തിരുവനന്തപുരം:ഐ.എസ്. ഭീകരരുടെ വിധവകളും നിലവിൽ അഫ്ഗാനിസ്താൻ ജയിലിൽ കഴിയുകയും ചെയ്യുന്ന ഇന്ത്യൻ വനിതകളെ മടക്കിക്കൊണ്ടുവന്നേക്കില്ലെന്ന കേന്ദ്രനിലപാടിനോട് വൈകാരികമായി പ്രതികരിച്ച് തിരുവനന്തപുരം സ്വദേശിനി ബിന്ദു.
ബിന്ദുവിന്റെ മകൾ നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ള നാലുപേരുടെ കാര്യത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതായി വാർത്തകൾ പുറത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ സർക്കാർ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിന്ദു.
ജയിലിൽ കഴിയുന്നവരെ ഡീപോർട്ട് ചെയ്യാമെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചിട്ടും ഇന്ത്യൻ സർക്കാർ അതിന് മറുപടി നൽകിയില്ലെന്നതിനോട് വളരെ വൈകാരികമായാണ് ബിന്ദു പ്രതികരിച്ചത്.
ഒരു ഇന്ത്യക്കാരി എന്ന നിലയിൽ തന്റെ മനുഷ്യാവകാശമല്ലേ അത്. ഞാൻ ഈ ഇന്ത്യക്കുള്ളിലാണ് ജീവിക്കുന്നത്. ഞാൻ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകൾ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുൻപ് അന്നിരുന്ന കേരള സർക്കാരിനെയും അന്നിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവർ എന്തുകൊണ്ട് അത് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലൻ വിടുന്നത്? സെപ്റ്റംബർ 11- മുതൽ അമേരിക്കൻ സൈന്യത്തെഅഫ്ഗാനിസ്ഥാനിൽനിന്ന് പിൻവലിക്കുകയാണ്. അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്? – ബിന്ദു മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.
അവർ ഇപ്പോഴും അപകടകാരികളാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടക്കം റിപ്പോർട്ട് എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ- അത് തനിക്കറിയില്ലെന്നും അതെല്ലാം ചെയ്യേണ്ടത് സർക്കാർ ആണെന്നും ബിന്ദു പറഞ്ഞു. ഐ.എസിലേക്ക് പോകാൻ പ്രേരിപ്പിച്ചവർ ഇന്ത്യയിൽ ഇപ്പോഴും താമസിക്കുന്നില്ലേയെന്നും അവർ ആരാഞ്ഞു. തന്റെ മകളും പേരക്കുട്ടിയും അടക്കമുള്ളവർ സെപ്റ്റംബർ 11- കഴിഞ്ഞാൽബോംബ് ഭീഷണിയുടെ നടുവിലാണെന്നും അവർ പറഞ്ഞു.
മകൾ ജയിലിൽ ആണെന്ന് അറിഞ്ഞിട്ട് ഒന്നര വർഷമായി. ഡൽഹിയിലെ പല വഴികളിലൂടെ ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനുമെല്ലാം മെയിൽ അയച്ചിരുന്നു. പക്ഷെ ആരും മറുപടി തന്നില്ല. യുവതികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തിൽ ഇന്ത്യൻ സർക്കാർ മറുപടി പറയാത്തത് ഇന്ത്യക്കാരി എന്ന നിലയിൽ തന്നെ ഞെട്ടിച്ചെന്നും ബിന്ദു പറഞ്ഞു.
content highlights:nimisha fathimas mother bindu on centres stand