ഒരു പക്ഷെ ഒരു വ്യക്തിയെ അവരുടെ അടുത്ത ബന്ധുക്കളേക്കാൾ കൂടുതൽ അറിയുന്നത് അവരുടെ സ്മാർട്ഫോണിനായിരിക്കും. കാരണം മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ സ്മാർട്ഫോണുകൾ അത്രത്തോളം ഇഴുകി ചേർന്നുകഴിഞ്ഞിരിക്കുന്നു. ഒരു ഫോൺ വാങ്ങിയാൽ അത് കേവലം ഫോൺവിളിക്ക് മാത്രമല്ല ഉപയോഗിക്കുന്നത്. ക്യാമറയായും ബാങ്ക് ആയും സുഹൃദ് സല്ലാപങ്ങൾക്കായും രഹസ്യ വിവര കൈമാറ്റങ്ങൾക്കായും രഹസ്യ വിവരങ്ങൾ സൂക്ഷിക്കാനുള്ള ഇടമായുമെല്ലാം അത് ഉപയോഗിക്കപ്പെടുന്നു.
അതുകൊണ്ടുതന്നെ പഴയ ഫോണുകൾ കൈമാറ്റം ചെയ്‌യുന്നതിന് അതിന്റേതായ അപകടമുണ്ട്. സൈബർലോകത്ത് 100 ശതമാനം രഹസ്യാത്മകത പാലിക്കാൻ സാധിക്കില്ല എന്നാണ് പറയപ്പെടുന്നത്. സുരക്ഷയ്‍ക്കായുള്ള ജാഗരൂഗതയാണ് അവിടെ ആവശ്യം. പഴുതുകൾ അടച്ചുകൊണ്ടിരുന്നില്ലെങ്കിൽ സുരക്ഷാവീഴ്ചയുണ്ടാവും.
ഫോണുകളിൽ നിങ്ങളുടെ പലതുമുണ്ടാവാം. ഫോൺ നമ്പറുകൾ മുതൽ നിങ്ങളുടെ നഗ്നചിത്രങ്ങളും വീഡിയോകളും വരെ ഉണ്ടാവാം. അത് മറ്റൊരാളുടെ കൈവശമെത്തിയാൽ എന്തായിരിക്കാം സംഭവിക്കുക?
സുരക്ഷിതത്വം എത്രത്തോളം?
പുറത്തറിയരുത് എന്ന് നിങ്ങൾ ആഗ്രഹിക്കുന്ന സുപ്രധാന വിവരങ്ങൾ ഫലപ്രദമായി നീക്കം ചെയ്തതിന് ശേഷം മാത്രമേ സ്മാർട്ഫോണുകളും ലാപ്ടോപ്പുകളുമെല്ലാം കൈമാറ്റം ചെയ്‌യാവൂ എന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. അല്ലാത്തപക്ഷം അത് അപകടകരമാണ്.
കുറഞ്ഞത് 3500 രൂപയോളം വിലയ്‍ക്കാണ് ഒരാളുടെ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കപ്പെടുന്നത് എന്നാണ് സൈബർ സുരക്ഷാ സ്ഥാപനമായ കാസ്പർസ്കീയെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്‌യുന്നത്.
സുരക്ഷിതമായി പഴയ ഫോണുകൾ നിർമാർജനം ചെയ്തില്ലെങ്കിൽ അത് ചിത്രങ്ങൾ, കോൺടാക്റ്റുകൾ, മെസേജുകൾ, ചാറ്റുകൾ, പാസ് വേഡുകൾ, തിരിച്ചറിയിൽ രേഖകൾ, സാമ്പത്തിക വിവരങ്ങൾ പോലുള്ള വിവരങ്ങൾ ചോരുന്നതിന് ഇടയാക്കും.
നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌യപ്പെടാം, നിങ്ങളുടെ പേരിൽ ആൾമാറാട്ടം നടക്കാം. സാമ്പത്തിക നഷ്ടമുണ്ടാകാം. ഡാറ്റാ റിക്കവറി സ്ഥാപനമായ സ്റ്റെല്ലർ സിഇഒ സുനിൽചന്ദ്ന പറയുന്നു.
കേവലം ഫോൺ റീസെറ്റ് ചെയ്തത് കൊണ്ടുമാത്രം നിങ്ങളുടെ ഡാറ്റ നീക്കം ചെയ്‌യപ്പെടുമെന്ന് പറയാനാകില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. അവ റിക്കവറി സോഫ്റ്റ് വെയറിലൂടെ തിരിച്ചെടുക്കാൻ സാധിച്ചേക്കും. ശരിയായ രീതിയിൽ ഫോണുകൾ ക്ലീൻ ചെയ്തതിന് ശേഷംമാത്രമേ അവ വിൽക്കാനും കൈമാറാനും പാടുള്ളൂ.
ഇതിനായി നിരവധി സോഫ്റ്റ് വെയർ ടൂളുകൾ ലഭ്യമാണ്. ബിറ്റ്റേസർ (Bitraser) പോലുള്ള അംഗീകൃതവും സുരക്ഷിതവുമായ പ്രൊഫഷണൽ ഡാറ്റ ഇറേസർ ടൂളുകൾ ഉപയോഗിച്ച് അത് സാധ്യമാവും. റിക്കവർ ചെയ്‌യാനാകാത്ത വിധം ഉപകരണങ്ങളിലെ ഡാറ്റ നീക്കം ചെയ്‌യാൻ ഇത്തരം ടൂളുകൾക്കേ സാധിക്കൂ. അത്തരം ടൂളുകൾ പഴയ ഡാറ്റയ്‍ക്ക് മേൽ മറ്റ് ഡാറ്റകൾ ഓവർ റൈറ്റ് ചെയ്‌യുകയാണ് ചെയ്‌യുക.
ഇങ്ങനെ ഒക്കെ ആണെങ്കിലും പഴയ ഫോണുകളും മെമ്മറി കാർഡുകളും, ഹാർഡ് ഡിസ്കുകളും നശിപ്പിക്കുന്നതല്ലാതെ ഡാറ്റ ചോരാതിരിക്കാൻ ഏറ്റവും മികച്ച മാർഗങ്ങളില്ല.
Content Highlights: Is It Safe to Sell Your Old Phone