ഇങ്ങനെയൊരു സ്റ്റിങ് ഓപ്പറേഷൻ മുമ്പ് കേട്ടിട്ടുണ്ടാവില്ല. കുറ്റവാളികൾക്കിടയിൽ രഹസ്യമായി എൻക്രിപ്റ്റഡ് ഫോണുകൾ വിതരണം ചെയ്‌യുക, പിന്നീടങ്ങോട്ട് നാട്ടിലെ സകല കുറ്റവാളികളുടേയും ആശയവിനിമയങ്ങൾ നിരന്തരം നിരീക്ഷിക്കുക, കുറ്റകൃത്യങ്ങളുടെ വ്യക്തമായ വിവരമറിഞ്ഞ് നടപടി സ്വീകരിക്കുക, കുറ്റവാളികളെ ഓരോരുത്തരായി പിടികൂടുക. അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അഥവാ എഫ്ബിഐ ആണ് അത്യപൂർവമായൊരു സ്റ്റിങ് ഓപ്പറേഷൻ നടത്തിയത്.
നമ്മുടെ നാട്ടിലേത് പോലല്ല, അമേരിക്കൻ നാടുകളിലെ കള്ളക്കടത്ത് സംഘങ്ങളും മയക്കുമരുന്നു മാഫിയയുമെല്ലാം ഹൈടെക്കായിട്ട് കുറേ കാലമായി. വിവരങ്ങൾ കൈമാറാൻ അവർ എൻക്രിപ്റ്റഡ് ഉപകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. 2018-ൽ കുറ്റവാളികൾക്കിടയിൽ വ്യാപകമായി ഉപയോഗത്തിലിരുന്ന ഫാന്റം സെക്വർ എന്ന എൻക്രിപ്റ്റഡ് ഫോൺ ശൃംഖലയെ പോലീസ് തകർത്തതോടെയാണ് ഈ പുതിയ സ്റ്റിങ് ഓപ്പറേഷന് വഴിയൊരുങ്ങിയത്.
നിയമക്കുരുക്കിലായ ഫാന്റം സെക്വർ ഫോണിന്റെ നിർമാതാക്കൾ തങ്ങൾ അനോം (Anom) എന്ന പേരിൽ മറ്റൊരു പുതിയ എൻക്രിപ്റ്റഡ് ഉപകരണം നിർമിക്കുന്നുണ്ടെന്ന് പോലീസിനെ അറിയിച്ചു. ഈ സംവിധാനത്തിന്റെ സേവനം എഫ്ബിഐയ്‍ക്കും ഓസ്ട്രേലിയൻ ഫെഡറൽ പോലിസിനും അവർ വാഗ്ദാനം ചെയ്തു. തങ്ങൾക്കുമേൽ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കി കിട്ടുന്നതിനാണ് ഇങ്ങനെ ഒരു ഓഫർ അവർ മുന്നോട്ടുവെച്ചത്.
ഇതോടെ പുതിയ അനോം ഫോൺ നിലവിലുള്ള വിതരണ ശൃംഖലയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. ഫാന്റം ഫോണിന്റെ ഉപയോക്താക്കളായിരുന്ന സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ആളുകൾ പുതിയതും കൂടുതൽ സുരക്ഷയും വാഗ്ദാനം ചെയ്തെത്തിയ അനോം ഫോണുകൾ സ്വന്തമാക്കി. എൻക്രിപ്റ്റഡ് സേവനം വാഗ്ദാനം ചെയ്‌യുന്നവയായിരുന്നുവെങ്കിലും എൻക്രിപ്ഷൻ പൊളിക്കാനുള്ള താക്കോൽ കമ്പനി പോലീസിന് കൈമാറിയുന്ന കാര്യം ഫോണുകൾ വാങ്ങിയ ആരും തന്നെ അറിഞ്ഞില്ല.
അനോം ഫോൺ ഉപയോഗിച്ചുള്ള വിവര കൈമാറ്റങ്ങളെ ഡിക്രിപ്റ്റ് ചെയ്‌യാനുള്ള മാസ്റ്റർ കീ എഫ്ബിഐയുടേയും ഓസ്ട്രേലിയൻ ഫെഡറൽ പോലീസിന്റെയും കയ്‌യിലുണ്ടായിരുന്നു. പിന്നീടങ്ങോട്ട് നാട്ടിലെ കുറ്റവാളികളിൽ വലിയൊരു വിഭാഗം പോലീസിന്റെ വലയിലായി. കൊക്കേയ്ൻ പോലുള്ള മയക്കുമരുന്നുകളുടെ ചിത്രങ്ങളും അത് എങ്ങനെയാണ് കള്ളക്കടത്ത് നടത്തുന്നത് എന്ന വിവരങ്ങളും ഇതുവഴി കൈമാറ്റം ചെയ്‌യപ്പെട്ടു. എല്ലാം പോലീസ് അറിയുകയും ചെയ്തു.
അനോം ഉപയോക്താക്കളിൽ ഭൂരിഭാഗവും ഓസ്ട്രേലിയക്കാരായിരുന്നു. എന്നാൽ ജർമനി, നെതർലാൻഡ്, സ്പെയ്ൻ, സെർബിയ ഉൾപ്പടെ 90 രാജ്യങ്ങളിൽ അനോം ഉപയോക്താക്കൾ ഉണ്ടായിരുന്നു. അതിനിടെ, 2021-ൽ സ്കൈ ഗ്ലോബൽ എന്ന മറ്റൊരു എൻക്രിപ്റ്റഡ് ആശയവിനിമയ സംവിധാനം കൂടി പോലീസ് അടച്ചുപൂട്ടിയതോടെ കൂടുതൽ ആളുകൾ അനോം നെറ്റ്വർക്കിലേക്ക് കടന്നുവന്നു.
300 ക്രിമിനൽ സിൻഡിക്കേറ്റുകൾ അനോം ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അനോം ഡാറ്റ ഉപയോഗിച്ചുള്ള നേരിട്ടുള്ള നടപടികളേക്കാളുപരി, ഇത്തരം എൻക്രിപ്റ്റഡ് ആശയവിനിമയ സംവിധാനങ്ങൾക്ക് മേൽ കുറ്റവാളി സംഘങ്ങൾ വെച്ചുപുലർത്തിയിരുന്ന അമിതവിശ്വാസത്തിൽ വിള്ളലേൽപ്പിക്കാൻ ഈ ഓപ്പറേഷനിലൂടെ സാധിച്ചുവെന്നും അവർ പറഞ്ഞു.
Content Highlights: fbi, afp sting operation with anom encrypted devices