ന്യൂഡൽഹി
ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഡൽഹി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചു. ദേവാംഗന കലിത, നതാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹാ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്. മൂവർക്കും ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനെയും ഡൽഹി പൊലീസിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ചുമത്തിയ യുഎപിഎ വകുപ്പുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസിന്റെ കുറ്റപത്രത്തിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ സാധൂകരിക്കാൻ ആവശ്യമായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു.
വിദ്യാർഥികളെ മോചിപ്പിച്ചില്ല
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും മോചിപ്പിക്കാൻ തയ്യാറാകാതെ പൊലീസ്. കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ച ദേവാംഗന കലിത, നതാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെ മോചിപ്പിക്കാൻ പൊലീസ് ഇനിയും തയ്യാറായിട്ടില്ല. ഇവരുടെ മേൽവിലാസം സ്ഥിരീകരിക്കാൻ കൂടുതൽ സമയം വേണമെന്നാണ് വാദം. പൊലീസ് നടപടി ചോദ്യംചെയ്ത് വിദ്യാർഥികൾ കർക്കർഡൂമ കോടതിയെ സമീപിച്ചു.
വിദ്യാർഥികളുടെ അപേക്ഷയിൽ വ്യാഴാഴ്ച പകൽ 11ന് ഉത്തരവിടുമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി രവീന്ദർബേഡി അറിയിച്ചു. മേൽവിലാസം സ്ഥിരീകരിക്കാനും ജാമ്യം നിന്നവരുടെ ആധാർ രേഖകൾ പരിശോധിക്കാനും കൂടുതൽ സമയം വേണമെന്ന് പൊലീസ് വാദിച്ചു. എന്നാൽ, യുഎപിഎ ചുമത്തിയ നടപടി പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചത് കേന്ദ്രത്തിനും ഡൽഹി പൊലീസിനും കനത്ത തിരിച്ചടിയായിരുന്നു.