തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴൽപ്പണം കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യും. ബിജെപിക്കാര്‍ മണ്ടന്മാരായതു കൊണ്ടാണ് അവരെ പോലീസ് പിടിച്ചത്. വെള്ളാപ്പള്ളി പറഞ്ഞു. കൊടകര കുഴൽപ്പണക്കേസിൽ ഇരുപതോളം പേര്‍ അറസ്റ്റിലാകുകയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സെക്രട്ടറി അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.
Also Read:
സംസ്ഥാനത്ത് നിലവിൽ പ്രതിപക്ഷം പോലുമില്ലാത്ത അവസ്ഥയാണുള്ളതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാശാബാധിതനായി കഴിയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ പുതിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ബഹുകേമനെന്നു വിശേഷിപ്പിച്ച വെള്ളാപ്പള്ളി അദ്ദേഹത്തിന് നിയമസഭയിൽ തിളങ്ങാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ പുറത്തുള്ള പ്രകടനത്തിൽ സതീശൻ വട്ടപ്പൂജ്യമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
Also Read:
ഇതിനിടെ കൊടകര വിഷയത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും നിയമസഭയിൽ ഏറ്റുമുട്ടി. കൊടകര കേസ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കുമോ എന്ന് ആശങ്കയുണ്ടെന്നായിരുന്നു വിഡി സതീശൻ്റെ ആരോപണം. പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ കൊടകര സംഭവം അടിയന്തര പ്രമേയ നോട്ടീസായി സഭയിൽ അവതരിപ്പിച്ചതിനു പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. എന്നാൽ കുഴൽപ്പണക്കേസിൽ അന്വേഷണം തുടരുകയാണെന്നും ഇതിനോടകം ഇരുപതോളം പേര്‍ അറസ്റ്റിലായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേസിൽ പ്രത്യേക അന്വേഷണസംഘമാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നതെന്നും സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.