പണം സൂക്ഷിക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചിരുന്നുവെന്ന് സുന്ദര പോലീസിന് മൊഴി നൽകിയിരുന്നു. ഇതുപ്രകാരം നടത്തിയ പരിശോധനയിൽ സുഹൃത്തിൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കണ്ടെത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. സുന്ദരയുടെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യും. ബാക്കിയുള്ള തുക വീട്ടിലെ ആവശ്യങ്ങൾക്കും മരുന്നുകൾക്കുമായി ഉപയോഗിച്ചുവെന്ന് സുന്ദര വ്യക്തമാക്കിയിരുന്നു.
സുന്ദരയ്‌ക്ക് പണത്തിനൊപ്പം നൽകിയ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട അന്വേഷണവും ആരംഭിച്ചു. ഫോൺ വാങ്ങിയ കടയിലെത്തി അന്വേഷണസംഘം പരിശോധന നടത്തി സി സിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞതിനാൽ കടയിലെ സിസിടിവി പകർത്തിയ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌ക്കിൽ നിന്നും ലഭ്യമായില്ല. ഇതോടെ സമീപത്തെ കടകളിലെ സിസിടിവികൾ പോലീസ് പരിശോധിക്കുന്നുണ്ട്. സുന്ദരയ്‌ക്ക് ഫോൺ വാങ്ങിയ കടകളിലെ ജീവനക്കാരിൽ നിന്നും മൊഴി ശേഖരിച്ചു.
നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സുന്ദരയുടെ മൊഴി പ്രകാരം ജാമ്യമില്ല വകുപ്പുകളായ തട്ടിക്കൊണ്ട് പോകൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും എഫ്ഐആറിൽ ചേർക്കാനാണ് പോലീസ് ശ്രമം നടത്തുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു. പണം നൽകിയതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രാദേശിക നേതാക്കളും കേസിലെ പ്രതികളാക്കും.