്ടു വച്ച ഒരു അരിപ്പെട്ടി അന്ന് അടുക്കളയിൽ ഉണ്ടായിരുന്നു. ഏതോ തലമുറയിൽ നിന്നും വന്നത്. മഴക്കാലത്ത് അതിനുള്ളിൽ കയറിപറ്റാൻ എനിക്ക് ഇഷ്ടമായിരുന്നു. ഇരുട്ടിനെ കൂട്ട് പിടിച്ചിരിക്കാം കുറേ നേരം. പേടി തട്ടുമ്പോൾ പുറത്ത് കടന്നു മഴ കണ്ടിരിക്കാം. അരിപ്പെട്ടിക്കകത്തു ഒരു പുസ്തകവും കൊണ്ട് ചുരുണ്ടിരുന്നു വായിക്കാൻ നല്ല കൊതിയുണ്ടായിരുന്നെങ്കിലും പേടിയും പുതപ്പെടുത്തു മൂടുമായിരുന്നു. അങ്ങനെ തന്നെയായിരുന്നു ഈ മഹാമാരിയുടെ കാലവും. ലോകം മുഴുവൻ വീടുകളിലേക്ക് പതുങ്ങി ഇരിക്കേണ്ടി വന്ന കാലം.
പേടികളിൽ നിന്നും ഒളിച്ചോടാൻ ഞാൻ പതിവ് പോലെ പുസ്തകങ്ങൾക്കിടയി ലേക്കോടി. അവ എന്നെ ചേർത്ത് പിടിച്ച് താളുകൾക്കിടയിൽ കിടന്ന് ഉറങ്ങിക്കൊള്ളാൻ പറഞ്ഞു. പ്ലേഗിനെ കുറിച്ച് വായിച്ചറിഞ്ഞ ചിത്രങ്ങൾ എന്റെ മനസ്സിൽ ഒരു ചിലന്തിയെ പോലെ വല കെട്ടാൻ തുടങ്ങി.ന്യൂസ് ചാനലുകൾ തുറക്കാൻ പേടിയായി. യൂണിവേഴ്സിറ്റി കോളേജിലെ എം. ഫിൽ കാലം. ഞാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരി വിനീതയും എന്നും ക്ലാസ് കഴിഞ്ഞ് സ്റ്റാച്യുവിലെ ആഴ്ചപതിപ്പുകൾ വിൽക്കുന്ന വഴിയോര കട വരെ നടക്കും. ഇടയ്ക്ക് ഞങ്ങൾ ഇന്ത്യൻ കോഫി ഹൌസിൽ നിന്നും ബീറ്റ്‌റൂട്ട് നിറച്ച കട്‌ലെറ്റ് തിന്നും. ഞങ്ങളുടെ കഥകൾ സേഫ്റ്റിപിന്നുകളും നെയിൽ പോളീഷും പോലെ കൈമാറും.വിനീത അപ്പോൾ സരമാഗോ യുടെ ‘Blindness’ എന്ന നോവലാണ് തീസിസ് എഴുതാനായി വായിച്ചു കൊണ്ടിരുന്നത്.
ഞങ്ങൾ രണ്ടു പേരും അന്ന് ഞങ്ങളുടെ പ്രണയം കൊണ്ട് തൊട്ടാവാടികളെ പോലെ വാടിപോയിരുന്നു.ഞങ്ങൾ അന്ന് പാളയത്തെ വയലറ്റ് നിറമുള്ള വൈകുന്നേരത്തു കൂടി നടക്കുമ്പോൾ ഒരു ക്രിയേറ്റീവ് വിഷ്വലൈസേഷൻ (creative visualisation) ചെയ്തിരുന്നു. ലോകം മുഴുവനും പടരുന്ന ഇരുട്ട്. ഇരുട്ടിൽ മുങ്ങി പോകുന്ന പാളയത്തെ പഴക്കം വന്ന കെട്ടിടങ്ങൾ, കറുപ്പണിഞ്ഞ ആളുകൾ, ഇരുട്ടിൽ പുതങ്ങു പോയ പാളയം ചന്ത. സെക്കൻഡ് ഹാൻഡ് പുസ്തകകടയെയും പബ്ലിക് ലൈബ്രറിയെയും ഫൈൻ ആർട്സ് കോളേജിനെയും കരിമ്പടം പോലെ പുതച്ച ഇരുള്. കുറച്ചു കഴിഞ്ഞപ്പോൾ കളി കാര്യമായി. ഞങ്ങൾക്ക് പേടിയായി. തുറന്നു വിട്ട ഭാവനയെ പൂച്ചയെ എന്ന പോലെ പിടിച്ച് ചാക്കിനുള്ളിലാക്കി.
