● ടിപിആർ എട്ടിൽ താഴെയുള്ള സ്ഥലങ്ങളിൽനിന്ന് ഭാഗിക ലോക്ക്ഡൗണുള്ള ഇടങ്ങളിലേക്കും തിരിച്ചും പാസ് ആവശ്യമില്ല. സത്യവാങ്മൂലം വേണം
● സമ്പൂർണ ലോക്ക്ഡൗൺ സ്ഥലങ്ങളിലേക്ക് (ടിപിആർ 20ന് മുകളിൽ) മെഡിക്കൽ ആവശ്യങ്ങൾ, വിവാഹ–- മരണാനന്തരചടങ്ങ്, നിർമാണ പ്രവർത്തനങ്ങൾ, വ്യാവസായിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യാൻ പാസ് വേണം
● സമ്പൂർണ ലോക്ക്ഡൗൺ ഉള്ളിടത്തുനിന്ന് മറ്റു സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കും പാസ് വേണം
● ഓൺലൈൻ പാസ് ലഭിച്ചില്ലെങ്കിൽ രേഖകൾ സഹിതം അപേക്ഷ നൽകിയാൽ പൊലീസ് സ്റ്റേഷനിൽനിന്ന് പാസ് ലഭിക്കും. പോകേണ്ട സ്ഥലത്തെ വിലാസം, യാത്രാ ആവശ്യം, യാത്രക്കാരുടെ പേരും വിലാസവും, മൊബൈൽ നമ്പർ, വാഹന നമ്പർ എന്നിവ അപേക്ഷയിലുണ്ടാകണം.
● മുപ്പൂട്ട് നിലവിലുള്ള ഇടങ്ങളിൽനിന്ന് അകത്തേക്കും പുറത്തേക്കും പരീക്ഷകൾക്കും മെഡിക്കൽ ആവശ്യങ്ങൾക്കും മരണാനന്തരചടങ്ങിനും മാത്രമേ യാത്ര അനുവദിക്കൂ. തിരിച്ചറിയൽ കാർഡ്, ഹാൾടിക്കറ്റ്, മെഡിക്കൽ രേഖകൾ എന്നിവ കരുതണം.
ഇന്ന് തുറക്കും
മുപ്പത്തെട്ട് ദിവസത്തെ അടച്ചിടൽ അവസാനിപ്പിച്ച് വ്യാഴാഴ്ച കേരളം നിയന്ത്രണങ്ങളോടെ തുറക്കും. രോഗസ്ഥിരീകരണ നിരക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാലു വിഭാഗമായി തിരിച്ചാണ് നിയന്ത്രണത്തിൽ അയവ്. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ തുടരും. രോഗസ്ഥിരീകരണ നിരക്ക് 30 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിൽ (വിഭാഗം ഡി) മുപ്പൂട്ട് തുടരും. ഇളവുകൾ അർധരാത്രിയോടെ നിലവിൽ വന്നു. പൊതുഗതാഗതം മിതമായ തോതിൽ ആരംഭിച്ചു. നിയന്ത്രണങ്ങളോടെ ഓട്ടോ–- ടാക്സികളുമാകാം.
ബുധനാഴ്ചകളിൽ ശരാശരി വ്യാപനത്തോത് അവലോകനംചെയ്ത് ഓരോ തദ്ദേശസ്വയംഭരണ പ്രദേശവും ഏത് വിഭാഗത്തിലെന്ന് ജില്ലാ ഭരണസംവിധാനം പരസ്യപ്പെടുത്തും. ഇതനുസരിച്ച് നിയന്ത്രണത്തിലും മാറ്റംവരും.