ആഗോള സാങ്കേതികരംഗത്തെ ഭീമന്മാരാണെങ്കിലും ഗൂഗിൾ, ഫെയ്സ്ബുക്ക് പോലുള്ള വൻകിട കമ്പനികൾ എല്ലായ്പ്പോഴും സൈബറാക്രമണ ഭീഷണി നേരിടുന്നുണ്ട്. സാങ്കേതികവിദ്യയിലെ ചെറിയ പഴുതു പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. ഗൂഗിളിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്ന ഒരു സുരക്ഷാ വീഴ്ച കണ്ടെത്തി കമ്പനിയുടെ ഹാൾ ഓഫ് ഫെയിം അംഗീകാരത്തിന് അർഹനായിരിക്കുകയാണ് ഒരു മലയാളി.
മൂവാറ്റുപുഴ സ്വദേശി ഹരിശങ്കറാണ് ഗൂഗിളിന്റെ ഒരു സബ്ഡൊമൈനിലെ ടെക്സ്റ്റ് ബോക്സിലെ വലിയൊരു സുരക്ഷാവീഴ്ച കണ്ടെത്തിയതിന് ഗൂഗിളിന്റെ അംഗീകാരത്തിന് അർഹനായത്. ഗൂഗിൾ സേവനങ്ങളിൽ വിവരങ്ങൾ തിരയുന്നതിനായി വാക്കുകൾ ടൈപ്പ് ചെയ്‌യുന്നയിടമാണ് ടെക്സ്റ്റ് ബോക്സ്. ഇവിടെ ചില കോഡുകൾ പ്രവർത്തിപ്പിച്ച് ഉപയോക്താവിനെ മറ്റ് സൈറ്റുകളിലേക്ക് വഴി തിരിച്ചുവിടാൻ സാധിക്കുമായിരുന്ന വീഴ്ചയാണ് ഹരിശങ്കർ കണ്ടെത്തി ഗൂഗിളിനെ അറിയിച്ചത്.
ഇത്തരം തെറ്റുകൾ കണ്ടെത്തുന്നവർക്കായി പ്രതിഫലത്തുകയും അംഗീകാരവും നൽകുന്ന പരിപാടിയാണ് ഹാൾ ഓഫ് ഫെയിം. നിരവധി എത്തിക്കൽ ഹാക്കർമാരും വിദഗ്ദരും ഇതിനായി ശ്രമിക്കാറുണ്ട്.
ഇത് രണ്ടാം തവണയാണ് ഹരിശങ്കർ ഹാൾ ഓഫ് ഫെയിമിന് അർഹനായിരിക്കുന്നത്. സ്കൂൾ പഠന കാലത്ത് ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് ഹരിശങ്കർ ഹാക്കിങ് പോലുള്ള സാങ്കേതികവിദ്യകൾ ഹരിശങ്കർ പഠിച്ചെടുത്തത്. പ്ലസ് വണിന് പഠിക്കുമ്പോഴാണ് ഗൂഗിൾ ഡാറ്റാബേസിൽ രഹസ്യമാക്കിവെച്ച വ്യക്തിവിവരങ്ങൾ ചോർത്താൻ സാധിക്കുമെന്ന് ഹരിശങ്കർ കണ്ടെത്തിയത്. അന്ന് ഹാൾ ഓഫ് ഫെയിമിന് അർഹനായ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി മാറി ഹരശങ്കർ. മറ്റ് പല മുൻനിര സേവനങ്ങളുടേയും വെബ്സൈറ്റുകളുടേയും സുരക്ഷാ വീഴ്ചകൾ ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. യിൽ 318-ാം റാങ്ക് ആണ് ഹരിശങ്കറിന്.
പ്ലസ്ടു കഴിഞ്ഞ് മർച്ചന്റ് നേവി കോഴ്സ് കഴിഞ്ഞ ഹരിശങ്കർ ഇപ്പോൾ ജോലിയിൽ പ്രവേശിക്കാനൊരുങ്ങുകയാണ്. നേരംപോക്കിന് തുടങ്ങിയ കംപ്യൂട്ടർ ഹാക്കിങും മറ്റും തൽക്കാലം നിർത്തിവെക്കാനൊരുങ്ങുകയാണെന്നും 20-കാരനായ ഹരിശങ്കർ പറഞ്ഞു.
Content Highlights: google hall of fame hari shankar moovattupuzha, Vulnerablity, Security Issue, Bug