കുട്ടിക്കാലത്തെ അരിപ്പെട്ടിക്കകത്തെ ഇരിപ്പും പ്രണയകാലത്തെ വൈകുന്നേരത്തെ നടത്തവും എന്തോ എന്റെ ഓർമ്മകളിൽ ശക്തമായി വന്നു ആണിയടിച്ചു ഈ മഹാമാരിയുടെ കാലത്ത്. പുസ്തകത്തിലേക്ക് പോയി ഒളിച്ചിരിക്കാൻ ആരോ മനസ്സിലിരുന്നു പറഞ്ഞു കൊണ്ടിരുന്നു. ഡെക്കാമെറൺ കഥകളിലെ പോലെ മനുഷ്യരാശിയുടെ വേദനയുടെയും സ്നേഹത്തിന്റെയും പകയുടെയും കഥകൾ കൊരുത്തു വയ്ക്കാൻ പറ്റിയ സമയം. ലോകം മുഴുവനുള്ള ആളുകൾ വീടിനുള്ളിൽ ഇരുന്നു മഹത്തായ കലകൾ അഭ്യസിക്കുന്നു.ജീവിച്ചിരിക്കുന്നു എന്ന് ലോകത്തോട് വിളിച്ചു പറയുന്നു. ഒപ്പം തളരാതെ കൂടൂ എന്ന് കൈ കൊടുക്കുന്നു. ഇറ്റലിയിൽ ഓപ്പൺ സ്റ്റേജിൽ കലാ പ്രകടനങ്ങൾ നടത്തുന്നു. കുടുസ്സ് മുറികളിലിരുന്നു ഉരുളക്കിഴങ്ങ് മുറിച്ചും വൈകുന്നേരത്തെ ചായ കുടിച്ചും ആളുകൾ അതിൽ പങ്കു ചേരുന്നു. ഒപ്പം മൂളിപ്പാട്ട് പാടുന്നു. ലോകം മുഴുവനും ഒന്നായി ആ വലിയ കടൽ നീന്തി കടക്കുന്നു. പേരറിയാത്ത ആളുകളുടെ ശവശരീരങ്ങൾ ഒഴുകി പോകുമ്പോൾ നമ്മൾ ഹൃദയം മുറിഞ്ഞു കെട്ടി പിടിച്ച് കരയുന്നു. എനിക്ക് എന്റെ മുറിവുകളെ ഉണക്കണമായിരുന്നു. ഞാൻ വീണ്ടും പുസ്തക ങ്ങൾക്കിടയിലേക്ക് പോയി.യാത്രകൾ ഒന്നുമില്ലാത്ത കാലത്ത് യാത്ര ചെയ്യാൻ ഞാൻ പുസ്തകങ്ങളെ കൂട്ട് പിടിച്ചു.
മ്യൂസിയങ്ങളിൽ വിർച്വൽ ടൂർ ( virtual tour) നടത്തിയും ട്രാവൽവ്ലോഗുകൾ കണ്ടും മാത്രം യാത്രയെ അറിഞ്ഞ സമയം. ഒറ്റയ്ക്ക് കാറിൽ ഇന്ത്യൻഗ്രാമഹൃദയങ്ങളിലൂടെ സഞ്ചരിക്കുകയാണ് വേണു ‘നഗ്നരും നരഭോജികളും ‘ എന്ന യാത്രാപുസ്തകത്തിലൂടെ. മനുഷ്യരാശിയെയെ പുൽകാൻ എന്നെ ഈ പുസ്തകം പ്രേരിപ്പിച്ചു. ഈ ലോകത്തോട്, ഇവിടത്തെ മനുഷ്യരോട്, അപരിചിതമായ വഴികളോട്, രുചികളോട്, മണങ്ങളോട്. എന്തെന്നില്ലാത്ത സ്നേഹം എന്നിൽ വന്നു നിറഞ്ഞു.
