ചൊവ്വാഴ്ച രാവിലെ ലോകത്തെ ഒന്നിലധികം വെബ്സൈറ്റുകളുടെ പ്രവർത്തനം നിലച്ചതായി റിപ്പോർട്ട്. വാർത്ത വെബ്സൈറ്റുകളുടെയും സമൂഹ മാധ്യമങ്ങളുടെയും പ്രവർത്തനമാണ് നിലച്ചത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത് പ്രകാരം ആമസോൺ വെബ്സൈറ്റും തകരാർ നേരിട്ടു. റെഡിറ്റ്, ട്വിച്ച്, സ്പോട്ടിഫൈ, പിന്ററസ്റ്റ് എന്നിവയുടെയും പ്രവർത്തനത്തെ തകരാർ ബാധിച്ചു.
എന്നാൽ പ്രവർത്തനം നിലച്ച ശേഷം വെബ്സൈറ്റുകൾ വീണ്ടും ലഭ്യമാകാൻ ആരംഭിച്ചതായി റോയ്റ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മുൻനിര വാർത്താ വെബ്സൈറ്റുകളായ ഫിനാൻഷ്യൽ ടൈംസ്, ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, ബ്ലൂംബെർഗ് ന്യൂസ് എന്നിവയുടെ പ്രവർത്തനം നിലച്ചു. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ക്യോറയും ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാ വെബ്സൈറ്റുകളും ലഭ്യമായിട്ടുണ്ട്. പേപൽ, ഷോപ്പിഫൈ, വിമിയോ, ഹുലു തുടങ്ങിയ വെബ്സൈറ്റുകൾക്കും തകരാർ റിപ്പോർട്ട് ചെയ്തിരുന്നു.
“വലിയ ഇന്റർനെറ്റ് തകരാർ ഫാസ്റ്റിലിയുടെ കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്കിനെ ബാധിച്ചിരിക്കുന്നു” ഗാർഡിയന്റെ യുകെ ടെക്നോളജി റിപ്പോർട്ടർ അലക്സ് ഹെർന് ട്വിറ്ററിൽ കുറിച്ചു. യുകെ സമയം രാവിലെ 11 മണിയോട് കൂടിയാണ് തകരാർ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു, സൈറ്റിൽ പ്രവേശിക്കുന്നവർക്ക് സർവീസ് ലഭ്യമല്ലെന്ന നോട്ടിഫിക്കേഷനാണ് ലഭിച്ചിരുന്നത്.
The post ഇന്റർനെറ്റ് തകരാറിന് ശേഷം വെബ്സൈറ്റുകൾ വീണ്ടും ലഭ്യമായി appeared first on Indian Express Malayalam.