പാട്ട് പാടണോ, നാടകം സിനിമ ചർച്ച ചെയ്‌യണോ? എന്തിനു, മുൻ ഭാര്യയോടോ ഭർത്താവിനോടോ സോള്ളണോ? എന്തിനും ക്ലബ്ഹൗസ് സജ്ജം. സാമൂഹിക ജീവിയായ മനുഷ്യന്റെ ആളുകളുമായി ബന്ധപെടാനും കഥകൾ കേൾക്കാനുമുള്ള ത്വര ശമിപ്പിക്കാൻ ഓഡിയോ ചാറ്റിഗിലൂടെ സാധ്യമാകുന്ന ഒരു സൈബർകൂട്ടായ്മ. ഈ ഹൌസിലേക്ക് ചേക്കേറിയിരിക്കുവാണ് ഭൂരിഭാഗം മലയാളികളും.
ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സമൂഹമാധ്യമ ആപ്പാണ് ക്ലബ്ഹൗസ്. എന്ത് പുതുമയും കൈയോടെ സ്വീകരിക്കുന്ന മലയാളികൾ കൂട്ടത്തോടെ ഒഴുകുകയാണ് ഈ ഹൗസിലേക്ക്. പേടിയോ സന്ദേഹമോ കൂടാതെ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പറ്റുന്ന ഒരു ലൈവ് ശബ്ദ ചാറ്റ്. ഒരു തരത്തിലുമുള്ള റെക്കോർഡിങ്ങും സാധ്യമല്ല. അതുപോലെ റെഫറൻസ് വഴി അല്ലെങ്കിൽ ഇൻവിട്ടേഷൻ വഴി മാത്രമായിരുന്നു ആളുകൾക്ക് പ്രവേശനം. ലിമിറ്റഡ് എഡിഷൻ മാർക്കറ്റിംഗ് തന്ത്രം പോലെ ആണ് ക്ലബ് ഹൗസ് സ്വീകരിച്ചിരിക്കുന്ന ഒരു ബിസിനസ് തന്ത്രം.
നേരത്തെ സീറ്റ് പിടിച്ചില്ലെങ്കിൽ ഞാൻ ഒറ്റപെട്ടു പോകുമോ, എനിക്ക് എന്തെങ്കിലും നഷ്ടപെടുമോ എന്ന ഭയം ആളുകളിൽ ഉണ്ടാക്കി എടുക്കാനും ഒരുതരം ബാൻഡ് വാഗൻ എഫ്ഫക്റ്റ് വളർത്തി എടുക്കാനും ഈ ഹൗസിന് കഴിഞ്ഞുവെന്നതാണ് വസ്തുത. ഒരു ഇൻവൈറ്റ് കിട്ടാൻ ഓടി നടക്കുന്ന പലരും ഇപ്പോഴുമുണ്ട്. ഒരാൾക്ക് എട്ട് ഇൻവൈറ്റ് ആണ് ഉണ്ടാകുക. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് യൂസർനെയിം വഴി ക്ലബ് ഹൗസിൽ അംഗത്വം എടുക്കാൻ ഉള്ള മാർഗവും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്.
മാർച്ച് 2020-ൽ ഐ.ഒ.എസ് പ്ലാറ്റ്ഫോമ്മിൽ തുടങ്ങിയ ക്ലബ്ഹൗസ് 2021 മെയിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലേക്ക് കളം മാറ്റി ചവിട്ടിയപ്പോൾ വളരെയധികം ആളുകൾ ക്ലബ് ഹൗസിൽ ചേക്കേറി. ലോക്ഡൗൺ കാരണം പുറത്തിറങ്ങാനും ആളുകളെ കാണാനും കഴിയാത്തവർക്ക് സംസാരിക്കാനും വളരെ അധികം ആശ്വാസമായി മാറി ക്ലബ് ഹൗസ്. വർക്ക് ഫ്രം ഹോമിന്റെ വിരസത ഒഴിവാക്കാനും, കൂട്ടം കൂടാനും ഇഷ്ടങ്ങൾ പങ്കു വയ്കാനും, പഠിക്കാനും ക്ലബ് ഹൗസ് സഹായകരമാകുന്നു .