ആന്ധ്ര,ഒഡിഷ, ഛത്തീസ് ഗഡ്. ഗ്രാമങ്ങളിലെ മണ്ണിനേയും മനുഷ്യനെയും തൊട്ടറിയുന്ന അപൂർവ സുന്ദരമായ പുസ്തകം. ഹാ! മനുഷ്യൻ എത്ര മനോഹരമായ പദം. ഈ സുന്ദരമായ ഭൂമിയിൽ നിന്നും മനുഷ്യർ മരിച്ചു പോകരുതേ എന്ന ആഗ്രഹം എന്നെ വന്നു മൂടി. ആയിടയ്ക്കാണ് പണ്ട് വന്നു പോയ രോഗം എനിക്ക് കൂട്ട് വന്നത്. വെർട്ടിഗോ, പമ്പരം പോലെ കറങ്ങുന്ന, ഊഞ്ഞാലിലിരുത്തി ആടുന്ന, കിടന്നാൽ കട്ടിലടക്കം കറങ്ങുന്ന രോഗം. പക്ഷേ തുടക്കത്തിൽ അത് എന്നെ വലച്ചു. ജോലി ചെയ്യാൻ പറ്റുന്നില്ല. വായിക്കാനോ എഴുതാനോ എന്തിനു നടക്കാൻ പോലും പറ്റുന്നില്ല. കിടക്കാമെന്നു വച്ചാൽ കട്ടിലും കൂടെ കറങ്ങും. കിളികൾ കൂകി പറക്കും പോലെ, നിന്നു ആടുന്നത് പോലെ, പുറകിൽ നിന്നുമാരോ പിടിച്ചു ഉന്തുന്നതു പോലെ ഭൂമി മുഴുവനായും കറങ്ങുന്നു.
ഈ ലോകത്തിന്റെ ദുഃഖം മുഴുവനും എന്റേത് കൂടി ആയിത്തീരുന്നു. ഇപ്പോൾ വായിക്കാൻ പറ്റിയ പുസ്തകം ഞാൻ ഷെൽഫിൽ തിരഞ്ഞു. ലൂസിഡ് ആയ ഒന്ന്. വായിക്കാൻ പറ്റില്ല. വരികൾ മാറി പോകും. വാക്കുകൾ പറക്കും. ഇതാണ് പറ്റിയ പുസ്തകം. കൊടുങ്കാറ്റ് പോലെ ഒഴുകി പോകുന്ന ലാലൻ ഫക്കീറിന്റെ ജീവിതകഥ. കവി, അവധൂതൻ, റിഫോർമർ, ദാർശനികൻ, നിഷേധി, സ്വപ്നാടകൻ. ഒരു ഊഞാലിലിരുത്തി എന്നെ എവിടെയോ കൊണ്ട് പോയി തള്ളിയിടുന്നു. എനിക്ക് തിരികെ വരാനായില്ല ആ ട്രാൻസിൽ നിന്നും. ലോകത്ത് മനുഷ്യർ പുഴുക്കളെ പോലെ ചത്തൊടുങ്ങുന്നു. ഇല്ല. പുസ്തകങ്ങൾക്ക് എന്നെ രക്ഷിക്കാനാവില്ല.
ഞാൻ വീണ്ടുമൊരു കൊച്ചു കുട്ടിയായി. എനിക്ക് എന്റെ പേടികളെ പൊട്ടിച്ചു എറിഞ്ഞുടയ്ക്കണമായിരുന്നു. മനസ്സിലേക്ക് ഒരു വെള്ളച്ചാട്ടം പോലെ എന്റെ പ്രിയ പുസ്തകം ഓടി വന്നു. എല്ലാ വേനലവധികാലത്തും മഴക്കാലത്തും മരത്തിൽ കയറി ഇരുന്നും മുറിക്കകത്തു ഒളിച്ചിരുന്നും ഒരു മുട്ടായി പോലെ തിന്നു തീർക്കാൻ തോന്നുന്ന പുസ്തകം. ഏത്ര വായിച്ചാലും മതി വരാത്ത പുസ്തകം. ‘ വെൻ ഡാഡി വാസ് എ ലിറ്റിൽ ബോയ്’ (When Daddy was a little boy). റസ്കിൻ ഈ പുസ്തകം എഴുതിയത് മകൾ സാഷയ്ക്കു ചെവി വേദന വന്നപ്പോളാണ്. അപ്പോൾ വാശിക്കാരിയായ അവൾ പറഞ്ഞു “അച്ഛൻ കൊച്ചായിരുന്ന കാലത്തെ കഥ പറയൂ “. അങ്ങനെ അച്ഛൻ കൊച്ചു കുട്ടി ആയിരുന്നപ്പോഴത്തെ കഥകൾ പറയുന്നു. ഈ കഥകളിലെ അച്ഛൻ പലപ്പോഴും കോമാളിയും വിഡ്ഢിയുമൊക്കെ ആണ്. അച്ഛൻ ഡോക്ടറെ കടിച്ചു പറിക്കുന്നുണ്ട്.തൊട്ടതിനൊക്കെ മുഖം വീർപ്പിക്കുന്നുണ്ട്. അനിയനെ ഒറ്റയ്ക്ക് ആക്കിയിട്ട് ഓടി പോകുന്നുണ്ട്. പാമ്പിനെ വെട്ടി നുറുക്കി ശരിയാക്കുന്നുണ്ട്. കടുവ വേട്ടക്കു പോകുന്നുണ്ട്. തെറ്റുകളിൽ നിന്നും കൂടുതൽ നല്ല മനുഷ്യനായി രൂപാന്തരപ്പെടുന്നുണ്ട്.
