ബെയ്ജിങ്: ചൈനയുടെ സ്വന്തം ബഹിരാകാശനിലയമായ ടിയാങോങ്ങിലേക്ക് ആദ്യമനുഷ്യസംഘം വ്യാഴാഴ്ച പുറപ്പെടും. ഷെൻഷൂ-12 പേടകത്തിൽ യാത്ര പുറപ്പെടുന്ന മൂന്നംഗസംഘത്തെ ലോങ്മാർച്ച് 2എഫ് റോക്കറ്റാണ് നിലയത്തിലെത്തിക്കുക. ഗോപി മരുഭൂമിയിലുള്ള ജിയുഖ്വാൻ വിക്ഷേപണത്തറയിൽനിന്ന് രാവിലെ 9.22-ന് റോക്കറ്റ് പുറപ്പെടും.
നീ ഹെയ്ഷെങ് (56), ലിയു ബോമിങ് (54), താങ് ഹോങ്ബോ (45) എന്നിവരാണ് സംഘത്തിലുള്ളത്. മൂന്നുതവണ ബഹിരാകാശയാത്ര നടത്തിയിട്ടുള്ള ഹെയ്ഷെങ്ങാണ് കമാൻഡർ. പോഷകസമൃദ്ധവും സ്വാദുമുള്ള 120 തരം ഭക്ഷണവും വ്യായാമത്തിനായി ‘ബഹിരാകാശ ട്രെഡ് മില്ലും’ ഇവർ ഒപ്പംകൊണ്ടുപോവുന്നുണ്ട്. മൂന്നുമാസം നിലയത്തിൽ തങ്ങും. വിവിധ പരീക്ഷണങ്ങളിലും ബഹിരാകാശനടത്തത്തിലും സംഘം ഏർപ്പെടും. മൂവർക്കും താമസിക്കാൻ പ്രത്യേക മൊഡ്യൂളുകളുണ്ട്. ഭക്ഷണം കഴിക്കുന്ന സ്ഥലവും ആശയവിനിമയകേന്ദ്രവും ശൗചാലയവും പങ്കിടും. ഭൂമിയിലുള്ളവരുമായി വീഡിയോ കോൾ ചെയ്‌യുന്നതിനും ഇ-മെയിൽ അയക്കുന്നതിനുമുള്ള സംവിധാനമുണ്ട്. ചൈനയുടെ മനുഷ്യനെയും വഹിച്ചുള്ള ഏറ്റവുംദൈർഘ്യമേറിയ ബഹിരാകാശദൗത്യംകൂടിയാണിത്.
നിലയത്തിന്റെ പ്രധാന മൊഡ്യൂളായ ടിയാൻഹി മാത്രമേ നിലവിൽ ചൈന ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളൂ. ഇവിടേക്കാണ് സംഘം പോകുന്നത്. ഏപ്രിലിലാണ് ടിയാൻഹി ഭ്രമണപഥത്തിലെത്തിയത്. നിലയത്തിന്റെ നിർമാണം വരുംകൊല്ലങ്ങളിലേ പൂർത്തിയാകൂ.