മതിലുകൾ എന്ന സിനിമയിലെ മതിലിന് രണ്ടു വശങ്ങളിൽ നിന്ന് തമ്മിൽ കാണാതെ സംസാരിക്കുന്ന രണ്ടു കഥാപാത്രങ്ങളെ പോലെ അനേകം ആളുകളെ പങ്കെടുപ്പിച്ച് മനുഷ്യന്റെ ശബ്ദവും അതിലെ വികാരങ്ങളും അപ്രകാരം ഉള്ള ആശയവിനിമയവും ആണ് ക്ലബ് ഹൗസിലെ പ്രത്യേകത. മുഖം കാണിക്കേണ്ട എന്നുള്ളതും ഒരു തരത്തിൽ സൗകര്യപ്രദമാണ്. റെക്കോർഡിങ്ങ് ഇല്ലാത്തതിനാൽ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന പേടിയും വേണ്ട.
ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഏതെങ്കിലും വിഷയത്തെ കുറിച്ച് നാം അഭിപ്രായ പ്രകടനങ്ങൾ നടത്തിയാൽ അത് അച്ചടിച്ചത് പോലെ നമ്മുടെ പ്രൊഫൈലിന് താഴെ കിടക്കുകയും അത് നമ്മളെ ടൈപ്പ്കാസ്റ്റ് ചെയ്‌യപ്പെടുകയും ചെയ്‌യും. നാളെ ഈ അഭിപ്രായത്തിൽ മാറ്റമുണ്ടായാൽ പിന്നെ തേജോവധമാണ്. എന്നാൽ, ക്ലബ് ഹൗസ്സിൽ ഈ ഒരു അപകടത്തെ പേടിക്കേണ്ടതില്ല. വാക്കല്ലേ മാറ്റാൻ പറ്റൂ എന്ന് പണ്ടാരോ പറഞ്ഞത് പോലെ, ഇവിടെ പറഞ്ഞ കാര്യം അപ്പുറത്ത് മാറ്റി പറഞ്ഞാലും ആരും ചോദ്യം ചെയ്‌യാൻ വരില്ല. ഒരു റൂമിൽ പറഞ്ഞ കാര്യം അപ്പുറത്തെ റൂമിൽ പോയി മാറ്റി പറഞ്ഞാലും ചോദ്യം ചെയ്‌യാൻ ആരും വരില്ല.
നാട്ടിൻപുറത്തെ ചായകടയിലേതിന് സമാനമായി സൊറ പറഞ്ഞിരിക്കുന്നത് മുതൽ അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചകൾക്ക് വരെ ഈ ഹൗസിൽ വേദിയുണ്ട്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ റേസ് ദി ഹാൻഡ് എന്ന ബട്ടൺ അമർത്തിയാൽ മോഡറേറ്റർ നിങ്ങൾക്ക് സംസാരിക്കാനുള്ള അവസരമൊരുക്കും. വെറും കേൾവിക്കാരനായും ഇതിൽ തുടരാം.
പുസ്തക നിരൂപണം, പ്രോഡക്‍ട് ലോഞ്ച്, മീറ്റ് ദി സ്റ്റാർ തുടങ്ങിയുള്ള മാർക്കറ്റിങ്ങ്, ബ്രാന്റിങ്ങ് ആവശ്യങ്ങൾക്കും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം. സെമിനാറുകളോ ചർച്ചകളോ നയിച്ച വ്യക്തി, മുഖ്യ അതിഥി എന്നിങ്ങനെ ഉള്ളവർക്ക് ഫീസ് ഈടാക്കുന്നതിനുള്ള സൗകര്യം ഒരുങ്ങുന്നതും വിദൂരമല്ല. വിദേശങ്ങളിൽ ചെറിയ ഒരു ഗ്രൂപ്പിൽ അത് സാധ്യമായിട്ടുണ്ട്. ആദ്യ തവണ ഉപയോഗിക്കുന്ന ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് നമ്പർ ആവശ്യപ്പെടും ഇതുവഴി പണം ലഭ്യമാക്കുകയും ചെയ്‌യും.
ക്ലബ് ഹൌസ് ബഹളമയം ആണോ ?
പങ്കെടുക്കുന്ന ആളുകളുടെ ഉചിതം പോലെ ക്ലബ്ഹൗസ് ഉപയോഗിക്കാം. ചിലർക്ക് ഇത് നേരം പോക്കിനുള്ള ഇടമാണെങ്കിൽ ഒരു വിഭാഗത്തിന് ഇത് പലതരം ആളുകളുമായി സംവദിക്കുന്നതിനുള്ള മാർഗമാണ്. പ്രശസ്തരായ ആളുകളോട് സംസാരിക്കുന്നതിനുള്ള അവസരവും ഈ പ്ലാറ്റ്ഫോമിൽ ലഭിച്ചേക്കാം. കാര്യക്ഷമമായ ഉപയോഗത്തിലൂടെ അറിവ് ആർജിക്കാനും ഇവിടെ സാധ്യമാണ്.