“എനിക്കും ഒരു മനുഷ്യനാകണം”. നഗരങ്ങളിൽ നിന്നും സ്വന്തം മണ്ണ് തേടി അകലങ്ങളിലെ ഗ്രാമങ്ങളിലേക്ക് നടന്നു പോകുന്ന മനുഷ്യരുടെ മുഖങ്ങൾ ഈ കൊറോണക്കാലത്ത് എന്നെ ഡിപ്രെഷന്റെ കൊടുമുടിയിലേക്ക് തള്ളിയിട്ടു. കമ്മ്യൂണിറ്റി കിച്ചണും സ്കൂളിലെ വായന മുടങ്ങി പോയ കുട്ടികൾക്കുള്ള പുസ്തക വിതരണവും ഓൺലൈൻ ക്ലാസും ചിറകുകൾ പൊടിപ്പിച്ചു. ഞാൻ വീണ്ടും പുസ്തകങ്ങളുടെ തുരങ്കത്തിലേക്കിറങ്ങി.അപ്പുറം വെളിച്ചമുണ്ട്, തുമ്പികളും.ബെർഗ്മാന്റെ ആത്മകഥ ‘മാജിക് ലാന്റേണും’ ഉം മിറിയം ലാൻസ് വുഡ് എന്ന സ്ത്രീ തന്റെ പങ്കാളിയോടൊപ്പം കാടുകളിൽ ജീവിക്കാൻ ഇറങ്ങിതിരിച്ച ‘വുമൺ ഇൻ വൈൽഡർനെസ്സ്'( ‘woman in the wilderness)’ ഉം ഒക്കെ ഞാൻ വായിച്ചു.
സുഹൃത്തുക്കൾ വായിച്ചു തീർക്കുന്ന പുസ്തകങ്ങളുടെ ചിത്രങ്ങൾ കണ്ടു ഞാൻ അന്തം വിട്ടിരുന്നു. എനിക്കാവുന്നില്ലല്ലോ. ഞാൻ മൈക്രോ ഗ്രീനുകൾ നട്ടു വളർത്തി, വിളവെടുത്തു, സൂപ്പ് ഉണ്ടാക്കി. ബോട്ടിൽ ആർട്ട് (bottle art) ചെയ്തു. ചിത്രങ്ങൾ വരച്ചു പരാജയപ്പെട്ടു. എന്നും വീട്ടിലെ മുറ്റത്തു നടക്കു മെന്ന് കരുതിയെങ്കിലും പുതപ്പ് തല വഴി മൂടി കിടന്നു. എനിക്ക് എന്നിൽ പ്രതീക്ഷ നഷ്ടപ്പെട്ടുവെങ്കിലും ഈ ലോകത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നു. ലോകമഹായുദ്ധങ്ങളെയും ഫ്ലൂവിനെയും താണ്ടിയ ഈ ലോകം വീണ്ടും ജീവിക്കും. ഞാൻ അലങ്കോലമായി കിടന്ന വീട് വൃത്തിയാക്കാൻ തുടങ്ങി. ലോകം മുഴുവനും ഒരുപാട് ക്ലൈന്റസ് ഉള്ള ജപ്പാൻ യിലെ ഓർഗനൈസിങ് കൺസൽറ്റന്റ് മാരിയോ കൊൻഡോ (Marie Kondo) യുടെ ഡീ ക്ലറ്ററിങ് ( de-cluttering) മന്ത്രാസ് നിറഞ്ഞ പുസ്തകം വായിക്കാനെടുത്തു. .