രാത്രി
ഉന്തം കയറി വരുന്ന
ഒരു സ്കൂട്ടർ
അതിന്റെ വെളിച്ചം
കുത്തനെ കയറി
ആൾപ്പാർപ്പില്ലാത്ത
ഒരു ഗ്രഹത്തിൽ ചെന്നെത്തി
തിരിഞ്ഞു നോക്കി
പരുങ്ങി
ഇന്നാരെയാണ് കണികണ്ടതെന്ന്
അത് തല പുകഞ്ഞാലോചിച്ചു
മണ്ടകത്തിപ്പോയ തെങ്ങ്
കേറി പറേപ്പിക്കുന്ന
തേങ്ങവലിക്കാരന്റെ ഇളി
ഗാലറിയിൽ അനങ്ങി
വെളിച്ചം
കുറച്ചു നേരം കൂടി
നടന്നു നോക്കി
ഒരു പതാകയോ
മൂത്രത്തിന്റെ മണമോ
റിങ്ങ് ടോണോ
ഒന്നും തന്നെ കണ്ണിൽ പെടുന്നില്ല
തന്റേത് ഒരു വല്ലാത്ത വിധിയെന്ന്
ചെവി ചൊറിഞ്ഞു
മിസ്റ്റർ പ്രകാശവർഷം എന്ന്
പഠിക്കുമ്പം
ആരെക്കെയോ കളിയാക്കിയത്
എക്കിട്ട് കേറി
അടുത്ത നിമിഷം
പണ്ട് ആകാശത്തിലേക്ക് അടിച്ചു കളഞ്ഞ
ടോർച്ചു വെളിച്ചങ്ങളുടെ
രണ്ടാം തലമുറയിൽപെട്ട
ഒരു കുടുബം
കാറിൽ വന്ന് നിർത്തി
വഴി ചോദിക്കുന്നു
The post മിസ്റ്റർ പ്രകാശവർഷം-വിമീഷ് മണിയൂർ എഴുതിയ കവിത appeared first on Indian Express Malayalam.