ശബ്ദമായാണ് ആദ്യം സിദ്ധലിംഗയ്യയെ ഞാൻ നേരിട്ടറിഞ്ഞത്. 2008 മാർച്ചിലെ ഒരു രാത്രിയിലായിരുന്നു അത്. മനു ചക്രവർത്തിയുടെ ഫോണിൽ നിന്നാണദ്ദേഹം സംസാരിച്ചത്. വളരെ ഹ്രസ്വമായിരുന്നു ആ സംഭാഷണം. ഏറിയാൽ നാലോ അഞ്ചോ വാചകം. ‘ഒരു സമ്മേളനത്തിനിടയിലാണ്. മനു നിങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. “ഊരു കേരി’ മലയാളത്തിലാക്കാൻ ഒട്ടും മടിക്കേണ്ട. നാളെ വിളിക്കാം.”
ഡി ആർ നാഗരാജിന്റെ ‘ജ്വലിക്കുന്ന പാദങ്ങൾ” എനിക്ക് പരിചയപ്പെടുത്തിത്തന്ന കന്നഡയിലെ വലിയ എഴുത്തുകാരിൽ ഒരാളായിരുന്നു സിദ്ദലിംഗയ്യ. ‘ഊരുകേരി’യിലൂടെയും ചില കവിതകളിലൂടെയും അദ്ദേഹം എന്നിൽ നിറഞ്ഞു. ആയിടക്കാണ് ഡി ആർ നാഗരാജിന്റെ ‘ജ്വലിക്കുന്ന പാദങ്ങൾ’ പ്രകാശനം ചെയ്യാൻ മനു ചക്രവർത്തി തൃശ്ശൂരിൽ എത്തിയത്. അദ്ദേഹവുമായുള്ള സംഭാഷണങ്ങൾക്കിടയിലാണ് ‘ഊരുകേരി’ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുള്ള തീരുമാനമായത്.
ഫോൺ സംഭാഷണം നടന്നതിന് തൊട്ടടുത്ത രാത്രി അദ്ദേഹം വീണ്ടുമെന്നെ വിളിച്ചു. ‘ഊരുകേരി’ തന്ന വായനാനുഭവം എന്തായിരുന്നു എന്ന ചോദ്യമായിരുന്നു ആദ്യം. ദീർഘമായി സംസാരിച്ചു. സാഹിത്യത്തെയും ജീവിതത്തെയും രാഷ്ട്രീയത്തെയും സ്പർശിച്ചുള്ള ആ സംസാരത്തിനിടയിലൊക്കെ അദ്ദേഹം തെളിഞ്ഞു ചിരിച്ചിരുന്നു.
‘ഊരുകേരി’യുടെ വിവർത്തനകാലയളവിൽ അദ്ദേഹവും മനു ചക്രവർത്തിയും എനിക്കൊപ്പമുണ്ടായിരുന്നു. സൂചനകളിലൂടെ മാത്രം കാലം കോറിയിട്ടാണ് സിദ്ദലിംഗയ്യ ‘ഊരുകേരി’യെ ആവിഷ്‌കരിച്ചിരിക്കു ന്നത്. അന്വേഷണത്തിന് ഒരുപാടിടങ്ങൾ സൂക്ഷിച്ചിട്ടുള്ള പുസ്തകം. വിവർത്തനത്തിനിടയിൽ ഉണ്ടായ സംശയങ്ങൾ ദൂരീകരിക്കാൻ ഒരുപാടു രാപ്പകലുകൾ ഇരുവരും എനിക്കൊപ്പം ഇരുന്നിട്ടുണ്ട്. വിവർത്തനകാല ത്തെ ആ കൂട്ടിരിപ്പ് അഗാധവും ദൃഢവുമായ ബന്ധമായി.
കവിതയോ ചരിത്രപുസ്തകമോ വിവർത്തനം ചെയ്യുന്ന പോലെയല്ല ആത്മകഥ വിവർത്തനം ചെയ്യുന്നത് എന്ന് എന്നെ ബോധ്യപ്പെടുത്തിയ കാലമായിരുന്നു അത്. കെൻ സരോവിവയുടെ ‘മൈസ്റ്റോറി’യുടെ വിവർത്തനത്തിൽ എനിക്ക് വിവർത്തകൻ എന്ന നിലയിൽ അറിയാനും അനുഭവിക്കാനും കഴിയാതിരുന്ന പാഠങ്ങളാണ് ‘ഊരുകേരി’യുടെ വിവർത്തനകാലം പകർന്നുതന്നത്. അത് എഴുത്തുജീവിതത്തിലേക്കുള്ള വലിയ പാഠമായി, ഒരു നിധിയായി അവശേഷിക്കുന്നു.
“പട്ടിണിയാൽ മരിക്കുന്നവർ,
ബോധം മറയും വരെ തൊഴിയേറ്റുവാങ്ങുന്നവർ
കാലുകളിലും കൈകളിലും പിടിച്ച്
മറ്റുള്ളവർക്കു മുന്നിൽ കെഞ്ചുന്നവർ,
അവർക്കു മുകളിലുള്ള ആരുടേയും ഭക്തർ.
ഇവരാണ്, ഇവരാണ് എന്റെ ജനത.”
എന്ന തിരിച്ചറിവായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ പോരാട്ടങ്ങളുടെയും ആന്തരസത്ത. ആ ജനതയാണ് അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തെയും രാഷ്ട്രീയ ജീവിതത്തെയും ഏറ്റവുമാഴത്തിൽ വ്യക്തിജീവിതത്തെയും രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കവിതകളിലും ആത്മകഥയിലും ഗവേഷണത്തിലും ഈ ജനത സജീവസാന്നിധ്യമാണ്.