എന്റെ രീതിയിൽ ഉള്ള പുസ്തകം അല്ല. ഒന്നുകിൽ കഥ, അല്ലെങ്കിൽ കവിത, നോവൽ, അതുമല്ലെങ്കിൽ നോൺ ഫിക്ഷൻ (non-fiction), യാത്രാവിവരണം, ആത്മകഥ. പഴയ വീഞ്ഞ് തന്നെ… ഒരു സെൻ ഗുരു വിനെ പോലെ ആണ് എഴുത്തുകാരി ഈ സെൽഫ് ഹെൽപ്പ് പുസ്തകത്തിൽ വെടിപ്പിനെ( tidying) കുറിച്ച് പറയുന്നത്. ഒരു പൂവ് വിരിയുന്നത് പോലെ വേണം അടുക്കുകയും മറ്റും ചെയ്യാൻ. വളരെ അടുക്കും ചിട്ടയുമുള്ള ( സിസ്റ്റമാറ്റിക് ആയ ചില സ്റ്റെപ്പ്സ്) ചില രീതികളിലൂടെയാണ് വീട് വൃത്തിയാക്കൽ നടത്തേണ്ടത്. കാടിളക്കി പണിയെടുക്കണ്ട എന്ന പക്ഷക്കാരിയാണ് കൊൻഡോ. ഉദാഹരണത്തിന് വീട്ടിലെ പഴയ സാധനങ്ങൾ കണ്ടെത്താൻ വേണ്ടി മാത്രം ഉച്ച വരെയുള്ള സമയം ചിലവിടുക. ഇവയെല്ലാം ഒരിടത്തു കൂട്ടി വയ്ക്കുക. പിന്നെയാണ് ധ്യാനം. “Ask yourself, if it sparks joy” സ്മൈലി കിട്ടിയാൽ അകത്തു വയ്ക്കാം.ചിരി കിട്ടിയില്ലെങ്കിൽ ആ നിമിഷം ഒരു ചാക്കിൽ ആക്കി പുറത്തു വയ്ക്കണം.പുറത്തു വച്ചു കുന്നു കൂടിയ സാധനങ്ങൾ ഒഴിവാക്കാൻ തന്റെ സഹായം തേടിയ ക്ലൈന്റിനെ കുറിച്ചും അവർ പറയുന്നുണ്ട്. ഈ പുസ്തകം എന്നെ തുണച്ചില്ല. വായിച്ചു തീർന്നെങ്കിലും മുറിയും പൂപ്പാത്രവും പുസ്തകങ്ങളും എല്ലാം അല്ലങ്കോലമായി തന്നെ കിടന്നു.വായിച്ചു മിടുക്കരായ മനുഷ്യരെ ഞാൻ അസൂയയോടെ നോക്കി.
ഇഷ്ടപെട്ട പല പുസ്തകങ്ങളും ഞാൻ ഈ കൊറോണക്കാലത്ത് വീണ്ടും വായിച്ചു. ആയിരത്തൊന്നു രാവുകൾ മൂന്ന് വാല്യവും ഇടയ്ക്കിടക്ക് എടുത്തു നോക്കി.’മുഴുവൻ വായിച്ചു തീർക്കരുത്. ഒരു കഥ ബാക്കി വയ്ക്കൂ.. വായിച്ചു തീർത്താൽ നിങ്ങൾ മരിച്ചു പോകും ‘ കെട്ടു കഥകൾ ഇഷ്ടപെടുന്ന ഞാൻ ആ കഥ വിശ്വസിച്ചു. വായിച്ചു മുഴുവപ്പിച്ചില്ല. എന്തെന്നാൽ മനുഷ്യർ ജീവിക്കുന്ന, ജോലി ചെയ്യുന്ന, യാത്രകളിൽ ഏർപ്പെടുന്ന ലോകത്തെ എനിക്ക് കാണണമാ യിരുന്നു. വെറുക്കാനും പ്രണയിക്കാനും തെറി പറയാനും കാപ്പി പങ്കു വയ്ക്കാനും ഇനിയും വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളുടെ കഥകൾ കൂട്ടം കൂടിയിരുന്നു പറയാനും ഇനിയുമൊരു ലോകം വേണമായിരുന്നു.
The post തുരങ്കത്തിനപ്പുറം തുമ്പികൾ appeared first on Indian Express Malayalam.