
വിൻഡോസ് 10 അവതരിപ്പിച്ചതിന് ശേഷം വിൻഡോസിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാൻ പോവുകയാണ് മൈക്രോസോഫ്റ്റ്. വിൻഡോസ് 10-ന് ശേഷം ഇനിയൊരു പുതിയ വിൻഡോസ് പതിപ്പ് ഉണ്ടാവില്ലെന്ന് നേരത്തെ കമ്പനി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ജൂൺ 24-ന് നടക്കാനിരിക്കുന്ന വിൻഡോസ് ഇവന്റിന് വലിയ പ്രചരണ പരിപാടികളാണ് കമ്പനി നടത്തിവരുന്നത്.
തുടക്കത്തിൽ പുതിയ ഫീച്ചർ അപ്ഡേറ്റുകളാണ് അവതരിപ്പിക്കാനൊരുങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ഒരു പുതിയ വിൻഡോസ് ഓഎസ് പതിപ്പ് തന്നെ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത് എന്ന് തന്നെയാണ് ടെക്ക് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്‌യുന്നത്. അത് വിൻഡോസ് 11 എന്ന പേരിലായിരിക്കുമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്നു ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.
അതിനിടെയാണ് ജൂൺ 24-ന് നടക്കുന്ന വിൻഡോസ് ഇവന്റിന്റെ ടീസർ എന്നോണം ഒരു 11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കമ്പനി പുറത്തുവിട്ടത്. വിൻഡോസ് 95, വിൻഡോസ് എക്സ്പി, വിൻഡോസ് 7 എന്നിവയുടെ സ്റ്റാർട്ട്അപ്പ് ഓഡിയോ 4000 ശതമാനം വേഗത കുറച്ചുകൊണ്ട് ഒരു ധ്യാനത്തിനായി ഉപയോഗിക്കുന്ന മെഡിറ്റേറ്റീവ് ഓഡിയോ രൂപത്തിൽ പുറത്തിറക്കിയത്.
ജൂൺ 24-ലെ പരിപാടിയെ കുറിച്ചുള്ള ആവേശം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ എന്ന് ചോദ്യമാണ് വീഡിയോയ്‍ക്ക് കുറിപ്പായി മൈക്രോസോഫ്റ്റ് നൽകിയത്. ആ ആവേശം ശമിപ്പിക്കാനുള്ള റിലാക്സിങ് ഓഡിയോ ആയാണ് ടീസർ പുറത്തുവിട്ടത്.
പുതിയ പതിപ്പിനെ കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം വിൻഡോസ് 95, എക്സ്പി, 7 തുടങ്ങിയ പഴയ ജനപ്രിയ വിൻഡോസ് പതിപ്പുകളെയെല്ലാം മൈക്രോസോഫ്റ്റ് ആവർത്തിച്ച് പരാമർശിക്കുന്നുണ്ട്. ഈ പതിപ്പുകളെ ഓർമിപ്പിക്കും വിധത്തിലുള്ള മാറ്റങ്ങളായിരിക്കാം പുതിയ പതിപ്പിൽ തയ്‌യാറാക്കിയിരിക്കുന്നത്.
വിൻഡോസിന്റെ വരും തലമുറ എന്നാണ് കമ്പനി പുതിയ പതിപ്പിനെ വിശേഷിപ്പിക്കുന്നത്. അതിനെ വിൻഡോസ് 11 എന്ന് വിളിച്ചാലും ഇല്ലെങ്കിലും യൂസർ ഇന്റർഫേയ്സിൽ സമൂലമാറ്റങ്ങൾ അവതിരിപ്പിക്കാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: windows 11 microsoft releases teaser video windows event june 24