ഗവേഷണത്തിന്റെ ഭാഗമായി രേഖകൾ പരിശോധിക്കാൻ ബെംഗലൂരുവിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിലെ ആർകൈവ്സിൽ പല ആഴ്ചകൾ പോയി താമസിക്കേണ്ടി വന്നിട്ടുണ്ട്. ആ കാലത്തൊക്കെ സായാഹ്നങ്ങളിൽ പലതും സിദ്ദലിംഗയ്യക്കൊപ്പം ചെലവിടാനായിട്ടുണ്ട്. ആ കൂടെയിരിക്കലുകളിലാണ് ഗ്രാമദേവതകളെക്കുറിച്ച് പറഞ്ഞത്. ദേവതകളുടെ ഗോത്രവേരുകളെക്കുറിച്ചും അവയുടെ സത്തയെക്കുറിച്ചും പരിണാമങ്ങളെക്കുറിച്ചും കുടിയേറ്റങ്ങളെയും റദ്ദാക്കലുകളെയും കുറിച്ചും ദേവതകളിൽ ദൈവികതയും പൈശാചികതയും ഇഴചേരുന്നതിനെക്കുറിച്ചുമെല്ലാം ദീർഘദീർഘമായി പറയുമായിരുന്നു. ഗ്രാമദേവതകളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കിടയിൽ തനിക്കുണ്ടായ അനുഭവങ്ങളുടെ ഇഴകളിലൂടെ കടന്നുപോയി തെളിഞ്ഞു ചിരിക്കുമായിരുന്നു.
“ഏതാണ് ദൈവാനുഭവം ഏതാണ് പൈശാചികം എന്ന് പറയാനാവാത്ത അത്ര ഇഴയടുപ്പത്തിലാണ് രണ്ടും കലർന്നിരിക്കുന്നത്. മൂർത്തികളെ തിരിച്ചു വച്ചാൽ പിശാചാവും അവിടെയുണ്ടാവുക. രണ്ടിനും വ്യത്യസ്തമായ അസ്തിത്വങ്ങൾ അല്ല ഉള്ളത്. പൈശാചികം എന്ന ഒന്നില്ല, എന്ന തെളിച്ചത്തിൽ ദൈവബോധത്തെ സമീപിച്ചാൽ സമൂഹത്തിൽ പല സ്ഥാപനങ്ങൾക്കും നിലനിൽപ്പുണ്ടാവുകയില്ല. തിന്മ നന്മയുടെ വിപരീതമല്ല, നന്മയുടെ ഉള്ളറകളിൽ എല്ലാം തിന്മയുടെ ഒരടരു കാണാം. തിരിച്ചും,” തെളിഞ്ഞ ചിരിയോടെയാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഓരോ കൂടിയിരിപ്പും ഓരോ സംഭാഷണവും ഓരോ വിതക്കാലമാണ് അദ്ദേഹത്തിന്. ചിന്തിക്കാൻ, വികസിപ്പിച്ചെടുക്കാൻ എന്തെങ്കിലും തരാതെ ഒരു കൂടിക്കാഴ്ചയും സംസാരവും അവസാനിച്ചിട്ടില്ല. അദ്ദേഹം പാകിയ വിത്തുകൾ സിദ്ധമുദ്രയുള്ള എത്രയോ ചെടികളായും മഹാവൃക്ഷങ്ങളായും നിറഞ്ഞ് നിൽക്കുന്നു ഉള്ളിൽ.
‘ഊരുകേരി’ പുതിയ പതിപ്പ് മലയാളത്തിൽ ഇറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലും പണികളിലുമായിരുന്നു കഴിഞ്ഞ രണ്ടു വർഷങ്ങളായി ഞങ്ങൾ. പുതിയ ഭാഗങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നതിനായി പോയ സമയത്താണ് അവസാനമായി കണ്ടത്. വിവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ച് നിരന്തരം അന്വേഷിക്കുമായിരുന്നു. തുമ്പാടി രാമയ്യയുടെ “മാനേഗാര’യുടെ വിവർത്തനത്തിനൊപ്പം ‘ഊരുകേരി’യുടെ പുതിയ പതിപ്പ് ഇറക്കാമെന്നായിരുന്നു ഹരി പറഞ്ഞിരുന്നത്. അതിനായുള്ള പണികളും നടന്നിരുന്നു. ഈ കെട്ടകാലത്തിനു ശേഷം ബെംഗലൂരുവിൽ വെച്ച് പുസ്തകത്തിന്റെ പ്രകാശനം നടത്തണം എന്ന ആഗ്രഹമാണ് സിദ്ധലിംഗയ്യ എപ്പോഴും പറഞ്ഞിരുന്നത്.
കോവിഡിന്റെ കെട്ടകാലം കഴിഞ്ഞില്ല. മരണം മണ്ണിലേക്കുള്ള മടക്കമാണെന്നും മരിച്ച ഓരോ ആളും മണ്ണിൽ നിന്ന് ദൈവമായി ഉയിർക്കുമെന്നുമാണ് സിദ്ധലിംഗയ്യ പറയാറുള്ളത്. എഴുതിയ കൃതികളും സുഹൃത്തുക്കളിൽ അവശേഷിപ്പിച്ച ഓർമ്മകളും ബാക്കി വച്ച് അദ്ദേഹം മടങ്ങിയിരിക്കുന്നു. മണ്ണിലേക്ക്.
The post സിദ്ധമുദ്രയുള്ള വിത്തുകൾ appeared first on Indian Express Malayalam.