ക്ലബ്ബ്ഹൗസ് കാര്യക്ഷമമായി ഉപയോഗിക്കാനുള്ള മാർഗം
1. ഉപയോഗിക്കുന്ന ആളിന്റെ പ്രൊഫൈൽ വ്യക്തമായി നൽകുക. നമ്മൾ സ്വയമായി നൽകുന്ന വിവരങ്ങളിലൂടെ നമ്മളെ ഫോളോ ചെയ്‌യാനും സാധിക്കും. കീ വേഡ് ഉപയോഗിച്ചുള്ള തിരച്ചിലുകളിൽ അപ്രകാരമുള്ള പ്രൊഫൈലുകൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടേക്കാം. ലിങ്കിഡ്ഇൻ, ഇൻസ്റ്റഗ്രാം ലിങ്ക് പ്രഫൈലുകൾ ഇതിൽ ഷെയർ ചെയ്‌യാനും സാധിക്കും.
2. ഒരു മോഡറേറ്റർ ആണെങ്കിൽ ക്ലബ് ഉണ്ടാക്കി സംസാരിക്കുമ്പോൾ കൃത്യമായും ആധികാരികമായി സംസാരിക്കുകയും ചർച്ച നയിക്കുകയും ചെയ്‌യുക.
3. ക്ലബിലെ അംഗങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് നല്ല വിഷയങ്ങൾ ചർച്ച ചെയ്‌യുക. അത്തരം വിഷയങ്ങളിൽ താത്‌പര്യമുളളവർ നമ്മളെ ഫോളോ ചെയ്‌യുകയും അത് ചർച്ചയുടെ മൂല്യം വർധിപ്പിക്കുകയും ചെയ്‌യും.
4. ഒരേ ക്ലബിലുള്ളവർക്ക് ക്ലോസ്ഡ് റൂം ഉണ്ടാക്കി മറ്റുള്ളവരെ മടുപ്പിക്കാതെ ചർച്ച ചെയ്‌യാനുള്ള അവസരവുമുണ്ട്. അതുവഴി മറ്റുള്ളവർക്ക് തുടങ്ങിയ ചർച്ചകൾ തുടർന്ന് പോകാനും സാധിക്കും.
ഹൗസിലെ തട്ടിപ്പുകളും വെട്ടിപ്പുകളും
എല്ലാ സോഷ്യൽ മീഡിയയിലേതും പോലെ ഇവിടെയും തട്ടിപ്പിനുള്ള സാധ്യതകൾ ഏറെയാണ്. ഇപ്പോൾ തന്നെ പല സിനിമ താരങ്ങളും തങ്ങളുടെ വ്യജൻമാരാണ് ഹൗസിൽ ഉള്ളതെന്ന് വെളിപ്പെടുത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ ആൾമാറാട്ടമാണ് ഇവിടെ ഉണ്ടാകുന്ന പ്രധാന വെല്ലുവിളി. പ്രതിദിനം 10 മില്ല്യൺ ആളുകൾ ഉപയോഗിക്കുന്ന ഈ ആപ്പിൽ സെൻസർഷിപ്പോ ചെക്കിങ്ങോ ഇല്ലാത്തതിനാൽ തന്നെ ആപ്പിന്റെ ആയുസും ചോദ്യചിഹ്നമാണ്.
നിയന്ത്രണങ്ങളില്ലാതെ ആളുകൾക്ക് എന്തും പറയാനുള്ള അവസരമുള്ളതിനാൽ തന്നെ, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയാനും വ്യക്തിഹത്യ നടത്താനും സൈബർ ആക്രമണങ്ങൾക്കും സാധ്യത ഏറെയാണ്. അതിവേഗം വളരുന്ന ഹൗസിൽ എന്നാണ് നിയന്ത്രണങ്ങൾ വരുത്തുകയെന്നും വ്യക്തമല്ല. നിയന്ത്രണങ്ങൾ വന്നാലും എത്രത്തോളം ദുരുപയോഗം തടയപ്പെടുമെന്നും ഉറപ്പ് പറയാനാകില്ല.
Content Highlights: Clubhouse- Drop In Audio Chat, Trending Social Media Platform