ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫോൺ കളഞ്ഞു പോവുക എന്നത് ആർക്കും തന്നെ ചിന്തിക്കാൻ കഴിയാത്ത ഒരു കാര്യമാണ്. ഫോൺ കളഞ്ഞു പോവുക എന്നാൽ ഫോണിന് കൊടുത്ത വില മാത്രമല്ല, അതിലെ ഫയലുകൾ, വിവരങ്ങൾ, ഫോൺ നമ്പറുകൾ, ചിത്രങ്ങൾ, വീഡിയോകൾ അങ്ങനെ അതിലെ നിങ്ങൾക്ക് വിലപ്പെട്ട പലതും നഷ്ടമാകും. എന്നാൽ ആൻഡ്രോയിഡ് ഫോണുകൾ കളഞ്ഞു പോയാൽ കണ്ടുപിടിക്കാനും അതിലെ ഫയലുകൾ ഡിലീറ്റ് ചെയ്യാനും ഒരു വഴിയുണ്ട്.
എന്നാൽ കളഞ്ഞു പോകുന്ന എല്ലാ ആൻഡ്രോയിഡ് ഫോണും കണ്ടുപിടിക്കാൻ സാധിക്കില്ല. ഫോൺ കണ്ടു പിടിക്കാൻ സാധിക്കണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ആവശ്യമാണ്. സെറ്റിങ്സിലെ ചില ഓപ്ഷനുകൾ ഓൺ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് ഫോൺ കണ്ടെത്താൻ സാധിക്കുക. അതുപോലെ ഫോൺ സ്വിച് ഓൺ ചെയ്ത അവസ്ഥയിലും ആയിരിക്കണം. ഫോൺ കണ്ടുപിടിക്കേണ്ടത് എങ്ങനെയെന്ന് പറയും മുൻപ് സെറ്റിങ്സിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിചയപ്പെടാം.
ആദ്യമായി, നേരത്തെ പറഞ്ഞത് പോലെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സ്വിച്ച് ഓൺ ചെയ്ത നിലയിലായിരിക്കണം. അതോടൊപ്പം ഫോണിലെ ലൊക്കേഷൻ സർവീസും ഓൺ ചെയ്ത നിലയിലായിരിക്കണം. അടുത്തതായി ഫോണിലെ ‘ഫൈൻഡ് മൈ ഡിവൈസ്’ എന്ന സവിശേഷത ഓൺ ചെയ്തിട്ടുണ്ടാകണം. അതുപോലെ ഗൂഗിൾ അക്കൗണ്ടിൽ ‘സൈൻ ഇൻ’ ചെയ്തിട്ടുണ്ടാവുകയും മൊബൈലിലെ നെറ്റ് ഓൺ ആയിരിക്കേണ്ടതും അത്യാവശ്യമാണ്. അതുപോലെ തന്നെ നിങ്ങൾക്ക് ഒരു ബാക്ക് അപ്പ് ഫോണോ, നഷ്ടപെട്ട ഫോണിന് ഒരു ബാക്ക്അപ്പ് കോഡോ ഉണ്ടെങ്കിലും സഹായകമാകും.
Read Also: ക്ലബ്ഹൗസിൽ എങ്ങനെ ക്ലബ് തുടങ്ങാം? അറിയാം
എങ്ങനെയാണ് ഫോൺ കണ്ടെത്തി ഫയലുകൾ ഡിലീറ്റ് ചെയ്യേണ്ടത്
സ്റ്റെപ് 1: നിങ്ങളുടെ കയ്യിലുള്ള മറ്റൊരു ആൻഡ്രോയിഡ് ഫോണിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യുക (നഷ്ടപെട്ട ഫോണിലെ ഗൂഗിൾ അക്കൗണ്ട് തന്നെയായിരിക്കണം)
സ്റ്റെപ് 2: ഗൂഗിൾ ബ്രൗസർ തുറന്ന ശേഷം ‘Find My Device’ എന്ന് സെർച് ചെയ്ത് ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് സൈറ്റിൽ കയറുക
സ്റ്റെപ് 3: നിങ്ങൾ വെബ്സൈറ്റിൽ കേറുന്നതോടെ നഷ്ടപെട്ട ഫോണിലേക്ക് നോട്ടിഫിക്കേഷൻ പോവുകയും ഫോണിന്റെ ലൊക്കേഷൻ നിങ്ങൾക്ക് അറിയാൻ സാധിക്കുകയും ചെയ്യും. നിലവിലെ ലൊക്കേഷൻ അല്ലെങ്കിൽ ഫോണിന്റെ അവസാന ലൊക്കേഷൻ അതിലൂടെ അറിയാൻ സാധിക്കും.
സ്റ്റെപ് 4: പേജിന്റെ താഴെയായി നിങ്ങൾക്ക് ഇനി മൂന്ന് ഓപ്ഷനുകൾ കാണാൻ സാധിക്കും. ‘പ്ലേ സൗണ്ട്, സെക്യൂർ ഡിവൈസ്, ഇറൈസ് ഡിവൈസ്’ എന്നീ ഓപ്ഷനുകളാണ് കാണാൻ സാധിക്കുക. ഇതിൽ ‘പ്ലേ സൗണ്ട്’ (Play Sound) കൊടുത്താൽ ഫോൺ സൈലന്റ് മോഡിലോ, വൈബ്രേഷൻ മോഡിലോ ആയാൽ പോലും തുടർച്ചയായി 5 മിനിറ്റ് വലിയ ശബ്ദത്തിൽ റിങ് ചെയ്യും.
രണ്ടാമത്തെ ഓപ്ഷനായ ‘സെക്യൂർ ഡേവിസ്’ (Secure Device) ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യാൻ സാധിക്കും. നിലവിൽ ഫോണിന് നൽകിയിരിക്കുന്ന പാസ്സ്‌വേർഡ്, പാറ്റേൺ ഉപയോഗിച്ചോ അല്ലെങ്കിൽ പുതിയൊരു പാസ്സ്‌വേർഡ് ഉപയോഗിച്ചോ ലോക്ക് ചെയ്യാവുന്നതാണ്. ഇതിൽ തന്നെ മറ്റാരുടെയെങ്കിലും കയ്യിലാണ് ഫോണെങ്കിൽ അവർക്കുള്ള മെസ്സേജ് അയക്കാനും നിങ്ങളെ വിളിക്കേണ്ട ഫോൺ നമ്പർ നൽകാനും സൗകര്യമുണ്ട്.
മൂന്നാമത്തെ ഓപ്ഷനായ ‘ഇറൈസ് ഡിവൈസ്’ (Erase Device) കൊടുത്താൽ ഫോണിലെ മുഴുവൻ ഫയലുകളും ഡിലീറ്റ് ചെയ്യപ്പെടും. നിങ്ങളുടെ ഫോണിലെ നമ്പറുകൾ മുതൽ ആപ്പുകൾ വരെ എല്ലാം തന്നെ ഡിലീറ്റ് ചെയ്യപ്പെടും. അതോട് കൂടി ഫോൺ പിന്നെ എവിടെയാണെന്ന് അറിയാൻ സാധിക്കാതെ വരും. അതുകൊണ്ട് തന്നെ ഫോൺ തിരികെ ലഭിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിലും ഈ ഓപ്ഷൻ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
The post ഫോൺ കളഞ്ഞു പോയാൽ എങ്ങനെ കണ്ടുപിടിക്കും? വഴിയുണ്ട് appeared first on Indian Express Malayalam.