ന്യൂഡൽഹി: പുതിയ ഐ.ടി. ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് ട്വിറ്ററിന് ഇന്ത്യയിൽ ഉണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടതായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ ഐ.ടി. ചട്ടത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റാറ്റിയൂട്ടറി ഓഫീസർമാരെ നിയമിക്കാത്തതിനെ തുടർന്നാണിത്.
ട്വിറ്ററിനെതിരേ ഉത്തർ പ്രദേശിൽ ഫയൽ ചെയ്ത കേസിന്റെ പശ്ചാത്തലത്തിലാണ് ഇലക്‍ട്രോണിക്സ്- ഐ.ടി. മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ജൂൺ അഞ്ചിന് ഗാസിയാബാദിൽ പ്രായമായ മുസ്ലീം വയോധികനു നേരെ ആറു പേർ അതിക്രമം നടത്തിയിരുന്നു. ബലം പ്രയോഗിച്ച് തന്റെ താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിക്കാൻ തന്നെ നിർബന്ധിച്ചുവെന്നുമാണ് വയോധികൻ ആരോപിച്ചത്.
ഈ സംഭവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉളളടക്കം ട്വിറ്ററിൽ പ്രചരിച്ചുവെന്നും ഇത് നീക്കം ചെയ്‌യാൻ ട്വിറ്റർ തയ്‌യാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിനെതിരേ യു.പിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ, വയോധികനു നേരെ ഉണ്ടായത് സാമുദായിക ആക്രമണമല്ലെന്നും ഇയാൾ വിറ്റ മന്ത്രത്തകിടുകളിൽ അസംതൃപ്തരായ ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ആറു പേർ ചേർന്നാണ് ഇയാൾക്കെതിരേ അതിക്രമം നടത്തിയതെന്നും യു.പി. പോലീസ് പറയുന്നു.
ഗാസിയാബാദ് സംഭവത്തിന് സാമുദായിക പരിവേഷം ചാർത്തി സാമുദായിക വികാരത്തെ വ്രണപ്പെടുത്തിയതിന് നിരവധി മാധ്യമപ്രവർത്തകർക്കും ട്വിറ്ററിനുമെതിരേ പോലീസ് കുറ്റം ചുമത്തിയിരുന്നു. ജൂൺ 14-ന് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ ഇതു സംബന്ധിച്ച് പത്രക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടും സംഭവുമായി ബന്ധപ്പെട്ടുളള തെറ്റിദ്ധാരണജനകമായ പോസ്റ്റുകൾ പിൻവലിക്കുന്നതിനുളള നടപടികൾ ട്വിറ്റർ സ്വീകരിച്ചില്ലെന്നും പോലീസ് പറഞ്ഞു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിനെതിരേ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിന് ഇന്ത്യയിൽ ഒരു നിയമപരിരക്ഷയും ഇല്ലാത്തതിനാൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോ കൃത്രിമ വീഡിയോ എന്ന് ഫ്ളാഗ് ചെയ്‌യാത്തതിനെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണ്. സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഐ.ടി. നിയമം അനുശാസിക്കുന്ന നിയമ പരിരക്ഷ നഷ്ടപ്പെട്ട ഏക അമേരിക്കൻ കമ്പനിയാണ് ട്വിറ്റർ. നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌യുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഉള്ളടക്കത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ ഇന്ത്യൻ മാനേജിങ് ഡയറക്‍ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്‌യാനും ക്രിമിനൽ നടപടി സ്വീകരിക്കാനും കഴിയും. പുതിയ ഐ.ടി. ചട്ടത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കേണ്ട സമയം മെയ് 25-ന് അവസാനിച്ചിരുന്നു. ചില കമ്പനികൾ കോറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
മാർഗനിർദേശങ്ങൾ അനുസരിക്കാൻ ട്വിറ്ററിന് അധിക സമയം നൽകിയിട്ടും പുതിയ ഐ.ടി. ചട്ടങ്ങളിലെ നിർദേശങ്ങൾ പാലിക്കാൻ കമ്പനിക്കായില്ല. നിയമ പരിരക്ഷ നഷ്ടപ്പെടുമെന്ന് കാണിച്ച് ജൂൺ അഞ്ചിന് ഒരു അവസാന അറിയിപ്പ് സർക്കാർ ട്വിറ്ററിന് നൽകിയിരുന്നു. എന്നാൽ, പത്തു വർഷത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ട്വിറ്ററിൽനിന്ന് അവിശ്വസനീയമായ നടപടിയാണ് ഉണ്ടായതെന്നും ഇലക്‍ട്രോണിക്സ്- ഐ.ടി. മന്ത്രാലയം പറഞ്ഞു.
Content Highlights:Twitter loses legal shield in India for its users content