ലണ്ടൻ/ കാനഡ> കാനഡയിലെ ലണ്ടനില് മുസ്ലിം കുടുംബത്തിലെ നാലുപേരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തി. ഒരാള്ക്ക് ഗുരുതരമായി പരിക്കേറ്റു. മതവിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായര് രാത്രിയാണ് സംഭവം.
റോഡ് മുറിച്ചുകടക്കാന് സിഗ്നല് കാത്തുനിന്നവരെ മീഡിയന് മറികടന്നുവന്ന് പിക്ക്അപ്പ് ട്രക്ക് ഉപയോഗിച്ച് മനപൂര്വം ഇടിച്ചുവീഴ്ത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. 74, 44 പ്രായത്തിലുള്ള രണ്ട് സ്ത്രീകള്, 46 വയസുള്ള പുരുഷന്, 15 വയസുള്ള പെണ്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തില് അവശേഷിക്കുന്ന ഏക അംഗമായ ഒമ്പത് വയസുള്ള ആണ്കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് കാനഡക്കാരനായ ഇരുപതുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്ക്കെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരമുള്ള വകുപ്പുകള് ചുമത്തുന്ന കാര്യം പൊലീസ് പരിഗണിക്കുന്നുണ്ട്. ആക്രമണം ആസൂത്രിതമാണെന്ന് വെളിപ്പെടുത്തിയ പോലീസ് കൂടുതല് ആളുകളോ സംഘങ്ങളോ സംഭവത്തില് ഉള്പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ്.
കാനഡയിലെ പ്രധാനനഗരമായ ടൊറന്റോയില്നിന്ന് 200 കിലോമീറ്റര് മാറിയുള്ള ചെറുപട്ടണമായ ലണ്ടനില് അറബ് വംശജരാണ് ഏറ്റവും വലിയ ന്യൂനപക്ഷം. മലയാളികള് ഉള്പ്പെടെയുള്ള ദക്ഷിണേന്ത്യക്കാരാണ് രണ്ടാമത്.
ആക്രമണത്തെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അപലപിച്ചു. കൊല്ലപ്പെട്ടവര്ക്ക് ആദരാജ്ഞലികള് അര്പ്പിച്ച ഒണ്ടാരിയോ പ്രിമിയര് ഡഗ് ഫോര്ഡ് കാനഡയില് ഇസ്ലാംവിദ്വേഷണത്തിന് ഇടംനല്കില്ലെന്ന് വ്യക്തമാക്കി.
2017ല് ക്യുബക്കിലെ പള്ളിയില് ആറു പേരെ കൊലപ്പെടുത്തിയ ശേഷം കാനഡയില് മുസ്ലിം സമുദായത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. മുസ്ലിംവിദ്വേഷം വമിക്കുന്ന ഒട്ടേറെ സന്ദേശങ്ങള് സമീപകാലത്തായി കാനഡയില് പ്രചരിക്കുന്നുണ്ട്.